പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു.(യോഹന്നാ‌ന്‍ 14:6-7)” നല്ല ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. മനോഹരമായ ഈ പ്രഭാതത്തിലേയ്ക്ക് ഞങ്ങൾ കണ്ണുകൾ തുറക്കുമ്പോൾ അനേകം ജവാന്മാർ അതിർത്തിയിൽ ഭയവും, സംഘർഷവും നിറഞ്ഞ ഒരു രാത്രി കൂടി പിന്നിട്ടിരിക്കുന്നു. മാതൃ രാജ്യം സുരക്ഷിതമായിരിക്കുന്നതിനു വേണ്ടി സ്വജീവൻ പോലും തൃണ വത്കരിച്ചു കൊണ്ട് അതിർത്തികളിൽ ആയിരിക്കുന്ന എല്ലാ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കണമേ. സമാധാന പാലനത്തിനു കൃപ നൽകി ഞങ്ങളുടെ ഭരണാധികാരികളെ സഹായിക്കണമേ. വലിയ നന്മകൾ ഇന്നേ ദിനത്തിൽ സംഭവിക്കട്ടെ. രക്ത ചൊരിച്ചിലും , യുദ്ധങ്ങളും ഇല്ലാതെ ദേശത്തെ സംരക്ഷിക്കുവാൻ ഞങ്ങളുടെ രാജ്യത്തിനു മേൽ കരുണ ആയിരിക്കണമേ. പിതാവേ, ഇപ്പോഴും കൂടുതലായി കടന്നു വരുന്ന കൊറോണ വൈറസിൻറെ അക്രമണങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആവശ്യമായ ആരോഗ്യ പരിപാലകരെയും ഉപകരണങ്ങളും നൽകി ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ. കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാൻ ശാസ്ത്ര ലോകത്തിനു കഴിയട്ടെ. അടച്ചിട്ടിരിക്കുന്ന പള്ളികൾ തുറക്കുവാനും ദേവാലയ ശുശ്രുഷകൾ വീണ്ടും നല്കപ്പെടുവാനും ദൈവമേ അങ്ങ് കൃപയാകണമേ. ഇന്നേ ദിനത്തിൽ വിവിധങ്ങളായ പദ്ധതികൾക്ക് വേണ്ടി പോകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ അവരുടെ ആഗ്രഹങ്ങൾ പൂവണിയട്ടെ. രോഗ പീഡകളിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിയ്ക്കട്ടെ. കടബാധ്യതകളിൽ വിഷമിക്കുന്നവർക്ക് വിടുതൽ ലഭിയ്ക്കട്ടെ. ദൈവമേ വലിയ അനുഗ്രഹങ്ങൾ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. സന്തോഷത്താലും സമൃദ്ധിയാലും ഞങ്ങളെ നിറയ്ക്കണമേ. ആമേൻ

 


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment