🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ
12th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 27: 8-9
കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയും
തന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.
കര്‍ത്താവേ, അങ്ങയുടെ ജനത്തെ സംരക്ഷിക്കണമേ.
അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കുകയും
അവരെ എന്നും നയിക്കു കയും ചെയ്യണമേ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍
അങ്ങ് പണിതുയര്‍ത്തിയവരെ
അങ്ങയുടെ സംരക്ഷണത്തില്‍ നിന്ന്
അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.
അങ്ങയുടെ നാമത്തോട് എപ്പോഴും ഞങ്ങള്‍
ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 20:10-13
ദുഷ്ടരുടെ കൈയില്‍ നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.
ജെറമിയ പറഞ്ഞു:
പലരും അടക്കം പറയുന്നതു ഞാന്‍ കേള്‍ക്കുന്നു:
സര്‍വത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക,
നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം.
എന്റെ കൂട്ടുകാരായിരുന്നവര്‍ ഞാന്‍ വീഴുന്നതു കാണാന്‍ കാത്തിരിക്കുകയാണ്.
അവനു വഴിതെറ്റിയേക്കാം.
അപ്പോള്‍ നമുക്ക് അവന്റെ മേല്‍ വിജയം നേടാം;
പ്രതികാരം നടത്തുകയും ചെയ്യാം.
എന്നാല്‍ വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്.
അതിനാല്‍ എന്റെ പീഡകര്‍ക്കു കാലിടറും.
അവര്‍ എന്റെ മേല്‍ വിജയം വരിക്കുകയില്ല.
വിജയിക്കാതെ വരുമ്പോള്‍ അവര്‍ വല്ലാതെ ലജ്ജിക്കും.
അവര്‍ക്കുണ്ടാകുന്ന നിത്യമായ അവമാനം
ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.
സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും
ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ,
അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ എന്നെ അനുവദിക്കണമേ.
അങ്ങിലാണല്ലോ ഞാന്‍ ആശ്രയിക്കുന്നത്.
കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, ദുഷ്ടരുടെ കൈയില്‍ നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 69:8-10,14,17,33-35
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
അങ്ങയെ പ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും
ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്തതും.
അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത
എന്നെ വിഴുങ്ങിക്കളഞ്ഞു;
അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം
എന്റെമേല്‍ നിപതിച്ചു.
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു,
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക്
ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
കര്‍ത്താവേ, എനിക്കുത്തരമരുളണമേ!
അങ്ങയുടെ അചഞ്ചല സ്‌നേഹം അതിശ്രേഷ്ഠമാണല്ലോ;
കരുണാസമ്പന്നനായ അവിടുന്ന് എന്നെ കടാക്ഷിക്കണമേ!
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ!
ദൈവത്തെ അന്വേഷിക്കുന്നവരേ,
നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു;
ബന്ധിതരായ സ്വന്തം ജനത്തെഅവിടുന്നു നിന്ദിക്കുകയില്ല.
ആകാശവും ഭൂമിയും, സമുദ്രങ്ങളും
അവയില്‍ സഞ്ചരിക്കുന്ന സമസ്തവുംഅവിടുത്തെ സ്തുതിക്കട്ടെ!
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
രണ്ടാം വായന
റോമാ 5:12-15
പാപംപോലെയല്ല കൃപാദാനം.
ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്. എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപം മൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു!
കർത്താവിന്റ വചനം
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 10:26-33
ശരീരത്തെ കൊല്ലുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, സംപ്രീതിയുടെയും സ്തുതിയുടെയും
ഈ ബലി സ്വീകരിക്കണമേ.
അതിന്റെ പ്രവര്‍ത്തനത്താല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേക്ക് പ്രീതികരമായ ഞങ്ങളുടെ മാനസങ്ങളുടെ
സ്‌നേഹാര്‍പ്പണം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 144: 15
കര്‍ത്താവേ, എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിച്ചിരിക്കുകയും
അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുകയും ചെയ്യുന്നു.
Or:
യോഹ 10: 11, 15
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, തിരുശരീരത്തിന്റെയും
അമൂല്യമായ രക്തത്തിന്റെയും പോഷണത്താല്‍ നവീകൃതരായി,
അങ്ങയുടെ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, നിരന്തരഭക്തിയാല്‍ അനുഷ്ഠിക്കുന്നത്
സുനിശ്ചിതമായ രക്ഷയിലൂടെ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment