🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ചൊവ്വ
Tuesday of week 10 in Ordinary Time
or Saint Ephraem, Deacon, Doctor
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 26: 1-2
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?
എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും.
സമിതിപ്രാര്‍ത്ഥന
സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,
അങ്ങയുടെ പ്രചോദനത്താല്‍,
ശരിയായവമാത്രം ചിന്തിക്കാനും
അങ്ങയുടെ മാര്‍ഗനിര്‍ദേശത്താല്‍
അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 17:7-16
ഏലിയാ വഴി കര്‍ത്താവ് അരുള്‍ചെയ്തതുപോലെ, കലത്തിലെ മാവ് തീര്‍ന്നുപോയില്ല.
അക്കാലത്ത് ജോര്‍ദാന്റെ മറുകരയില്‍ മഴ പെയ്യായ്കയാല്‍, കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അരുവി വറ്റി. കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു: നീ സീദോനിലെ സറേഫാത്തില്‍ പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണം തരുന്നതിനു ഞാന്‍ ഒരു വിധവയോടു കല്‍പിച്ചിട്ടുണ്ട്. ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവന്‍ അടുത്തുചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നുപറഞ്ഞു. അവള്‍ വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍ അവന്‍ അവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക. അവള്‍ പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്‍പം എണ്ണയുമാണ്. ഞാന്‍ രണ്ടു ചുള്ളി വിറക് പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും. ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍ നിന്നു ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു കൊണ്ടുവരണം; പിന്നെ നിനക്കും മകനും വേണ്ടി ഉണ്ടാക്കിക്കൊള്ളുക. എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ല; ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവള്‍ ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം കഴിച്ചു. ഏലിയാ വഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 4:2-3,4-5,7b-8
കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ,
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി,
കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
മാനവരേ, എത്രനാള്‍ നിങ്ങള്‍
എന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും?
എത്രനാള്‍ നിങ്ങള്‍
പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും?
കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
കര്‍ത്താവു നീതിമാന്മാരെ തനിക്കായി
തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍;
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.
കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്;
നിങ്ങള്‍ കിടക്കയില്‍വച്ചു ധ്യാനിച്ചു മൗനമായിരിക്കുക.
കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും
കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.
ആര് നമുക്കു നന്മ ചെയ്യും?
കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി
ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 5:13-16
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല.
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷ
കരുണയോടെ കടാക്ഷിക്കണമേ.
ഞങ്ങളര്‍പ്പിക്കുന്നത് അങ്ങേക്കു സ്വീകാര്യമായ അര്‍പ്പണവും
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനവും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 17: 3
കര്‍ത്താവാണ് എന്റെ രക്ഷാശിലയും കോട്ടയും
വിമോചകനും എന്റെ ദൈവവും എന്റെ സഹായകനും.
Or:
1 യോഹ 4: 16
ദൈവം സ്‌നേഹമാണ്,
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും
ദൈവം അവനിലും വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ സൗഖ്യദായകമായ പ്രവര്‍ത്തനം
ഞങ്ങളെ ഞങ്ങളുടെ പാപങ്ങളില്‍നിന്ന്
കാരുണ്യപൂര്‍വം മോചിപ്പിക്കുകയും
നേരായവയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment