ദിവ്യബലി വായനകൾ Tuesday of week 9 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ

Tuesday of week 9 in Ordinary Time 
or Saints Marcellinus and Peter, Martyrs 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 24:16,18

കര്‍ത്താവേ, ദയതോന്നി എന്നെ കടാക്ഷിക്കണമേ,
എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്.
എന്റെ ദൈവമേ, എന്റെ വിനയവും അധ്വാനവും കടാക്ഷിക്കുകയും
എന്റെ എല്ലാപാപങ്ങളും പൊറുക്കുകയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ പരിപാലനം
അതിന്റെ സംവിധാനത്തില്‍ ഒരിക്കലും പരാജയമടയുന്നില്ലല്ലോ.
ഞങ്ങളങ്ങയോട് കേണപേക്ഷിക്കുന്നു;
എല്ലാ തിന്മകളും അകറ്റുകയും
ഞങ്ങളുടെ ക്ഷേമത്തിനുള്ളതെല്ലാം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 പത്രോ 3:11-15a,17-18
പുതിയ ആകാശവും പുതിയ ഭൂമിയും നാം കാത്തിരിക്കുന്നു.

പ്രിയപ്പെട്ടവരേ, ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.
ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍ വേണ്ടി ഉത്സാഹിക്കുവിന്‍. നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘക്ഷമ രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 90:2,3-4,10,14,16

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

പര്‍വതങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമുന്‍പ്,
ഭൂമിയും ലോകവും അങ്ങു നിര്‍മിക്കുന്നതിനുമുന്‍പ്,
അനാദി മുതല്‍ അനന്തതവരെ അവിടുന്നു ദൈവമാണ്.

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

മനുഷ്യനെ അവിടുന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു;
മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു.
ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയില്‍
കഴിഞ്ഞുപോയ ഇന്നലെപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

ഞങ്ങളുടെ ആയുഷ്‌കാലം എഴുപതുവര്‍ഷമാണ്;
ഏറിയാല്‍ എണ്‍പത്;
എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്;
അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും.

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.
അങ്ങയുടെ ദാസര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും
അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ!

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 12:13-17
സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.

അക്കാലത്ത്, യേശുവിനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവര്‍ അവന്റെ അടുത്തേക്ക് അയച്ചു. അവര്‍ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങള്‍ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവന്‍ പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ. അവര്‍ അതു കൊണ്ടുവന്നപ്പോള്‍ അവന്‍ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റെത് എന്ന് അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവര്‍ അവനെക്കുറിച്ച് വിസ്മയിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട്
സംപൂജ്യമായ അള്‍ത്താരയിലേക്ക്
കാഴ്ചകളുമായി ഞങ്ങള്‍ ഓടി അണയുന്നു.
ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങയുടെ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷചെയ്യുന്ന അതേ രഹസ്യങ്ങളാല്‍
ഞങ്ങള്‍ സംശുദ്ധരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 16: 6

ദൈവമേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
എന്തെന്നാല്‍, അങ്ങ് എനിക്ക് ഉത്തരമരുളും;
അങ്ങ് ചെവിചായിച്ച്, എന്റെ വാക്കുകള്‍ ശ്രവിക്കണമേ.
Or:
മര്‍ക്കോ 11:23,24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അതു നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ ശരീരരക്തങ്ങളാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഞങ്ങളെ
അങ്ങയുടെ ആത്മാവാല്‍ നയിക്കണമേ.
അങ്ങനെ, വാക്കാലും നാവാലും മാത്രമല്ല,
പ്രവൃത്തിയാലും സത്യത്താലും അങ്ങേക്ക് സാക്ഷ്യമേകി,
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment