ഡോ . ജോർജുകുട്ടി വട്ടോത്ത്
കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ ദാരുണമായ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തുകയും ഇനി ഒരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെയിരിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്തു കൊണ്ട് ചോദിക്കട്ടെ പ്രസ്തുത ആത്മഹത്യയുടെ ഉത്തരവാദി ആരാണ്?
കാഞ്ഞിരപ്പള്ളിയിലെ ഒരു പാരലൽ കോളേജിൽ ബി.കോമിന് പഠിച്ചിരുന്ന പ്രസ്തുത വിദ്യാർത്ഥിനി അവസാന വർഷ പരീക്ഷയെഴുതുന്നതിനായാണ് ചേർപ്പുങ്കൽ കോളേജിലെത്തിയത്. നാടിൻറെ നാനാ ഭാഗ ങ്ങളിൽ നിന്നും പ്രൈവറ്റായി പഠിക്കുന്ന വിദ്യാർത്ഥികൾ ഇങ്ങനെ പരീക്ഷയെഴുതാൻ മാത്രമായി ഇവിടെ എത്താറുണ്ട്. അതായത് പ്രസ്തുത പെൺകുട്ടി ചേർപ്പുങ്കൽ കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നില്ല. അതിനാൽ തന്നെ പ്രിൻസിപ്പലിനോ അധ്യാപകർക്കോ യാതൊരുവിധ പരിചയവും ഇല്ല എന്നർത്ഥം. പരിചയപ്പെടാൻ മാർഗ്ഗവുമില്ല എന്ന് ആദ്യമേ തന്നെ എല്ലാവരും മനസ്സിലാക്കുക.
ജൂൺ ആറാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന പരീക്ഷ പ്രസ്തുത വിദ്യാർത്ഥിനി സാധാരണപോലെ എഴുതാനാരംഭിച്ചു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനി പുറകുവശം നിറയെ കോപ്പിയടിക്കാനുള്ള പാഠഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് എഴുതിക്കൊണ്ട് വന്നിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പരീക്ഷ ജയിക്കാനാവശ്യമായത്രയും ഉത്തരങ്ങൾ ഒരു ഫുൾ പേജ് നിറയെ ചെറുതായി എഴുതിക്കൊണ്ടുവന്നിരുന്നു. പ്രിൻസിപ്പലെത്തി വിദ്യാർത്ഥിനിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും ഓഫീസിലെത്തി വിശദീകരണം നല്കാനാവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥിനി അതിനു കൂട്ടാക്കാതെ സ്വയം പുറത്തേയ്ക്ക് പോവുകയാണുണ്ടായത്..
ഇനി ചോദ്യത്തിലേയ്ക്ക് വരട്ടെ. ഇവിടെ ആരാണ് കുറ്റക്കാർ? യൂണിവേഴ്സ്സിറ്റിയുടെ ഹാൾ ടിക്കറ്റിൻറെ മറുപുറം നിറയെ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ച വിദ്യാർത്ഥിനിയോ, അത് കണ്ടുപിടിച്ചു റിപ്പോർട്ട് ചെയ്ത അധ്യാപകനോ, മേൽ നടപടികൾ സ്വീകരിച്ച പ്രിൻസിപ്പലോ കാളപെറ്റെന്ന് കേട്ട് കയറെടുത്ത മാധ്യമങ്ങളോ ചോട്ടാ നേതാക്കളോ?
കോപ്പിയടിക്കാൻ ശ്രമിക്കുക പോലും ചെയ്യരുതെന്നും ചെയ്താൽ 3 വർഷത്തേയ്ക്ക് ഡീബാർ ചെയ്യുമെന്നും ഹാൾ ടിക്കറ്റിലും ആൻസർ ബുക്കിലും വ്യക്തമായി എഴുതിയിട്ടുള്ളതാണ്. ഈ രാജ്യത്തെ ഏതൊരു വിദ്യാർത്ഥി ക്കും ഇത് അറിവുള്ളതുമാണ്. പരീക്ഷ തുടങ്ങുന്ന ദിവസം പ്രിൻസിപ്പൽ ഇക്കാര്യം പൊതുവായി മൈക്കിലൂടെ ഓർമ്മിപ്പിക്കാറുമുണ്ട്. ഇതൊന്നും വകവയ്ക്കാതെ കോപ്പിയടിച്ച വിദ്യാർത്ഥിനി കുറ്റക്കാരി തന്നെയാണ്. തന്റെ ചുമതല നിർവ്വഹിക്കുക മാത്രം ചെയ്ത അധ്യാപകനും പ്രിൻസിപ്പലും എങ്ങനെ കുറ്റക്കാരാകും? പരീക്ഷാഹാളിൽ എത്തുന്നതിനു മുമ്പ് കണ്ടിട്ടു പോലുമില്ലാത്ത വിദ്യാർത്ഥിനിയോട് അധ്യാപകന് എന്തെങ്കിലും മുൻ വിരോധം ഉണ്ടായിരുന്നുവെന്ന് സങ്കല്പിക്കാൻ പോലുമാവില്ലല്ലോ. സെൻസേഷണൽ റിപ്പോർട്ടിംഗും ചർച്ചയും ഒക്കെ നടത്തി ആഘോഷിച്ച മാധ്യമങ്ങളും വലിയ നേതാക്കളും ചോട്ടാ നേതാക്കളും ഒക്കെ വലിയ സാമൂഹ്യ ദ്രോഹമാണ് ഇക്കാര്യത്തിൽ ചെയ്തത് എന്ന് പറയാതിരിക്കാനാവില്ല.
ഏതൊരു രക്ഷാകർത്താവിനും തന്റെ മക്കളെ പ്പറ്റി നല്ലതെ പറയാനാവൂ. കൊടും കുറ്റകൃത്യങ്ങൾ ചെയ്തവരുടെ അച്ഛനമ്മമാർ പോലും മക്കളെ നിരപരാധികളായി ചിത്രീകരിക്കുന്നതും ന്യായീകരിക്കുന്നതും ഈയിടെയും മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടതാണല്ലോ. മകളുടെ ദാരുണാന്ത്യത്തെ തുടർന്നുണ്ടായ മാനസിക വേദനയിൽ പിതാവും മാതാവുമൊക്കെ ഉന്നയിച്ച ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കാനാവില്ല. തീർച്ചയായും അവർ സാമൂഹ്യസമ്മർദ്ദത്തിന് അടിപ്പെട്ടിട്ടുണ്ട്. എന്നാലും അവരുന്നയിച്ച ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താവുന്നതാണ്.
വിദ്യാർത്ഥിനിയുടെ വീട്ടിലോ സ്ഥാപനത്തിലോ വിവരം അറിയിക്കാമായിരുന്നു എന്ന് പറയുന്നവർ ഒന്ന് മനസ്സിലാക്കുക. പ്രൈവറ്റായി പരീക്ഷ ഏഴുതാൻ വരുന്നവരുടെ ഹാൾ ടിക്കറ്റല്ലാതെ മറ്റ് യാതൊരു വിവരവും കോളേജിൽ ലഭ്യമല്ല. ഹാൾ ടിക്കറ്റിലാവട്ടെ ഫോൺ നമ്പറോ സ്ഥാപനത്തിന്റെ പേരോ യാതൊന്നും ഇല്ല. ഇതൊരു പോരായ്മയാണെന്ന് തിരിച്ചറിഞ്ഞു തിരുത്തുവാൻ ബന്ധപ്പെട്ട അധികാരികൾ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതാണ് എന്ന് സന്ദർഭവശാൽ പറഞ്ഞുകൊള്ളട്ടെ. വിദ്യാർത്ഥിനി പ്രിൻസിപ്പലിന്റെ അടുത്ത് എത്തിയിരുന്നുവെങ്കിൽ വീട്ടിലെ നമ്പർ വാങ്ങി അറിയിക്കാമായിരുന്നു. നിർഭാഗ്യവശാൽ വിദ്യാർത്ഥിനി നേരെ പുറത്തേയ്ക്ക് പോവുകയാണുണ്ടായത്
പരീക്ഷാ ഹാളിൽ നടന്ന സംഭവങ്ങൾ മുഴുവനും കോളേജിലെ സിസി ടിവിയിൽ വ്യക്തമായി കാണാവുന്നതാണ്. വിദ്യാർത്ഥിനിയുടെ അടുത്തെത്തിയ പ്രിൻസിപ്പൽ ഏറെത്താമസിയാതെ അവിടെ നിന്ന് തിരിച്ചു പോകുന്നതും വ്യക്തമാണ്. അടുത്തിരുന്ന് പരീക്ഷയെഴുതിക്കൊണ്ടിരുന്ന മറ്റു കുട്ടികൾ കാര്യമായി ശ്രദ്ധിക്കുക പോലും ചെയ്തില്ല എന്നതും വ്യക്തമായി കാണാം. വിദ്യാർത്ഥിനി തൻറെ ഹാൾ ടിക്കറ്റിന്റെ മറുപുറം മുഴുവനും കുത്തി നിറച്ചു എഴുതിക്കൊണ്ട് വന്നതും ആർക്കും പരിശോധിക്കാൻ സാധിക്കും. ഫോറൻസിക് വിദഗ്‌ധരെക്കൊണ്ട് കൈയക്ഷരം ഒത്തുനോക്കുകയുമാവാം. വിദ്യാർത്ഥിനിയോട് പ്രിൻസിപ്പലിന്റെ അടുത്തെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും അത് വകവയ്ക്കാതെ പുറത്തേയ്ക്ക് പോകുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അന്നത്തെ പരീക്ഷ എഴുതണ്ടാ എന്നും അടുത്ത് ദിവസം മുതൽ പരീക്ഷകൾ എഴുതാമെന്നു പറഞ്ഞതും അടുത്തിരുന്ന വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥിനിയെ ഒന്ന് എഴുന്നേൽപ്പിച്ചു നിർത്തുക പോലും ചെയ്യാതെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഹാളിൽ സിസി ടിവി ഇല്ലായിരുന്നെങ്കിൽ ഉന്നയിക്കപ്പെടാമായിരുന്ന ആരോപണങ്ങളെപ്പറ്റി ഓർക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു.
പ്രിൻസിപ്പൽ 15 മിനിറ്റോളം മറ്റു കുട്ടികളുടെ മുൻപിൽ വച്ച് ഉച്ചത്തിൽ വഴക്കു പറഞ്ഞു വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചു എന്ന് കള്ളമായി ആരോപണം ഉന്നയിച്ചവരോടും അത് പറഞ്ഞു പരത്തിയവരോടും പറയാനുള്ളത് നിങ്ങൾ എല്ലാ ദൃശ്യങ്ങളും പരിശോധിച്ച ശേഷം ആരോപണം ഉന്നയിക്കുക എന്നാണ്. ഭൂരിപക്ഷം മാധ്യമങ്ങളും സത്യം മനസ്സിലാക്കാതെ കിട്ടിയ അവസരം ശരിക്കും ആഘോഷമാക്കി എന്നതാണ് ഏറെ ദു:ഖവും നിരാശയും ജനിപ്പിക്കുന്ന കാര്യം. മാധ്യമങ്ങൾക്ക് യാതൊരു സാമൂഹ്യ ഉത്തരവാദിത്വവും സാമൂഹ്യപ്രതിബദ്ധതയും ഇല്ലേ എന്ന് സംശയിച്ചു പോവുകയാണ്. തിടുക്കത്തിൽ കേസെടുത്ത വനിതാ കമ്മീഷൻ എന്ത് സന്ദേശമാണ് അധ്യാപക സമൂഹത്തിന് നൽകുന്നതെന്ന് മനസ്സിലാകുന്നില്ല. യൂണിവേഴ്സിറ്റിയിൽ നേരത്തെ ഉന്നത പദവി വഹിച്ചിരുന്ന ഒരു വ്യക്തിയും കോളേജിനെ കുറ്റപ്പെടുത്തുന്നതു കേട്ടപ്പോൾ സത്യത്തിൽ ദു:ഖവും വേദനയുമാണ് തോന്നിയത്. കാരണം പ്രസ്തുത വ്യക്തിക്ക് പരീക്ഷാ സംബന്ധമായ നിയമങ്ങൾ എല്ലാം തന്നെ അറിവുള്ളതാണല്ലോ. പ്രിൻസിപ്പലും അധ്യാപകനും തെറ്റ് ചെയ്തു, അവർ അത് തിരുത്തണം, അവരെ ശിക്ഷിക്കണം എന്നൊക്കെയാണ് ചാനലുകളിലും ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെട്ടവരെല്ലാം തന്നെ പറഞ്ഞത്. ചിലർ മോശമായ ഭാഷ പോലും ഉപയോഗിക്കുകയുണ്ടായി എന്നത് വേദനയുളവാക്കുന്നു. വിദ്യാർത്ഥികളുടെ അവകാശമാണ് കോപ്പിയടി എന്ന രീതിയിലാണ് മിക്കവാറും പേർ പ്രതീകരിച്ചത്! കോളേജിൽ അച്ചടക്കം നിലനിർത്താനാവശ്യമായ പല നടപടികളും എടുക്കേണ്ടി വരുമെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടായത് ആശ്വാസം നൽകുന്നു.
വിദ്യാർത്ഥികൾ ഇത്തരം സാഹചര്യങ്ങളിൽ എന്തുകൊണ്ട് കടുംകൈ ചെയ്യുന്നു എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. വീട്ടുകാരുടെ അമിത പ്രതീക്ഷകളും ലാളനകളും ഇതിന്റെ മുഖ്യ കാരണമാണ്. യാതൊരുവിധ ബുദ്ധിമുട്ടുകളും അറിയാതെ വളരുന്ന വിദ്യാർത്ഥികൾ ചെറിയ പ്രതികൂല സാഹചര്യങ്ങളിൽ പോലും തളർന്നു പോകുന്നു എന്നത് ഒരു സത്യമാണ്. സമൂഹത്തിലും കൂട്ടുകാരുടെ ഇടയിലും ഉണ്ടാകാവുന്ന അപമാനം ഓർത്താണ് പലരും കടും കൈകൾ ചെയ്യുന്നത്. ആധുനിക ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ സ്വാധീനം, തെറ്റായ ജീവിത വീക്ഷണം തുടങ്ങിയവയും വില്ലനാകാറുണ്ട്. കഴിഞ്ഞ 35 വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എനിക്ക് പറയാനാവും മുമ്പൊക്കെ ഇത്തരം കടുത്ത സംഭവങ്ങൾ വിരളമായിരുന്നു. അന്നൊക്കെ പിടിക്കപ്പെടുന്ന വിദ്യാർത്ഥികൾ കരഞ്ഞുകൊണ്ടോ പിറുപിറുത്തുകൊണ്ടോ ഒക്കെ വീട്ടിലെത്തുമായിരുന്നു. മിക്കവരും പിന്നീട് ഒരിക്കലും കോപ്പിയടി നടത്താറുമില്ലായിരുന്നു.
അധ്യാപക സമൂഹത്തിന്റെ ആത്മ വീര്യത്തെയും അർപ്പണ മനോഭാവത്തെയും തകർത്തു തരിപ്പണമാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് എന്ന് പറയാതെ വയ്യ. ഒരു സമൂഹത്തിന്റെ രൂപീകരണത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നവരാണ് അധ്യാപകർ എന്നതിൽ പക്ഷാന്തരം ഉണ്ടാവാനിടയില്ല. ഇപ്പോൾ ആവുന്ന വിധത്തിലെല്ലാം അധ്യാപകരെ അവഹേളിക്കുന്നവർ തന്നെ അവർക്ക് പഴയ പോലെ ആത്മാർത്ഥതയില്ല എന്ന് വിലപിക്കുന്നത് കേൾക്കാറുണ്ട്. എന്നാൽ മേല്പറഞ്ഞ തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഇന്നത്തെ അധ്യാപകർ ചട്ടപ്പടി ജോലി ചെയ്യുന്നവരായില്ലെങ്കിലേ അത്ഭുതമുള്ളു. നിയമപരമല്ലാത്ത യാതൊരു ചുമതലകളും ഏറ്റെടുക്കുവാൻ ഇനിമേൽ അധ്യാപകർ മടിച്ചാൽ അവരെ കുറ്റം പറയാനാവില്ല. വിദ്യാർത്ഥികളുടെ മൊബൈൽ ദുരുപയോഗവും ആഭാസങ്ങളും കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലതെന്ന് കരുതാനും സാധ്യതകളേറെയാണ്. ആർക്കും വേണ്ടെങ്കിൽ തങ്ങൾക്കും വേണ്ട എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അധ്യാപകർ കൈയൊഴിഞ്ഞാൽ അത് വിദ്യാഭ്യാസ നിലവാരത്തിന്റെ തകർച്ചയ്ക്കും സമൂഹത്തിന്റെ അധ:പതനത്തിനും ആക്കം കൂട്ടുകയായിരിക്കും ചെയ്യുക. ബീഹാറിലെ ഒരു പരീക്ഷാ സെന്ററിന്റെ അഞ്ചാം നില വരെ ഷേഡിലൂടെ തൂങ്ങി കയറി നിരവധി പേർ കോപ്പിയടിക്കാൻ സഹായിക്കുന്നത് കുറച്ചു നാൾ മുമ്പ് നാമൊക്കെ മാധ്യമങ്ങളിലൂടെ കണ്ടതാണല്ലോ. അത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ അറിഞ്ഞില്ല എന്ന് വിശ്വസിക്കുവാൻ പ്രയാസമാണ്. അവർ കണ്ണടച്ചു എന്ന് വ്യക്‌തമാണ്.
