പന്തക്കുസ്താതിരുനാൾ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി ആരാധനക്രമ പഞ്ചാംഗത്തിൽ ‘സംശുദ്ധ സ്വർണ്ണത്തിന്റെ തിരുനാൾ’ എന്നും, സീറോമലബാർ സഭയിൽ ഈ ദിനം സ്വർണ്ണവെള്ളി എന്ന പേരിലും ആഘോഷിക്കപ്പെടുന്നു. പത്രോസും യോഹന്നാനും കൂടി ജറുസലേം ദേവാലയ കവാടത്തിങ്കൽ ഭിക്ഷയാചിച്ചു കൊണ്ടിരുന്ന ഒരു മുടന്തനെ സുഖപ്പെടുത്തുന്ന സംഭവമാണ് ഇന്ന് അനുസ്മരിക്കുന്നത്. സ്വർണ്ണമോ വെള്ളിയോ പ്രതീക്ഷിച്ചത്രേ യാചകൻ പത്രോസിനോട് ഭിക്ഷ യാചിച്ചത്. സ്വർണ്ണത്തേക്കാൾ അമൂല്യമായ ഒരു ദാനമാണ് പത്രോസ് അയാൾക്ക് നൽകിയത്, ദൈവത്തിന്റെ കൃപാവരം. ദൈവത്തിന്റെ കൃപാവരത്തെ സംശുദ്ധ സ്വർണ്ണമെന്നാണ് പിതാക്കൻമാർ വിശേഷിപ്പിക്കുന്നത്. ദൈവകൃപയുടെ സ്വീകരണത്തിന്റെ ഫലമായിരുന്നു രോഗസൗഖ്യം. ഏറ്റവും വിലപ്പെട്ട ദൈവകൃപയുടെ സ്വീകരണത്തിന്റെ ആദ്യാനുഭവം കണ്ട ഈ ദിവസത്തെ സ്വർണ്ണവെള്ളിയെന്നു വിളിക്കുക എന്തുകൊണ്ടും അർത്ഥവത്താകുന്നു. ഭൗതികമായ എല്ലാ താല്പര്യങ്ങളെയും സ്വർഗ്ഗീയമായ കൃപാവരം നേടിയെടുക്കുവാൻ വേണ്ടി ഉപേക്ഷിക്കുവാൻ നാം തയ്യാറാകണം. നശ്വരമായവ നേടിയെടുക്കുവാൻ നാം അധ്വാനിക്കുന്നത് കുറയ്ക്കുമ്പോൾ നിത്യതയെ ലക്ഷ്യമാക്കിയുള്ള ജീവിതം വിജയിക്കും. ദൈവകൃപ കൊണ്ടു സമ്പന്നനായ പത്രോസിനെപ്പോലെ ഓരോ മിശിഹാനുയായിയും കൃപാവരത്താൽ സമ്പന്നനാകണം. ഇതു വഴി മിശിഹായെ മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നവരായി നമുക്ക് മാറാം. ഇതിനായി തീക്ഷണമായി ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ. 😍😍😍
സ്നേഹത്തോടെ
ജിജോ അച്ചൻ
(2020 June 05)

Leave a comment