വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരജപം

ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങള്‍ ഏറ്റവും വലിയ പാപികളായിരുന്നാലും അങ്ങേ സന്നിധിയില്‍ ഭയഭക്തിവണക്കത്തോടുകൂടെ സാഷ്ടാംഗമായി വീണു അങ്ങുന്ന് ഞങ്ങളുടെമേല്‍ അലിവായിരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പാപങ്ങളെയും നന്ദികേടിനെയും വിചാരിച്ച് ഏറ്റവും മനസ്താപപ്പെടുന്നു. അവ എല്ലാം എന്നന്നേക്കും തള്ളിനീക്കുന്നതിനും ഞങ്ങളാല്‍ കഴിയുംവണ്ണം അവയ്ക്കു പരിഹാരം ചെയ്യുന്നതിനും ഞങ്ങള്‍ തുനിയുന്നു. അടിയങ്ങള്‍ അങ്ങേയ്ക്ക് ചെയ്ത ദ്രോഹങ്ങള്‍ക്കായിട്ടും അജ്ഞാനികള്‍, പതിതര്‍, ദുഷ്ടക്രിസ്ത്യാനികള്‍ മുതലായവര്‍ അങ്ങേയ്ക്കു ചെയ്ത നിന്ദാപമാനങ്ങള്‍ക്കായിട്ടും ഏറ്റവും ദുഃഖിച്ചു മനസ്താപപ്പെട്ടു അവയെ അങ്ങു പൊറുക്കുകയും സകലരേയും നല്‍വഴിയില്‍ തിരിച്ച് രക്ഷിക്കുകയും ചെയ്യണമെന്നു അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ തിരുഹൃദയത്തിനു ചെയ്യപ്പെടുന്ന നിന്ദാപമാന ദ്രോഹങ്ങളൊക്കെയ്ക്കും, പരിഹാരമായിട്ട് അല്‍പമായ ഞങ്ങളുടെ ആരാധനാ സ്തോത്രങ്ങളെയും മോക്ഷത്തില്‍ വാഴുന്ന സകല മാലാഖമാരുടെയും പുണ്യാത്മക്കളുടെയും ആരാധനാ പുകഴ്ചകളെയും ഭൂലോകത്തുള്ള സകല പുണ്യാത്മാക്കളുടെ സ്തുതിനമസ്കാരങ്ങളെയും ഏറ്റം എളിമ വിനയത്തോടുകൂടെ അങ്ങേയ്ക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ ഏക ശരണമേ! ഞങ്ങളെ മുഴവനും ഇപ്പോഴും എന്നേയ്ക്കുമായിട്ട് അങ്ങേ തിരുഹൃദയത്തിനു കാഴ്ച വയ്ക്കുന്നു. നാഥാ! ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങേ കൈവശമാക്കി ശുദ്ധീകരിച്ച് പരിശുദ്ധ ഹൃദയങ്ങളാക്കിയരുളണമേ. ഞങ്ങള്‍ ജീവനോടു കൂടെയിരിക്കുംവരെയും ഞങ്ങളെ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചരുളണമേ. അങ്ങ് സകല മനുഷ്യര്‍ക്കായിട്ടു സ്ലീവാമരത്തിനുമേല്‍ ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഈ അപേക്ഷകളെല്ലാം കര്‍ത്താവേ! ഞങ്ങള്‍ക്കു തന്നരുളണമേ! ആമ്മേന്‍.

Leave a comment