യൂണിവേഴ്സ്സിറ്റിയുടെ ലിഖിതമായ നിയമങ്ങൾക്ക് അനുസരിച്ച് തികച്ചും ശാന്തമായും പക്വതയോടെയും പ്രവർത്തിച്ച അധ്യാപകനും പ്രിൻസിപ്പലും കുറ്റക്കാരാണെന്ന് പറയുന്നവർ അവർ അപ്പോൾ എന്ത് ചെയ്യണമായിരുന്നു എന്ന് കൂടി വ്യക്തമായി പറയണം. കോപ്പിയടിച്ചത് കണ്ടില്ലെന്ന് വയ്ക്കണമായിരുന്നോ എന്ന് അറിയാൻ ആഗ്രഹമുണ്ട്. യൂണിവേഴ്സ്റ്റിറ്റി അധികാരികളോട് പറയുവാനുള്ളത് ഒന്നുകിൽ കോപ്പിയടി പാടില്ല എന്ന പരമ്പരാഗതമായ നിയമം അപ്പാടെ എടുത്തു കളയുക. അല്ലെങ്കിൽ കോളേജിനു മൊത്തത്തിലും അധ്യാപകനും പ്രിൻസിപ്പലിനും പ്രത്യേകമായും ഉണ്ടായ മാനഹാനിക്കും മന:ക്ലേശത്തിനും നഷ്ട പരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിക്കുക.
സിസി ടിവി ദൃശ്യങ്ങളും ഹാൾ ടിക്കറ്റിലുള്ള കോപ്പിയും പുറത്തുവിട്ടപ്പോൾ അവയിൽ കൃത്രിമം നടന്നു എന്ന ആരോപണം ഉയർത്തിക്കൊണ്ട് കോപ്പിയടിച്ചാൽ തന്നെ കുറച്ചുകൂടി മാനുഷികമായി, കരുണയോടെ പ്രവർത്തിക്കണമായിരുന്നു എന്ന ഒഴുക്കൻ നിലപാടാണ് മിക്കയാളുകളും സ്വീകരിക്കുന്നത്. അന്താരാഷ്‌ട്ര പണ്ഡിതയാണെന്നവകാശപ്പെട്ടുകൊണ്ട് ഒരു വനിത പറഞ്ഞത് കോളേജുകൾ അറവുശാലകളാണെന്നാണ്. ഇവരൊക്കെ മറ്റു വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശം എന്താണ്? കോപ്പിയടി എന്നല്ല എന്ത് തെറ്റും ചെയ്യാമെന്നും വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ഞങ്ങളൊക്കെ ഉണ്ടാവുമെന്നും അല്ലേ? സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൈയടി നേടി മറ്റെന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ ഇതെല്ലാം എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.
കോപ്പിയടി തെറ്റാണെന്നും വിദ്യാർഥികൾ അതിനു ശ്രമിക്കരുതെന്നും പറഞ്ഞു കൊടുക്കേണ്ടതിനു പകരം കോപ്പിയടി പിടിച്ചവരെ ക്രൂശിക്കുന്ന ഇക്കൂട്ടർ ഈ സമൂഹത്തിന് എന്ത് ഉപകാരമാണ് ചെയ്യുന്നത്?വിജയകരമായി കോപ്പിയടിക്കുന്നവർക്ക് ട്രോഫിയും അഭിനന്ദനവും നൽകി വിടണമെന്നാണോ ഇവരുടെ അഭിപ്രായം? കടുംകൈ ചെയ്യുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ലെന്നും ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാൻ പഠിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ മന:ധൈര്യം നേടണമെന്നുമൊക്കെ പറഞ്ഞുകൊടുക്കേണ്ട ഇവരൊന്നും അങ്ങനെ ചെയ്തില്ല എന്നത് കഷ്ടം തന്നെ. വരും തലമുറകളെ അച്ചടക്കരാഹിത്യമുള്ളവരാക്കി മാറ്റി എന്തെങ്കിലും നേടാനായിട്ടാണോ ഇതൊക്കെ പറയുന്നത് എന്ന് ന്യായമായും സംശയിക്കാം. കോളേജുമായും പരീക്ഷാ നടത്തിപ്പുമായും അടുത്ത് പരിചയം ഉള്ളവർ പോലും അധ്യാപകരെ കുറ്റപ്പെടുത്തുന്നതു കാണുമ്പോൾ ‘ബ്രൂട്ടസ് യു റ്റു’ എന്ന് ചോദിച്ചു പോവുകയാണ്.
അധ്യാപക സമൂഹത്തോട് അന്യായം ചെയ്‌തു എന്ന കുറ്റത്തിൽ നിന്ന് ഇവർക്കൊന്നും ഒഴിഞ്ഞു മാറാനാവില്ല. വികാര വിക്ഷോഭത്തിന് അടിപ്പെട്ടിരിക്കുന്ന അവസരത്തിൽ വിദ്യാർത്ഥിനിയുടെ ബന്ധുക്കളെ കുത്തിയിളക്കി അതുമിതും ചോദിച്ച് പറഞ്ഞു പറയിപ്പിച്ച ശേഷം അതെല്ലാം പ്രക്ഷേപണം ചെയ്യുന്നത് എന്തുതരം ജേർണലിസമാണ് എന്ന് മനസ്സിലാകുന്നില്ല. അതിന് ജീർണലിസം എന്ന പുതിയ ഒരു മംഗ്ളീഷ് സംജ്ഞ നൽകണം. കോളേജുമായി വലിയ ബന്ധമില്ലാത്ത സാമാന്യ ജനത്തെകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ചീത്ത പറയിക്കുന്നതിൽ പൂർണ്ണ വിജയം നേടിയതിൽ ഇവർക്കെല്ലാം ആഹ്‌ളാദിക്കാം. നുണകൾ ആയിരം തവണ ആവർത്തിച്ചുകൊണ്ട് ഭൂരിപക്ഷം വരുന്ന പൊതുസമൂഹത്തെ അധ്യാപകർക്കും മാനേജ്‌മെന്റിനും എതിരാക്കുന്നതിൽ വിജയിച്ചു എന്നിവർക്ക് അഭിമാനം കൊള്ളാം. എന്നാൽ വലിയ സാമൂഹ്യ ദ്രോഹമാണ് ഇവർ ചെയ്‌തതെന്ന് കാലം തെളിയിക്കും.ചാനലുകളിലൂടെ നിരായുധരായ അധ്യാപകരെ അപമാനിക്കുന്നതിലും കുറ്റക്കാരാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതിലും എന്ത് മര്യാദയാണുള്ളത്? എന്ത് കഴിവാണുള്ളത്?
അന്വേഷണത്തിനൊടുവിൽ വിദ്യാർത്ഥിനി കുറ്റക്കാരിയാണ് എന്ന് ബോധ്യപെട്ടാൽ കോളേജിനുണ്ടായ മാനഹാനിക്ക് ആര് ഉത്തരം പറയും? ആര് നഷ്ടപരിഹാരം നൽകും? ഇവർ ആരോപണങ്ങളെല്ലാം പിൻവലിച്ചു ഇതേ മാധ്യമങ്ങളിലൂടെ മാപ്പു പറയാൻ തയ്യാറാകണം. അതാണ് മാന്യതയും സംസ്കാരവുണ്ടെങ്കിൽ ചെയ്യേണ്ടത്.
കഴിഞ്ഞ 25 വർഷമായി അക്കാദമിക്-അക്കാദമികേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ചേർപ്പുങ്കൽ കോളേജിലെ അധ്യാപകർ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കരുതി പഠിപ്പിക്കുന്നവരാണ്. അവർക്ക് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ തികച്ചും സാത്വികനായ ഒരു വന്ദ്യ വൈദികനാണ്. പക്ഷേ അവരെല്ലാം ഇന്ന് ഏറെ ദു:ഖിതരും നിരാശരുമാണ്. കേരളത്തിലാകമാനമുള്ള അധ്യാപകരും സത്യത്തിൽ ചിന്താക്കുഴപ്പത്തിലാണ്. കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതാൻ വരുന്നവരെ വിഡ്ഢികളാക്കണോ അതോ രക്ഷിക്കണമോ?
