പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.(യോഹന്നാ‌ന്‍ 9;2-3)”
സ്നേഹ സ്വരൂപനായ ഈശോനാഥാ, ഈ പ്രഭാതത്തിൽ ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും, ആശങ്കകളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ, ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. ഈ ദിനത്തിൽ ഞങ്ങൾ കടന്നു പോകുന്ന എല്ലാ വഴികളും അങ്ങ് അറിയുന്നുവല്ലോ. പ്രതി സന്ധികളെ നേരിടുവാൻ കരുത്തു നല്കണമേ. വിചാരത്താലും, പ്രവർത്തിയാലും വാക്കിനാലും പാപം ചെയ്യുവാൻ ഇടയാക്കരുതേ. മറ്റുള്ളവരെ പാപത്തിലേയ്ക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ദൈവമേ ഞങ്ങളെ അനുവദിക്കരുതേ. വിവേക പൂർവം പ്രവർത്തിക്കുവാനും, വികാരത്തിന് അടിമപ്പെടാതെ തീരുമാനങ്ങൾ എടുക്കുവാനും മറ്റുള്ളവരുടെ നന്മയെ കരുതി പ്രവർത്തിക്കുവാനും ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ലോകം കടന്നു പോകുന്ന വലിയ പ്രതിസന്ധികളെ ഓർക്കുകയാണ്. കോവിഡ് പത്തൊന്പത്തിന്റെ സംഹാരം ഇനിയും തുടരുമ്പോൾ നാഥാ, ഞങ്ങളെ സംരക്ഷിക്കണമേ. വിലാപത്തിന്റെ ഈ കാലം കടന്നു പോകുവാൻ ഇടയാക്കണമേ. കാലവർഷത്തിന്റെ നാളുകളിൽ ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ. പ്രളയവും, ഉരുൾ പൊട്ടലും കടൽ ക്ഷോഭങ്ങളും ഞങ്ങളെ വിഴുങ്ങുവാൻ അനുവദിക്കരുതേ. കോവിഡ് ബാധിതരായി ശുശ്രുഷിക്കുവാൻ ആരുമില്ലാതെ കഴിയുന്ന പ്രവാസികളായ സഹോദരങ്ങളെ ഓർക്കുന്നു. കർത്താവെ അവരുടെ മേൽ കരുണ ആയിരിക്കണമേ. അവരുടെ വേദനകളിൽ അങ്ങ് ആശ്വാസം പകരണമേ. രോഗസൗഖ്യം നൽകി വലിയ നന്മകളിലേയ്ക്ക് അവരെ നയിക്കണമേ. പരിശുദ്ധ ആത്മാവേ എളിമയെന്ന പുണ്യം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ഞങ്ങളുടെ പ്രവർത്തനങ്ങളെ അവിടുന്ന് നോക്കി കാണുകയും ഇടപെടുകയും ചെയ്തു കൊണ്ട് ഞങ്ങളുടെ സഹായകനായി വർത്തിക്കണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment