ദിവ്യബലി വായനകൾ Corpus Christi – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

Corpus Christi – Solemnity 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 80:17

അവിടന്ന് മേല്‍ത്തരം ഗോതമ്പുകൊണ്ട് അവരെ തീറ്റിപ്പോറ്റുകയും
പാറയില്‍ നിന്നുള്ള തേന്‍ കൊണ്ട് അവരെ സംതൃപ്തരാക്കുകയും ചെയ്തു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിസ്മയനീയമായ ഈ കൂദാശയിലൂടെ
അങ്ങയുടെ പീഡാസഹനത്തിന്റെ സ്മാരകം ഞങ്ങള്‍ക്കു നല്കിയല്ലോ.
അങ്ങയുടെ ശരീരത്തിന്റെയും രക്തത്തിന്റെയും
ദിവ്യരഹസ്യങ്ങള്‍ വണങ്ങാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളില്‍ അങ്ങയുടെ പരിത്രാണത്തിന്റെ ഫലം
നിരന്തരം ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍,
പിതാവായ ദൈവത്തോടുകൂടെ
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നിയ 8:2-3,14-16
കര്‍ത്താവ് നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും അപരിചിതമായിരുന്ന മന്നാകൊണ്ട് നിങ്ങളെ സംതൃപ്തരാക്കി.

മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ എളിമപ്പെടുത്താനും തന്റെ കല്‍പനകള്‍ അനുസരിക്കുമോ ഇല്ലയോ എന്നറിയാന്‍ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ മനസ്സിലാക്കാനും വേണ്ടി ഈ നാല്‍പതു സംവത്സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ച വഴിയെല്ലാം നിങ്ങള്‍ ഓര്‍ക്കണം. അവിടുന്നു നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയാന്‍ വിടുകയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും അപരിചിതമായിരുന്ന മന്നാകൊണ്ട് നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്തത്, അപ്പംകൊണ്ടു മാത്രമല്ല, കര്‍ത്താവിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് മനുഷ്യന്‍ ജീവിക്കുന്നതെന്നു നിങ്ങള്‍ക്കു മനസ്സിലാക്കിത്തരാന്‍ വേണ്ടിയാണ്.
നിങ്ങള്‍ അഹങ്കരിക്കുകയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ആഗ്‌നേയ സര്‍പ്പങ്ങളും തേളുകളും നിറഞ്ഞവിശാലവും ഭയാനകവുമായ മണലാരണ്യത്തിലൂടെ അവിടുന്നാണ് നിങ്ങളെ നയിച്ചത്. വെള്ളമില്ലാത്ത, ഉണങ്ങിവരണ്ട, ആ ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി, കരിമ്പാറയില്‍ നിന്ന് അവിടുന്നു ജലമൊഴുക്കി. നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അപരിചിതമായിരുന്ന മന്നാ മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷണമായി നല്‍കി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 147:12-13,14-15,19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

അവിടുന്നു നിന്റെ അതിര്‍ത്തികളില്‍
സമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തയാക്കുന്നു.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

രണ്ടാം വായന

1 കോറി 10:16-17
അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്.

നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.
അനുക്രമഗീതം

അനുക്രമാഗീതം ഹ്രസ്വമായോ പൂര്‍ണ്ണമായോ പാടുകയോ ചൊല്ലുകയോ ചെയ്യാം.

പാടുക സീയോന്‍, മനോഹരമായി പാടുക,
ഇടയരാജാവിന്റെ സ്തുതികള്‍ പാടുക.
സ്വര്‍ഗീയ സംഗീതം മീട്ടുക.
ജീവന്റെ അപ്പം, ജീവനേകുന്ന അപ്പം,
പ്രിയരാം പന്ത്രണ്ട് സോദരര്‍ക്കായി
വേര്‍പാടിന്‍ ഓര്‍മ്മയ്ക്ക്
നിത്യസ്മാരകമായി നല്‍കിയ ഭോജ്യം.

ഈ മനോഹര ഗീതം ഹൃദയത്തില്‍ നിന്നും ഉയരട്ടെ.
ക്രിസ്തു ആദ്യമായി അള്‍ത്താര അനുഗ്രഹിച്ച
ദിനത്തിന്‍ ഓര്‍മ്മ തിളങ്ങിനില്‍ക്കുന്നു.
രാജാവൊരുക്കിയ വിരുന്നുശാലയില്‍
സന്തോഷഭരിതരായി അവര്‍ സമ്മേളിച്ചു.
പുരാതന പെസഹാക്രമം നവീകൃതമായി,
പഴയതെല്ലാം പുതിയതായി,
രാത്രിതന്‍ ഇരുട്ട് വെളിച്ചമായി.