കഴിഞ്ഞ കാലങ്ങളിൽ വിദ്യാർത്ഥികൾ ചെയ്ത കടുംകൈകളുടെ കാരണങ്ങൾ ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും. മൊബൈൽ ഫോൺ പിടിച്ചതിന്, ഹോംവർക്ക് ചെയ്യാത്തതിന് വഴക്ക് പറഞ്ഞതിന്, ബൈക്കിൽ കറങ്ങി നടന്നതിന് ശകാരിച്ചതിന്, നിലയില്ലാക്കയത്തിൽ കുളിക്കാനിറങ്ങിയതിന്, അനാവശ്യ കൂട്ടുകെട്ടുകൾ പാടില്ല എന്ന് പറഞ്ഞതിന് ഒക്കെ കടുംകൈ ചെയ്ത വിദ്യാർത്ഥികളെ ന്യായീകരിച്ചവർ യഥാർത്ഥത്തിൽ അവർക്ക് വളം വച്ച് കൊടുക്കുകയാണ് അന്ന് ചെയ്തത്. നാം വിതയ്ക്കുന്നതേ നമുക്ക് കൊയ്യാനാവുകയുള്ളു എന്ന് സമൂഹത്തിലെ എല്ലാവരും മനസ്സിലാക്കണം. അന്നെല്ലാം അധ്യാപകർക്ക് മാത്രമാണ് എല്ലാവരുടെയും പഴി കേൾക്കേണ്ടി വന്നിട്ടുള്ളത്. മിക്ക കേസുകളിലും അധ്യാപകർക്ക് പ്രതികളായി സ്റ്റേഷനിലും കോടതിയിലും ഒക്കെ കയറിയിറങ്ങേണ്ടി വന്നിട്ടുമുണ്ട്.
പരീക്ഷാഹാളിൽ കോപ്പിയടി കണ്ടാൽ എന്ത് ചെയ്യണമെന്ന്, പ്രസ്തുത സംഭവത്തിൽ കോളേജിനെ കുറ്റപ്പെടുത്തിയ എല്ലാവരും ഒന്ന് ചേർന്ന് കൂടിയാലോചിച്ചശേഷം കിറുകൃത്യമായി എഴുതി തന്നാൽ നന്നായിരിക്കും. മൊബൈൽ ഫോണിന്റെ കാര്യത്തിലും ഇത് ആവശ്യമാണ്. കാരണം നാളെ വീണ്ടും കോപ്പിയടി ഉണ്ടാവാം. മൊബൈലിൻറെ ദുരുപയോഗം ഉണ്ടാകാം. അതുപോലെ ഹിതകരമല്ലാത്ത മറ്റു പലതും വിദ്യാർത്ഥികൾ ചെയ്യുവാനിടയുണ്ട്. എന്തായാലും അധ്യാപകരുടെയും കോളേജിന്റെയും മേൽ ഇനിയും കുതിര കയറുന്നത് ശരിയല്ല.
മേല്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവരുടെയും ചിന്തയ്ക്കായി ചില ചോദ്യങ്ങൾ ഉന്നയിക്കട്ടെ.
1. കോപ്പിയടി നിയമവിരുദ്ധമാണോ?
2. യൂണിവേഴ്‌സിറ്റിയുടെ കോപ്പിയടി സംബന്ധമായ നിയമം എന്താണ്?
3 . കോപ്പിയടി കണ്ടാൽ അധ്യാപകർ എന്ത് ചെയ്യണം?
4 . കോപ്പിയടി പിടിച്ചാലുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
5 . കോപ്പിയടി നിയമവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു കൂടെ?
6 . പരീക്ഷാ സമ്പ്രദായത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമാണോ?
7 . ചാനലുകളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ ഇടണോ?
8 . മാധ്യമങ്ങളിലൂടെ ആരെപ്പറ്റിയും എന്തും പ്രചരിപ്പിക്കാമെന്ന നിലവിലെ അവസ്ഥ ശരിയോ?
9 . സാമൂഹ്യ ഉത്തരവാദിത്വവും പ്രതിബദ്ധതയും അധ്യാപകർക്ക് മാത്രം മതിയോ?
10 . തെറ്റിന് നേരെ കണ്ണടയ്ക്കുക എന്നതാണോ മനുഷ്യത്വം എന്നതിന്റെ അർഥം ?
(പാലാ സെന്റ് തോമസ് കോളേജിലെ റിട്ടയേർഡ് പ്രൊഫസറാണ് ലേഖകൻ.)

Leave a comment