ലൂസിഫർ
മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല,
അവന് ചേർന്ന ഇണയെ നൽകുമെന്ന് പറഞ്ഞാണ് ദൈവം ആദത്തിന് തുണയായ്
ഹവ്വയെ നൽകിയത് (ഉല്പ 2:18).
എന്നിട്ടെന്തു പറ്റി?
ചേർന്നിരുന്ന് ചേർന്നിരുന്ന്
അവർക്ക് മടുത്തു.
അങ്ങനെ ഹവ്വ ആദത്തിൽ നിന്നകന്ന് സാത്താനുമായി കൂട്ടായി.
സാത്താനവൾക്ക് പഴം കൊടുത്തപ്പോൾ
ആദത്തിനോടൊന്ന്
ചോദിക്കണമെന്നു പോലും
ഹവ്വക്ക് തോന്നിയില്ല.
ഒരു പക്ഷേ ആദവും ഹവ്വയും ഒരുമിച്ചായിരുന്നുവെങ്കിൽ
കാര്യങ്ങൾ പരസ്പരം
ആലോചിച്ചു ചെയ്തിരുന്നെങ്കിൽ
ആ വലിയ പതനം അവർക്കൊഴിവാക്കാമായിരുന്നു.
അല്ലെ?
ചേർന്നിരിക്കേണ്ടവർ
ചേർന്നിരിക്കാത്തപ്പോൾ
ഒരുമിച്ചിരിക്കേണ്ടവർ
ഭിന്നിച്ചിരിക്കുമ്പോൾ
അവരുടെ എകാന്തതയിൽ
കൂട്ടായ് വരുന്നവൻ്റെ
പേരാണ് സാത്താൻ.
പണ്ട് ദൈവത്തോടൊപ്പം
ഉണ്ടായിരുന്ന മാലാഖ
കൂട്ടത്തിൽ നിന്ന് മാറിയപ്പോഴാണല്ലോ യഥാർത്ഥ ലൂസിഫർ ആയി മാറിയത്?
കുടുംബമാകട്ടെ
സന്യാസ സമൂഹമാകട്ടെ
സഭയാകട്ടെ
ഏത് പ്രസ്ഥാനമാകട്ടെ
കൂട്ടം തെറ്റുമ്പോൾ
രൂപം കൊള്ളുന്നവരാണ്
ലൂസിഫർമാർ.
ഒന്നോർത്തു നോക്കിക്കേ
എപ്പോഴാണ് നമ്മളെ
ഏറ്റവും കൂടുതൽ
സാത്താൻ ആക്രമിക്കുന്നത്?
അത് നാം തനിച്ചായിരിക്കുമ്പോഴല്ലേ?
ഉദാഹരണത്തിന്:
ജീവിത പങ്കാളിയുടെ
സംസാരവും സാമീപ്യവും അരോചകമായിത്തുടങ്ങുമ്പോൾ
ഒറ്റയ്ക്കിരിക്കുവാൻ
ഇഷ്ടപെട്ടു തുടങ്ങുമ്പോൾ
പരസ്പര പങ്കുവയ്പുകളും
സംസാരങ്ങളും
കുറയുമ്പോളൊക്കെയല്ലെ
പല രൂപത്തിലും ഭാവത്തിലും
സാത്താൻ നമ്മുടെ ജീവിതത്തിൽ
പ്രവേശിക്കുന്നത്?
മക്കൾ പല കാര്യങ്ങളും
മാതാപിതാക്കളിൽ നിന്നും
മറച്ചുവയ്ക്കാനും
നുണ പറയാനും
വീട്ടിൽ വൈകി വരാനും
തുടങ്ങുന്നത് എപ്പോഴാണ്?
അവർക്ക് മാതാപിതാക്കളേക്കാൾ വിശ്വാസമുള്ള സൗഹൃദങ്ങൾ ആരംഭിക്കുമ്പോഴല്ലെ?
എന്തിനേറെ പറയുന്നു
കൂട്ടം വിട്ട് കൂട്ടു തേടി പോയതുകൊണ്ടല്ലെ
യൂദാസു വരെ ഒറ്റുകാരനായത്?
ബൈബിളിൽ ഇങ്ങനെ
ഒരു വചനമുണ്ട്:
“ഒറ്റയ്‌ക്കായിരിക്കുന്നവനെ
കീഴ്‌പ്പെടുത്താന്‍ സാധിച്ചേക്കാം.
രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല” (സഭാപ്രസംഗകന്‍ 4 :12).
അതു കൊണ്ടാണ് ക്രിസ്തു
ഒരുമയെക്കുറിച്ച് പ്രതിപാദിച്ചപ്പോൾ
താനും പിതാവുമായുള്ള
ഐക്യത്തെ പറ്റിയും
എപ്പോഴും ചേർന്ന് നിൽക്കുന്ന സത്യാത്മാവിനെക്കുറിച്ചും
പലയാവർത്തി ശിഷ്യന്മാരെ പഠിപ്പിച്ചത്
( Ref യോഹ 6:25-29).
പിന്നീട് അവർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോഴും
അവൻ പ്രധാനമായും പ്രാർത്ഥിച്ചത് ഐക്യത്തിനു വേണ്ടി മാത്രമായിരുന്നു
(Ref യോഹ 17).
കൂട്ടായ്മയിലായിരിക്കുക
ഒരുമയിലായിരിക്കുക
ഐക്യത്തിലായിരിക്കുക എന്നത്
ഒരു കൃപയാണ്.
അത് ഏറ്റവും കൂടുതൽ ഉള്ളത്
പരിശുദ്ധ ത്രിത്വത്തിലാണ്.
ഇന്നേ ദിവസം
ഐക്യത്തിനും ഒരുമയ്ക്കും വേണ്ടിയും
ഒന്നു പ്രാർത്ഥിക്കാമോ?
കൂടെ,
കൂട്ടം തെറ്റി പോയവർക്കു വേണ്ടിയും
കൂട്ടം തെറ്റിയിട്ടും കൂടെയുണ്ടെന്ന് ധരിപ്പിക്കുന്നവർക്കു വേണ്ടിയും കൂടി
ഒന്നു പ്രാർത്ഥിച്ചാലോ?
പരിശുദ്ധ ത്രിത്വത്തിൻ്റെ
മംഗളങ്ങൾ!
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂൺ 7 – 2020.

Leave a comment