പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു.ഒരേ വായില്‍നിന്ന് അനുഗ്രഹ വും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല. അരുവി ഒരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ? (യാക്കോബ് 3:9-11)” സ്നേഹസ്വരൂപനായ ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും, നന്ദി പറയുകയും ചെയ്യുന്നു. ഈ മനോഹരമായ പ്രഭാതത്തിലേയ്ക്ക് കണ്ണു തുറന്ന് എഴുന്നേല്ക്കുവാൻ അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ. നല്ല ദൈവമേ, ഇന്നേ ദിനത്തിൽ കോവിഡ് ബാധിതരായി ലോകത്തിന്റെ പല ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു. അവർക്ക് പ്രത്യാശ നൽകി അനുഗ്രഹിക്കണമേ. രോഗത്തിൽ നിന്ന് വിടുതലും ആരോഗ്യവും നൽകി സംതൃപ്‍തരാക്കണമേ. നാഥാ, ഈ ഭൂമിയിലെ ജീവിതത്തിൽ കോവിഡ് ഏൽപ്പിക്കുന്ന ആഘാതത്തിൽ നിന്നും മുക്തരാകുവാൻ അവിടുത്തെ കൃപ ഞങ്ങളുടെ മേൽ ചൊരിയണമേ. ഈ സമയത്തു ജോലി നഷ്ടപെട്ട എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു. പ്രവാസ ലോകത്തു നിന്ന് തിരിച്ചു വരുകയും കഷ്ടപ്പെടുന്ന അവസ്ഥയിൽ ജീവിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഉപജീവന മാർഗ്ഗം കാണിച്ചു കൊടുക്കണമേ. കോവിഡ് കാലങ്ങളിൽ കൂദാശയുടെ സാമിപ്യം ആഗ്രഹിക്കുന്നവർക്ക് അങ്ങയുടെ കരുണ നൽകണമേ. കർത്താവെ, കാലവർഷം ശക്തിപ്പെടുവാൻ പോകുന്ന ഈ ദിനങ്ങളിൽ കടലാക്രമങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഉരുൾപൊട്ടലും പ്രകൃതി ക്ഷോഭങ്ങളും തകർത്തെറിയാതെ ദേശത്തെ കാത്തു കൊള്ളണമേ. പ്രാർത്ഥനയുടെ നിറവിൽ ആയിരിന്നു കൊണ്ട് അപരന് സാധിക്കുന്ന നന്മ ചെയ്യുവാൻ നാഥാ അനുഗ്രഹം നല്കണമേ. പിതാവേ, ഇന്നേ ദിനത്തിൽ പ്രത്യകമായി പരദൂഷണം എന്ന തിന്മയ്ക്ക് അടിമപ്പെട്ട എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിടുതൽ നൽകി അനുഗ്രഹിക്കണമേ. പരദൂഷണത്തിന്റെ ഫലമായി വേദന അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കണമേ. തകർന്നു പോയ ബന്ധങ്ങളെ കൂട്ടി ചേർക്കണമേ. ക്ഷമിക്കുവാൻ ഉള്ള അനുഗ്രഹം നൽകി വേദനിക്കുന്നവരെ ആശ്വസിപ്പിക്കണമേ. ഇന്നേ ദിനത്തിൽ വലിയ അനുഗ്രഹങ്ങൾ കൊണ്ട് പിതാവേ, ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment