🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ
Monday of week 11 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 26: 7, 9
കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;
എന്റെ സ്വരം ശ്രവിക്കണമേ.
അങ്ങ് എന്റെ സഹായകനാകണമേ.
എന്റെ രക്ഷകനായ ദൈവമേ,
അങ്ങ് എന്നെ കൈവെടിയുകയോ
തിരസ്‌കരിക്കുകയോ ചെയ്യരുതേ.
സമിതിപ്രാര്‍ത്ഥന
അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങയുടെ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങയുടെ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 21:1-16
അവര്‍ നാബോത്തിനെ കല്ലെറിഞ്ഞു കൊന്നു.
അക്കാലത്ത്, ജസ്രേല്‍ക്കാരനായ നാബോത്തിന് ജസ്രേലില്‍ സമരിയാ രാജാവായ ആഹാബിന്റെ കൊട്ടാരത്തോടു ചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാള്‍ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണു വേണ്ടതെങ്കില്‍ വിലതരാം. എന്നാല്‍, നാബോത്ത് പറഞ്ഞു: എന്റെ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവ് ഇടയാക്കാതിരിക്കട്ടെ. എന്റെ പിതൃസ്വത്ത് ഞാന്‍ അങ്ങേക്കു നല്‍കുകയില്ല എന്ന് ജസ്രേല്‍ക്കാരനായ നാബോത്ത് പറഞ്ഞതില്‍ രോഷാകുലനായി ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി. അവന്‍ മുഖം തിരിച്ചു കട്ടിലില്‍ കിടന്നു; ഭക്ഷണം കഴിച്ചതുമില്ല. അവന്റെ ഭാര്യ ജസെബെല്‍ അടുത്തുവന്നു ചോദിച്ചു: അങ്ങ് എന്താണിത്ര ക്‌ഷോഭിച്ചിരിക്കുന്നത്? ഭക്ഷണം കഴിക്കുന്നില്ലല്ലോ? അവന്‍ പറഞ്ഞു: ജസ്രേല്‍ക്കാരനായ നാബോത്തിനോട് അവന്റെ മുന്തിരിത്തോട്ടം വിലയ്ക്കു തരുക അല്ലെങ്കില്‍ വേറൊന്നിനു പകരമായി തരുക എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, തരുകയില്ല എന്ന് അവന്‍ പറഞ്ഞു. ജസെബെല്‍ പറഞ്ഞു: അങ്ങാണോ ഇസ്രായേല്‍ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്ഷണം കഴിച്ചു സന്തുഷ്ടനായിരിക്കുക. ജസ്രേല്‍ക്കാരനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ അങ്ങേക്കു തരും.
അവള്‍ ആഹാബിന്റെ പേരും മുദ്രയുംവച്ച് നഗരത്തില്‍ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും കത്തയച്ചു. അതില്‍ ഇങ്ങനെയെഴുതിയിരുന്നു: നിങ്ങള്‍ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ പ്രധാനസ്ഥാനത്ത് ഇരുത്തുകയും ചെയ്യുവിന്‍. അവനെതിരായി രണ്ടു നീചന്മാരെ കൊണ്ടുവരുവിന്‍. നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്ന് അവര്‍ കള്ളസാക്ഷ്യം പറയട്ടെ. അപ്പോള്‍ അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുവിന്‍. പട്ടണത്തിലെ ശ്രേഷ്ഠന്മാരും പ്രഭുക്കന്മാരും ജസെബെല്‍ എഴുതിയതുപോലെ പ്രവര്‍ത്തിച്ചു. അവര്‍ ഉപവാസം പ്രഖ്യാപിച്ചു. ജനത്തെ വിളിച്ചുകൂട്ടി, നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തി. നീചന്മാര്‍ ഇരുവരും അവനെതിരേ ഇരുന്നു. ഇവന്‍ ദൈവദൂഷണവും രാജദൂഷണവും പറഞ്ഞു എന്ന് അവര്‍ ജനത്തിന്റെ മുന്‍പില്‍ നാബോത്തിനെതിരായി കുറ്റം ആരോപിച്ചു. അവര്‍ അവനെ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
നാബോത്തിനെ കല്ലെറിഞ്ഞു കൊന്നവിവരം ജസെബെലിനെ അറിയിച്ചു. അതുകേട്ടയുടനെ ജസെബെല്‍ ആഹാബിനോടു പറഞ്ഞു: എഴുന്നേല്‍ക്കുക. ജസ്രേല്‍ക്കാരനായ നാബോത്ത് വിലയ്ക്കു തരാന്‍ വിസമ്മതിച്ച മുന്തിരിത്തോട്ടം കൈവശപ്പെടുത്തിക്കൊള്ളുക. നാബോത്ത് ജീവിച്ചിരിപ്പില്ല; അവന്‍ മരിച്ചു. നാബോത്ത് മരിച്ച വിവരം അറിഞ്ഞ മാത്രയില്‍ ആഹാബ് എഴുന്നേറ്റ് മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ ഇറങ്ങി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 5:2-3ab,4b-6a,6b-7
കര്‍ത്താവേ, എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
എന്റെ രാജാവേ, എന്റെ ദൈവമേ,
എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ!
കര്‍ത്താവേ, എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല;
തിന്മ അങ്ങയോടൊത്തു വസിക്കുകയില്ല.
അഹങ്കാരികള്‍ അങ്ങയുടെ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല;
അധര്‍മികളെ അങ്ങു വെറുക്കുന്നു.
കര്‍ത്താവേ, എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു;
രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.
കര്‍ത്താവേ, എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 5:38-42
ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 26:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
Or:
യോഹ 17:11
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങയുടെ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങയുടെ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment