ഉണർന്നെഴുന്നേൽക്കുമ്പോൾ…
എനിക്കായി കരുതി വച്ചിരിക്കുന്ന സ്നേഹം സ്വന്തമായ വഴികളിലൂടെ ഓരോ ദിവസ്സവും പ്രകടമാക്കുന്ന എന്റെ ഈശോയെ, ഞാനെത്ര തന്നെ വാശി പിടിച്ചാലും നിന്റെ രീതികൾക്കും നീ നിശ്ചയിച്ച സമയത്തിനും അനുസ്സരിച്ചാണല്ലോ എന്റെ ജീവിതത്തിൽ എല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നത്… നിന്റെ സ്നേഹത്തെ പരീക്ഷിക്കാനെന്നോണം എന്തോരം കാര്യങ്ങൾക്കാണ് ഞാൻ നിന്റെയടുത്തു നിർബന്ധം പിടിച്ച് കരഞ്ഞിട്ടുള്ളത് ഈശോയെ… ‘ഇപ്പം സാധിച്ചു കിട്ടണം’, ‘കിട്ടീല്ലേൽ ഞാൻ പിണങ്ങും’ എന്നൊക്കെ വാശി പിടിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ ആണല്ലോ ഞാനെപ്പോഴും നിന്റെ മുന്നിൽ ആയിരുന്നിട്ടുള്ളത്… പലപ്പോഴും എന്റെ നിർബന്ധങ്ങൾക്കു മുന്നിൽ എന്റെ സ്വന്തം അപ്പച്ചനെപ്പോലെ ആയുധം വച്ച് കീഴടങ്ങി തന്നിട്ടുമുണ്ട് നീ… എന്റെ പിടിവാശികൾ മൂലം “എനിക്ക് വേണ്ടി ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ നല്ലതുപോലെ എല്ലാം എനിക്കായി ഒരുക്കിത്തരാൻ ഒരു ദൈവം എനിക്ക് മുന്നേ പോകുന്നുണ്ട്” എന്ന് തിരിച്ചറിയാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു ഈശോയെ… ഞാൻ ആഗ്രഹിച്ചവയൊന്നും അതുപോലെ എനിക്ക് ലഭിച്ചിട്ടില്ലെങ്കിലും നീ എനിക്ക് വേണ്ടി ആഗ്രഹിച്ച് കരുതിവച്ചവയാണ് ഇപ്പോൾ എനിക്ക് ഉള്ളതെന്ന് എനിക്കറിയാം… അബ്രഹാമിനോട് വാഗ്‌ദാനം ചെയ്ത കുഞ്ഞിനെ എത്ര വർഷങ്ങൾക്കു ശേഷമാണ് അങ്ങ് നൽകിയത്… നൂറ്റാണ്ടുകൾക്കു മുൻപേ വാഗ്‌ദാനം ചെയ്ത രക്ഷകനെ തന്നതും അങ്ങയുടെ സമയത്തല്ലേ… രക്ഷകനെ കാണാൻ ഭാഗ്യം തരണമേ എന്ന് പ്രാർത്ഥിച്ചിരുന്ന പെൺകുട്ടിക്ക് രക്ഷകന്റെ അമ്മയാകാനുള്ള അതിമധുരമായിരുന്നല്ലോ അങ്ങ് വിളമ്പി നൽകിയത്… കല്ലേറ് കൊണ്ട് കൊല്ലപ്പെടാൻ പോയവളുടെ ‘രക്ഷിക്കണേ’ എന്ന പ്രാർത്ഥനക്ക് അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതിരുന്ന നിന്റെ സൗഹൃദമാണല്ലോ അവളുമായി പങ്കുവച്ചത്… ഈശോയെ, മാമ്പഴം ചോദിച്ച എനിക്ക് മധുരമുള്ള മുന്തിരി കിട്ടിയിട്ടും ഇനിയും അർത്ഥമില്ലാതെ വാശിപിടിക്കുന്നത് പോഴത്തരമാണ് എന്ന് മനസ്സിലാക്കി തരേണമേ… അൽപ്പം വിശ്വാസ്സം കൂട്ടുണ്ടെങ്കിൽ ലോകത്തിൽ വച്ചേറ്റവും അർത്ഥമുള്ള, സുഖമുള്ള കാത്തിരിപ്പ് ദൈവത്തിന്റെ സമയത്തിനു വേണ്ടിയുള്ള കാത്തിരുപ്പാണെന്ന് ഞങ്ങൾക്ക് അനുഭവപ്പെടുത്തി തരേണമേ… ദൈവത്തിന്റെ ഹൃദയത്തിൽ എനിക്കായി പൂവിട്ട അവിടുത്തെ സ്വപ്‌നങ്ങൾ കാലമെത്തും മുൻപേ വിളവെടുക്കാൻ പറയുവാൻ ഞാനാരാണ്, ഈശോയെ?… എന്റെ ആഗ്രഹങ്ങളും നിർബന്ധങ്ങളും നോക്കാതെ നീ എനിക്കായി നട്ടു വളർത്തുന്ന നിന്റെ സ്വപ്‌നങ്ങൾ കാലമാകും വരെ കാത്തിരുന്നു ആസ്വദിക്കുവാനുള്ള ക്ഷമയും വിശ്വാസവും എനിക്ക് നൽകേണമേ… ആമേൻ

Leave a comment