Prayer to the Sacred Heart of Jesus

ഈശോയുടെ ദിവ്യഹൃദയത്തിനു സ്വയം കാഴ്ച വയ്ക്കുന്ന ജപം

Sacred Heart of Jesus 32

എത്രയും മാധുര്യമുള്ള ഈശോയേ! മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷിതാവേ! അങ്ങേ തിരുപീഠത്തിന്‍ മുമ്പാകെ മഹാ എളിമയോടും വണക്കത്തോടും കൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഞങ്ങളെ തൃക്കണ്‍പാര്‍ക്കണമേ. ഞങ്ങള്‍ അങ്ങയുടേതാകുന്നു. സദാകാലവും അങ്ങേ സ്വന്തമായിരിക്കുന്നതിന് ഞങ്ങള്‍ മനസ്സായിരിക്കുകയും ചെയ്യുന്നു. എന്നാലും കര്‍ത്താവേ! ഉറപ്പായിട്ട് അങ്ങയോടു ഞങ്ങളെ ചേര്‍ത്തൊന്നിപ്പിക്കുന്നതിനായി ഇതാ ഇന്നെ ദിവസം ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളെ മുഴുവനായി അങ്ങേ പരിശുദ്ധ ഹൃദയത്തിനു കാഴ്ച വയ്ക്കുന്നു. ഹാ! കര്‍ത്താവേ! അനവധി ആളുകള്‍ ഇപ്പോഴും അങ്ങയെ അറിയാതെയിരിക്കുന്നു. മറ്റുപലരോ എന്നാല്‍ അങ്ങേ ഉപദേശങ്ങളെ നിന്ദിക്കുകയും അങ്ങയെ തള്ളിക്കളയുകയും ചെയ്യുന്നു. അനുഗ്രഹം നിറഞ്ഞ ഈശോയേ! ഇവരെല്ലാവരുടെമേലും കൃപയായിരിക്കണമേ. അങ്ങേ തിരുഹൃദയത്തിലേക്ക് അവരെ ചേര്‍ത്തരുളേണമേ. കര്‍ത്താവേ! അങ്ങേ ഒരിക്കലും പിരിഞ്ഞുപോകാതെ അങ്ങേ വിശ്വാസികളുടെ മാത്രം രാജാവായിരിക്കാതെ അങ്ങയെ വിട്ടകന്നുപോയ ധൂര്‍ത്തരായ മക്കളുടെയും രാജാവായിരിക്കണമേ. കഷ്ടാനുഭവവും വിശപ്പും കൊണ്ട് മരിച്ചുപോകാതെ ഞങ്ങളുടെ പിതാവിന്‍റെ ഭവനത്തിലേക്ക് ശീഘ്രം പിന്തിരിയുന്നതിന് അവര്‍ക്ക് അനുഗ്രഹം നല്‍കണമേ. തെറ്റുകളാല്‍ വഞ്ചിക്കപ്പെട്ട് അങ്ങേ തിരുസ്നേഹത്തില്‍ നിന്നും അകന്നുപോയിരിക്കുന്നവരുടെ മേലും അങ്ങേ ആധിപത്യം സ്ഥാപിക്കുക. സത്യത്തിന്‍റെ തുറമുഖത്തിലേക്കും അവരെ തിരികെ വിളിച്ചരുളുക. ഇപ്രകാരം വേഗത്തില്‍ ഏക ആട്ടിന്‍കൂട്ടവും ഏക ഇടയനും മാത്രമായിത്തീരട്ടെ. കര്‍ത്താവേ! അങ്ങേ തിരുസ്സഭയ്ക്കു സ്വാതന്ത്ര്യം കൊടുത്തരുളുക. ഉപദ്രവങ്ങളൊക്കെയില്‍ നിന്നും അതിനെ കാത്തു കൊള്‍ക. എല്ലാ ജാതി ജനങ്ങളുടെയും ഇടയില്‍ സമാധാനം സ്ഥാപിച്ചരുളുക. “ഞങ്ങളുടെ രക്ഷകനായ പരിശുദ്ധ ഹൃദയം വാഴ്ത്തപ്പെട്ടതാകട്ടെ. സദാകാലവും അതിനു സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.” എന്നിങ്ങനെ ലോകത്തില്‍ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ നിത്യവും മുഴങ്ങിക്കൊണ്ടിരിക്കുന്നതിനു കൃപ ചെയ്തരുളണമേ. ആമ്മേന്‍.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment