Fr. George Plavilayil

മൺമറഞ്ഞ മഹാരഥൻമാർ

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

സഹൃദയനായ ജോർജ് അച്ചൻ

Fr. George Plavilayil
Fr. George Plavilayil

കത്തോലിക്കാ സഭയെ അതിരറ്റ് സ്നേഹിക്കുകയും സത്യവിശ്വാസം പ്രചരിപ്പിക്കാനായി അഹോരാത്രം അദ്ധ്വാനിക്കുകയും നിരവധിയായ എതിർപ്പുകളുടെ നടുവിലും അനേകർക്ക് വിശ്വാസ സത്യങ്ങൾ പകർന്നു നൽകാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത സഭാസ്നേഹിയായിരുന്നു തുമ്പമൺ മണ്ണിൽ കുടുംബാംഗമായ തട്ട പ്ളാവിളയിൽ P K വർഗ്ഗീസ്. മാർ ഈവാനിയോസ് പിതാവിനോടൊത്ത് 1930ൽ പുനരൈക്യപ്പെടുകയും തട്ട ഇടവകയുടെ രൂപീകരണത്തിനായി പ്രവൃത്തിക്കുകയും ചെയ്ത ആദ്യ 8 പേരിൽ ഒരാളായിരുന്ന അദ്ദേഹം ക്രിസ്തീയ ഗാനങ്ങൾ രചിക്കുകയും, പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും അത് ഇമ്പകരമായി ആലപിക്കുകയും ചെയ്തിരുന്നു. P K വർഗ്ഗീസിന്റെയും അന്നമ്മയുടെയും 10 മക്കളിൽ ആറാമനായി 1932 നവംബർ 8ന് ജോയ്‌സ് എന്ന് വിളിക്കപ്പെടുന്ന ജോർജ് ജനിച്ചു.
4 സഹോദരന്മാരും 5 സഹോദരികളുമാണ് അച്ചന്. തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചു.
പറപ്പട്ടി ഗവൺമെന്റ് LPS ലും തട്ട NSS UP സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി.

ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ തട്ട പള്ളി സന്ദർശിക്കുക പതിവായിരുന്നു. സഭയോട് ചേർന്ന് നിൽക്കുന്ന പ്ലാവിളയിൽ കുടുംബവുമായി അടുത്ത ബന്ധം പിതാവിനുണ്ടായിരുന്നു. ദൈവവിളിയോടാഭിമുഖ്യമുള്ള കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിൽ സവിശേഷമായ കൃപയുണ്ടായിരുന്ന പിതാവ് ബാലനായ ജോയ്സിലെ ഭാവി വൈദീകനെ തിരിച്ചറിഞ്ഞു. ജേഷ്ഠന്റെ മകൻ സെമിനാരിയിലുണ്ടല്ലൊ (ജോയ്സ് അച്ചന്റെ പിതാവിന്റെ ജേഷ്ഠന്റെ മകനാണ് ഫാ. തോമസ് പ്ളാവിള) അത് മതിയല്ലൊ എന്ന് ചിന്തിച്ചിരുന്ന അച്ചായനോട്, ‘നിങ്ങളുടെ കുടുംബത്തിനായി ദൈവസന്നിധിയിൽ പരിശുദ്ധ ബലിയർപ്പിക്കാൻ സ്വന്തമകനെ നൽകുന്നത് എറെ അനുഗ്രഹമല്ലേ’, എന്ന പിതാവിന്റെ വാക്കുകൾക്ക് മുമ്പിൽ ഏറെ സന്തോഷത്തോടെ ആ അപ്പൻ സമ്മതമരുളി. തുടർപഠനത്തിന് അടുത്തെങ്ങും സൗകര്യമില്ലാത്തത് അറിഞ്ഞ പിതാവ് പട്ടത്ത് സെമിനാരിയോട് ചേർന്നു ‘അപ്പസ്തോലിക് സ്റ്റുഡന്റ്’ ആകാനായി നിർദ്ദേശിച്ചു. വൈദീക ജീവിതം തിരഞ്ഞെടുക്കാനാഗ്രഹമുള്ള കുഞ്ഞുങ്ങൾ അവരുടെ സ്കൂൾ വിദ്യാഭ്യാസം സെമിനാരിയോട് ചേർന്ന് നിർവ്വഹിക്കുന്നതാണ് ‘അപ്പസ്തോലിക് സ്റ്റുഡന്റ് ‘. ജേഷ്ഠസഹോദരനായ പ്ളാവിളയിൽ തോമസച്ചൻ സെമിനാരിയിലേക്ക് അതിനകം പോയതും ഈ വിളി തിരഞ്ഞെടുക്കാൻ അച്ചന് പ്രചോദനമായി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ മംഗലപ്പുഴ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.

1959 മാർച്ച് 14ന് തിരുവനന്തപുരത്ത് സെന്റ് അലോഷ്യസ് ചാപ്പലിൽ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്നും പട്ടം സ്വീകരിച്ചു. തട്ട സെൻറ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു.

ഏനാത്ത്, അമ്പിളികോണം, കുളത്തൂർ, മരിയാഗിരി, വി.കോട്ടയം, പൂങ്കാവ്, വലഞ്ചുഴി, കുമ്മല്ലൂർ, ആദിച്ചനല്ലൂർ, പഴകുളം, പെരിങ്ങനാട്, പാറക്കൂട്ടം, ചാരുമ്മൂട്, മൈനാഗപ്പള്ളി, രാമഞ്ചിറ, ഓമല്ലൂർ, ഊന്നുകൽ, കിളിമാനൂർ, ഏറതുമ്പമൺ തുടങ്ങി നിരവധി ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തു.

തെക്കൻ മേഖലകളിൽ സഭയുടെ ആദ്യകാലങ്ങളിൽ സ്തുത്യർഹമായ സേവനവും തേജസുറ്റ മിഷൻ പ്രവർത്തനവും കാഴ്ച്ചവച്ചു. മരിയാഗിരിയിൽ ഫ്രാൻസിസ്കൻ സഹോദരന്മാരുടെ സഹായത്തോടെ അനേകം കുടുംബങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അച്ചന് സാധിച്ചു. മല്ലശേരിയിൽ കുരിശടി പണിയുന്ന സന്ദർഭത്തിൽ നിരവധിയായ എതിർപ്പുകളുണ്ടായിരുന്നെങ്കിലും അതിനെ അതിജീവിച്ചു പൂർത്തീകരിക്കുവാൻ സാധിച്ചു.

മാർ ഈവാനിയോസ് പിതാവിലൂടെ ദൈവവിളി തിരിച്ചറിഞ്ഞ അച്ചൻ മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ചു സിറിൽ മാർ ബസേലിയോസ് പിതാവിന്റെ കാലത്ത് സ്തുത്യർഹമായ ഇടവക ശുശ്രൂഷ ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ കാതോലിക്കാ സിറിൾ ബസേലിയോസ് ബാവയും അച്ചനും സഹോദരിമാരുടെ കൊച്ചുമക്കളാണ്. തൊഴിയൂർ സഭയിൽ നിന്ന് പുനരൈക്യപ്പെട്ട മാർ പീലക്സിനോസ് പിതാവുമായും ലോറൻസ് മാർ അപ്രേം പിതാവുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.

അനുഗ്രഹീതനായ ഒരു എഴുത്തുകാരനായിരുന്ന അച്ചൻ, 1. പാടുന്ന പൂങ്കുയിൽ (ഗാന സമാഹാരം)
2. മലങ്കരദീപം (ഖണ്ഡകാവ്യം)
3. ആത്മാവിന്റെ ചിറകുകൾ (ആത്മീയ സൂക്തങ്ങൾ)
4. സ്വർണ്ണവീണ
5. മുൾപടർപ്പിലെ അഗ്നിപുഷ്പം
6. നിലയ്ക്കാത്ത താളം
7. സ്വർഗ്ഗതാളം ഈ തീരത്ത്
8. മനുഷ്യജീവിതത്തിന്റെ നീർച്ചാലുകൾ എന്നിങ്ങനെ 8 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അച്ചന്റെ സ്വർണ്ണവീണ എന്ന ഗ്രന്ഥം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തുകയും പുസ്തകത്തിന്റെ സാഹിത്യശൈലിയിൽ ആകൃഷ്ടരായി അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി Honorary Doctorate നൽകി ആദരിച്ചിട്ടുമുണ്ട്.

ദീർഘകാലം തുമ്പമൺ മണ്ണിൽ കുടുംബയോഗം പ്രസിഡന്റ്‌ ആയിരുന്ന അച്ചൻ വികാരിയായിരുന്ന ഇടങ്ങളിലെല്ലാം ഇതരസഭകളിലെ വൈദികരുമായും നല്ല ബന്ധത്തിലായിരുന്നു. മഞ്ഞിനിക്കരയിലെ അഭിവന്ദ്യനായ ബെന്യാമീൻ തിരുമേനിയുമായി ഉറ്റ സൗഹൃദത്തിൽ ആയിരുന്നു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിൽ അച്ചൻ ശ്രദ്ധിച്ചിട്ടുണ്ട്. ജാതിമത ഭേദമെന്യേ പഠിക്കാൻ കഴിവുള്ള നിർദ്ധനരായ കുട്ടികളെ കണ്ടെത്തി സഹായിച്ചിരുന്നു.

2005 മാർച്ച് 4ന് ഹൃദയ സംബന്ധമായ രോഗം മൂലം അച്ചൻ ലോകത്തോട് വിടപറഞ്ഞു. തട്ട പള്ളിയിൽ സംസ്കരിച്ചു.

കടപ്പാട് : P. V. ജോസ് പ്ളാവിളയിൽ (സഹോദരൻ)
അനിൽ ജോൺ (സഹോദരപുത്രൻ)
ബ്ര. ടോഷ് തോമസ് (തട്ട ഇടവകാംഗം)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil

 


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment