Daily Saints in Malayalam – June 11

🎈🎈🎈🎈 June 11 🎈🎈🎈🎈
വിശുദ്ധ ബാര്‍ണബാസ്
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

ലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ മരണത്തിനു ശേഷം ഉടനെ തന്നെ വിശുദ്ധന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്തു. വിശുദ്ധന്റെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായ ആദ്യത്തെ പ്രവര്‍ത്തി അദേഹം തനിക്കുള്ളതെല്ലാം വിറ്റ്‌ ആ പണം മുഴുവന്‍ അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ അടിയറ വെച്ചുവെന്നതാണ്. പുതുതായി വിശ്വാസത്തിലേക്ക്‌ വന്ന വിശുദ്ധ പൗലോസുമായി അദ്ദേഹം പെട്ടെന്ന് തന്നെ സൌഹൃദത്തിലായി.

ആദ്യകാല മതപീഡകനായിരുന്ന വിശുദ്ധ പൗലോസിനെ മറ്റുള്ള അപ്പസ്തോലന്മാര്‍ വിശ്വസിക്കാതിരുന്ന അവസരത്തില്‍ വിശുദ്ധ ബാര്‍ണബാസാണ് മാനസാന്തരപ്പെട്ട വിശുദ്ധ പൗലോസിനെ മറ്റുള്ള അപ്പസ്തോലന്‍മാര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുത്തത്. യേശുവിനു വേണ്ടി സാക്ഷ്യം വഹിക്കുവാനുള്ള വിശുദ്ധ പൗലോസിന്റെ കഴിവിനെ ആദ്യമായി തിരിച്ചറിഞ്ഞ വിശുദ്ധ ബാര്‍ണബാസിനെ, ആഗോള സഭയില്‍ എക്കാലവും സ്മരണാര്‍ഹനാക്കുന്നു.

വിശുദ്ധ ബാര്‍ണബാസായിരുന്നു വിശുദ്ധ പൗലോസിനെ ടാര്‍സുസില്‍ നിന്നും സുവിശേഷ പ്രഘോഷണത്തിനായി അന്തിയോക്കിലേക്ക് കൊണ്ട് വന്നത്. ക്രിസ്തുവിനു ശേഷം ഏതാണ്ട് 45-48 കാലയളവില്‍ ഇരുവരുമൊരുമിച്ചാണ് ആദ്യ സുവിശേഷ പ്രഘോഷണ യാത്ര നടത്തിയത്‌. ബാര്‍ണബാസായിരുന്നു ആ യാത്രയുടെ നായകന്‍ എന്ന് അനുമാനിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വാക്കുകളും മാന്യതയും ആകര്‍ഷകത്വമുള്ളതുമായിരുന്നു. അതിനാല്‍ തന്നെ ലിസ്ട്രായിലെ നിവാസികള്‍ അദ്ദേഹത്തെ അവരുടെ ജൂപ്പിറ്റര്‍ ദേവനായാണ് കരുതിയിരിന്നത്.

ജെറുസലേം യോഗത്തില്‍ അദ്ദേഹം വിശുദ്ധ പൗലോസിനൊപ്പം സന്നിഹിതനായിരുന്നു (ca.50). അവര്‍ രണ്ട് പേരും തങ്ങളുടെ രണ്ടാമത്തെ സുവിശേഷ പ്രചാരണ യാത്രക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് അവര്‍ക്കിടയില്‍ മര്‍ക്കോസിനെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. അതേ തുടര്‍ന്ന് രണ്ടുപേരും വിവിധ സ്ഥലങ്ങളിലേക്ക്‌ പോയി. ബര്‍ണബാസ് മര്‍ക്കോസിനേയും കൂട്ടികൊണ്ട് സൈപ്രസിലേക്കാണ് പോയത്‌. അതിനു ശേഷമുള്ള കാര്യങ്ങള്‍ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലോ, ആധികാരികമായ മറ്റ് രേഖകളിലോ പരാമര്‍ശിച്ച് കാണുന്നില്ല.

വിശുദ്ധ പൗലോസിന്റെ എഴുത്തുകളില്‍ ഒന്നില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത് ബര്‍ണബാസ് സ്വന്തം പ്രയത്നത്താലാണ് ജീവിച്ചതെന്നാണ് (1 കൊറിന്തോസ്‌ 9:5-6). വിശുദ്ധ ബാര്‍ണബാസ് മരണപ്പെടുന്നതിന്റെ സമയവും സ്ഥലവും എങ്ങും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. 488-ല്‍ അദ്ദേഹത്തിന്റെ ശരീരം സലാമിനായില്‍ കണ്ടതായി പറയപ്പെടുന്നു. പുരാതനകാലം മുതല്‍ തന്നെ സഭയുടെ ആരാധനാ ക്രമത്തില്‍ വിശുദ്ധ ബാര്‍ണബാസിന്റെ നാമം ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇതര വിശുദ്ധര്‍
🎈🎈🎈🎈🎈🎈

1. ഫെലിക്സും ഫോര്‍ത്തുനാത്തൂസും

2. ബ്രിട്ടനിലെ ഹെറെബാള്‍ഡ്

3. ട്രെവിസോയിലെ പരീസിയൂസ്
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment