പ്രഭാത പ്രാർത്ഥന
“നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍, ആരാണിവയെല്ലാം സൃഷ്ടിച്ചത്? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണ മനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവും മൂലം അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല. (ഏശയ്യാ 40:26)” ഈശോ നാഥാ, ഈ പ്രഭാതത്തിൽ അങ്ങയുടെ സവിധത്തിൽ ജീവിത ഭാരങ്ങളുമായി അണയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ അവരെ ആശ്വസിപ്പിക്കും. നാഥാ, ജീവിതത്തിന്റെ മരുഭൂമിയിൽ അലയുന്നവർക്ക് അങ്ങ് അത്താണി ആയിരിക്കണമേ. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് കഴിയുന്ന അനേകം മക്കളുണ്ട്. വരാനിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ ആയി തീർന്നേക്കാം എന്ന് ഭയക്കുന്നവർ ഉണ്ട്. കർത്താവെ എല്ലാം അനുഗ്രഹമാക്കി മാറ്റണമേ. ഭൂമി മനുഷ്യർക്ക് ജീവിക്കുവാൻ സാധിക്കാത്ത ഒന്നായി മാറുവാൻ അങ്ങു അനുവദിക്കരുതേ. ഞങ്ങളുടെ നിലവിളി ദൈവമേ അവിടുന്ന് ശ്രവിക്കണമേ. കോവിഡ് പത്തൊന്പത് എന്ന മഹാമാരി തുടച്ചു നീക്കുവാൻ മനുഷ്യ രാശിയെ സഹായിക്കണമേ. വാക്സിനാലും മരുന്നാലും ഈ മഹാമാരിയെ നിയന്ത്രിക്കുമ്പോൾ തന്നെ അങ്ങയുടെ കരുതൽ അനുഭവിക്കുവാൻ ഞങ്ങളെ ഒരുക്കണമേ. ദൈവമേ ഇന്നേ ദിനത്തിൽ ഞങ്ങളുടെ രാജ്യത്ത് കോവിഡ് ബാധിച്ചവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ ആശ്വസിപ്പിക്കണമേ. അവരും കുടുംബവും കടന്നു പോകുന്ന വേദനയുടെ ആഴത്തിൽ മാലാഖമാരുടെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ. പ്രാർത്ഥിക്കുവാൻ ദേവാലയത്തിൽ പോകുവാൻ സാധിക്കാത്ത എല്ലാവരെയും ഓർക്കുന്നു. നാഥാ, ഭവനത്തിൽ നിന്നുമുള്ള അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ. ഏങ്ങലടികൾ അവിടുന്ന് കാണണമേ. കർത്താവെ രോഗശയ്യയിൽ ആയിരിക്കുന്നവർക്ക് ആശ്വാസം നല്കണമേ. ദാരിദ്രത്തിൽ ആയിരിക്കുന്നവർക്ക് ധനം നൽകണമേ. അയൽക്കാരനെ കരുതുന്നവർ ആകുവാൻ ഞങ്ങൾക്ക് കരുത്തു പകരണമേ. വിശ്വാസത്തിലും വിശുദ്ധിയിലും കൂടുതൽ വളരുവാൻ ഞങ്ങളെ സഹായിക്കണമേ. ഇന്നേ ദിനത്തിൽ ഒരാൾക്ക് എങ്കിലും ദൈവ സ്നേഹം പകർന്നു നൽകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ

Leave a comment