ദിവ്യബലി വായനകൾ The Immaculate Heart of Mary 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി

The Immaculate Heart of Mary 
on Saturday of week 11 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

സങ്കീ 12:6

എന്റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദംകൊള്ളും,
എനിക്കു നന്മ ചൊരിഞ്ഞ കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിശുദ്ധാത്മാവിന് യോഗ്യമായ സ്ഥലം
പരിശുദ്ധ കന്യകമറിയത്തിന്റെ ഹൃദയത്തില്‍ അങ്ങ് ഒരുക്കിയല്ലോ.
അതേ കന്യകമാതാവിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങയുടെ മഹത്ത്വത്തിന്റെ യോഗ്യമായ ആലയങ്ങളായിത്തീരാന്‍
ഞങ്ങളെ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 61:9-11
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും.
അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടും;
കര്‍ത്താവിനാല്‍ അനുഗൃഹീതമായ ജനമെന്ന്
അവരെ കാണുന്നവര്‍ ഏറ്റുപറയും.

ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും;
എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും;
വരന്‍ പുഷ്പമാല്യമണിയുന്നതുപോലെയും
വധു ആഭരണഭൂഷിതയാകുന്നതുപോലെയും
അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും
നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.

മണ്ണില്‍ മുള പൊട്ടി വരുന്നതുപോലെയും
തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതുപോലെയും
ജനതകളുടെ മുന്‍പില്‍ നീതിയും സ്തുതിയും
ഉയര്‍ന്നുവരാന്‍ കര്‍ത്താവ് ഇടയാക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
1 സാമു 2:1,4-8

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
എന്റെ ശിരസ്സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു.
എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു.
എന്തെന്നാല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

വീരന്മാരുടെ വില്ലുകള്‍ തകരുന്നു.
ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
സുഭിക്ഷം അനുഭവിച്ചിരുന്നവര്‍
ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു.
വിശപ്പ് അനുഭവിച്ചിരുന്നവര്‍ സംതൃപ്തി അടയുന്നു,
വന്ധ്യ ഏഴു പ്രസവിക്കുന്നു.
സന്താന സമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു.
അവിടുന്നു പാതാളത്തിലേക്കിറക്കുകയും
അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.
ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്.
താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

ദരിദ്രനെ അവിടുന്നു ധൂളിയില്‍ നിന്ന് ഉയര്‍ത്തുന്നു.
അഗതിയെ കുപ്പയില്‍ നിന്നു സമുദ്ധരിക്കുന്നു.
അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി,
ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം
ലൂക്കാ 2:41-51b
നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു.

യേശുവിന്റെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമില്‍ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെ തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു. അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ ദൈവമാതാവായ മറിയത്തിന്റെ
സ്മരണ ആഘോഷിച്ചുകൊണ്ട് അര്‍പ്പിക്കുന്ന
അങ്ങയുടെ വിശ്വാസികളുടെ
പ്രാര്‍ഥനകളും കാഴ്ചദ്രവ്യങ്ങളും തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഇവ അങ്ങേക്ക് പ്രീതികരമായി ഭവിക്കുകയും
ഞങ്ങളില്‍ അവ പാപമോചനവും സഹായവും
ചൊരിയുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 2:19

മറിയം ഈ വാക്കുകളെല്ലാം
തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യമായ പരിത്രാണത്തില്‍
പങ്കാളികളായി തീര്‍ന്നുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങയുടെ പുത്രന്റെ മാതാവിന്റെ സ്മരണ ആഘോഷിക്കുന്ന ഞങ്ങള്‍,
അങ്ങയുടെ കൃപയുടെ പൂര്‍ണതയില്‍ അഭിമാനം കൊള്ളുകയും
രക്ഷയുടെ നിരന്തരവര്‍ധന അനുഭവിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment