പ്രഭാത പ്രാര്‍ത്ഥന
“ഹെസക്കിയാ ദൂതന്‍മാരുടെ കൈയില്‍നിന്നു കത്തുവാങ്ങി വായിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ മുന്‍പില്‍ വച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥ നായിരിക്കുന്ന അവിടുന്നാണ് ദൈവം; അവിടുന്നു മാത്രമാണ് ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു. കര്‍ത്താവേ, ചെവിക്കൊള്ളണമേ! കര്‍ത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കാന്‍ സെന്നാക്കെരിബ് പറഞ്ഞയച്ച വാക്കു കേട്ടാലും! (2 രാജാക്കന്‍മാര്‍ 19:14;15)” സര്‍വ ശക്തനായ പിതാവേ, ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിതാവേ, ജീവിതത്തില്‍ പ്രതി സന്ധികള്‍ കടന്നു വരുമ്പോള്‍ എപ്രകാരം പ്രവര്‍ത്തിക്കണം എന്ന് ഹെസക്കിയാ രാജാവിലൂടെ ഞങ്ങളെ പഠിപ്പിച്ചതിനെ ഓര്‍ത്തു അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. പിതാവേ ഞങ്ങളുടെ പ്രതിബന്ധങ്ങള്‍ അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വേണ്ട എളിമ ഞങ്ങള്‍ക്ക് നല്കണമേ. എല്ലാ അവസ്ഥകളിലും അവിടുത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ വലിയ കൃപ നല്കണമേ. ഈ ദിനങ്ങളിൽ ഭയം ഞങ്ങളെ മൂടി കൊണ്ടിരിയ്ക്കുകയാണ്. മരിച്ചു വീഴുന്ന ആയിരങ്ങളെ പറ്റിയുള്ള കണക്കുകൾ ഞങ്ങൾക്ക് പുതുമയല്ലാതായിരിക്കുന്നു. ഈശോയെ കനിയണമേ. കോവിഡ് പത്തൊൻപത് എന്ന മഹാമാരിയെ അവിടുന്ന് ഇല്ലാതാക്കണമേ. ഞങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുവാൻ അനുവദിക്കരുതേ. ദൈവ ദൂതന്മാരുടെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ. ദൈവമേ ഈ പ്രഭാതത്തില്‍ ഞങ്ങള്‍ ജീവിത പ്രതിസന്ധികളെ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ജോലി കിട്ടാത്ത അവസ്ഥകള്‍, വിവാഹ തടസ്സം നേരിടുന്നു, കുഞ്ഞുങ്ങള്‍ ഇല്ലാത്ത അവസ്ഥകള്‍, സാമ്പത്തിക പ്രതിസന്ധികള്‍. ജീവിത തകര്‍ച്ചകള്‍, മറ്റുള്ളവര്‍ ഞങ്ങളെ കുറ്റം പറയുകയും, മോശക്കാര്‍ ആയി ചിത്രീകരിക്കുകയും ചെയ്ത അവസ്ഥകള്‍ എല്ലാം അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. നാഥാ നീ ഇടപെടണമേ. സെന്നാക്കെരിബ് രാജാവിനെ തകര്‍ത്തു എറിഞ്ഞത് പോലെ ഞങ്ങളുടെ ജീവിത പ്രതിസന്ധികളെ അങ്ങ് തകര്‍ക്കണമേ. ഈശോ നാഥാ, ഭാരതത്തില്‍ വര്‍ദ്ധിച്ചു വരുന്ന ക്രിസ്തീയ പീഡനങ്ങള്‍ ഓര്‍ത്തു ഞങ്ങള്‍ ഭയ വിഹ്വലര്‍ ആകുമ്പോള്‍ ഞങ്ങളെ സഹായിക്കുവാന്‍ അങ്ങയുടെ ദൂതന്‍മാരെ അയ്ക്കണമേ. അങ്ങ് ജീവിക്കുന്ന ദൈവം ആണല്ലോ അവിടുന്ന് ഞങ്ങളുടെ സഭയെ സംരക്ഷിക്കണമേ. കോവിഡ് പത്തൊന്പതിനാൽ പ്രതീക്ഷ കൈവിട്ടു പോകുന്ന ലോകത്തെ അവിടുത്തെ പ്രത്യാശയിലേയ്ക്ക് നയിക്കുവാൻ അവിടുത്തെ സഭയ്ക്ക് കഴിയട്ടെ. അവിടുത്തെ മക്കളെ കാത്തു പരിപാലിക്കണമേ. ഈ ദിനങ്ങളിൽ വലിയ പരിഹാസം നേരിടുന്ന സന്യാസത്തെ ഓർക്കുന്നു. ദൈവ വേലയ്ക്ക് ഇറങ്ങിയവരുടെ കുരിശുകൾ വഹിക്കുവാൻ ദൈവമേ അങ്ങ് സഹായിക്കണമേ. പുരോഹിതരും, സന്യാസി, സന്യാസികളും ആക്രമിക്കപ്പെടുമ്പോൾ അങ്ങയുടെ സ്വർഗീയ അനുഭവം അവർക്ക് ഉണ്ടാകട്ടെ. ഭൂമിയിലെ പീഡനങ്ങൾക്ക് അങ്ങ് സ്വർഗ്ഗത്തിൽ നിന്നും പ്രതിഫലം നൽകണമേ. പിതാവേ അങ്ങയുടെ കരുണയാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപെടട്ടെ. ഈ ലോകത്തില്‍ അങ്ങയുടെ സാന്നിധ്യത്താല്‍ സമാധാനം സമര്‍ഥമായി ഉണ്ടാകട്ടെ. ആമേന്‍.

Leave a comment