താന്‍ ചെയ്തതെല്ലാം എന്നും നിറവേറുവാന്‍
യുഗാന്ത്യത്തോളം നിലനിന്നീടുവാന്‍
തന്റെ വേര്‍പാടിന്റെ സ്മരണ കാത്തുപാലിക്കാന്‍
ക്രിസ്തു അതീവമായി ആഗ്രഹിച്ചു.
അവന്റെ ദിവ്യപാഠശാലയില്‍ രൂപീകൃതരായ നാം
അപ്പവും വീഞ്ഞും ആശിര്‍വദിക്കുന്നു.

ഇത് ക്രൈസ്തവനു ലഭിച്ച വിശ്വാസം –
സ്വര്‍ഗത്തില്‍ നിന്നുയരുന്ന വചനത്താല്‍
അപ്പം ശരീരമാകുന്നു, വീഞ്ഞ് രക്തമായി മാറുന്നു.
ഇത് പ്രകൃതിയുടെ ശക്തിക്കതീതമായ
കാഴ്ച്ചയ്ക്കും കേള്‍വിക്കും അതീതമായ
വിശ്വാസത്തിന്റെ അനുഭവം.

ഇരുസാദൃശ്യങ്ങളില്‍ ആവൃതമായി
സ്വര്‍ഗീയദാനത്തിന്‍ പ്രതീകങ്ങള്‍ സംഗമിക്കുന്നു.
അവിടെയാണ് നാം വണങ്ങുന്ന ദിവ്യരഹസ്യങ്ങള്‍.
ജീവനുള്ള ശരീരം നമ്മുടെ ഭോജനവും
അമൂല്യമായ രക്തം നമ്മുടെ പാനീയവും
ഓരോന്നിലും അവിഭക്തനായി കര്‍ത്താവ് ജീവിക്കുന്നു.

– – – – – –

*ഇതാ, മാലാഖമാരുടെ അപ്പം,
തീര്‍ത്ഥാടകര്‍ക്കിത് പാഥേയം;
ദൈവത്തിന്റെ യഥാര്‍ത്ഥ മക്കള്‍ക്കുള്ള അപ്പം,
നായ്ക്കള്‍ക്ക് കൊടുക്കാനാവാത്ത അപ്പം.
ഇസഹാക്കിന്റെ ബലിപീഠത്തിലും,
പുരാതന പെസഹാ ഭോജനത്തിലും
സ്വര്‍ഗം പൊഴിച്ച മന്നയിലും
മുന്നേ ആവിഷ്കൃതമായ സാദൃശ്യം.

*സ്വര്‍ഗീയ ഭോജനമേ, നല്ലിടയാ, വരിക,
അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ പ്രകാശിപ്പിക്കുക.
ഇപ്പോഴും ഞങ്ങളെ വിരുന്നൂട്ടി അങ്ങയുടെ സ്വന്തമാക്കുക,
അമര്‍ത്യതയുടെ മേച്ചില്‍പ്പുറങ്ങളില്‍
ഞങ്ങള്‍ അങ്ങയുടെ മഹത്വം കാണട്ടെ.

*അനന്ത ജ്ഞാനമേ, അനന്ത ശക്തിയേ,
ഇന്നിന്റെ ഭോജ്യമേ, നാളത്തെ ആശ്വാസമേ,
വരിക, ഞങ്ങളെ അങ്ങയുടെ അതിഥികളാക്കുക;
അങ്ങയോടൊപ്പം വസിക്കുന്ന വിശുദ്ധരോടുകൂടെ
അങ്ങയുടെ കൂട്ടവകാശികളും സ്നേഹിതരുമാക്കുക.
ആമേന്‍. അല്ലേലൂയാ.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 6:51-58
എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്.

യേശു യഹൂദരോടു പറഞ്ഞു: സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവു മൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. ഇതു സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങള്‍വഴി
കൗദാശികമായി സൂചിപ്പിക്കപ്പെടുന്ന
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദാനങ്ങള്‍
അങ്ങ് കാരുണ്യപൂര്‍വം
അങ്ങയുടെ സഭയ്ക്കു നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
യോഹ 6:57

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇഹലോകത്തില്‍
അങ്ങയുടെ അമൂല്യമായ ശരീരത്തിന്റെയും
രക്തത്തിന്റെയും സ്വീകരണം സൂചിപ്പിക്കുന്ന
അങ്ങയുടെ ദൈവിക പ്രകൃതിയുടെ
നിത്യാനന്ദത്താല്‍ ഞങ്ങളെ നിറയ്ക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment