Thiruhrudaya Vanakkamasam, June 28 / Day 28

ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം

ജൂണ്‍ ഇരുപത്തിയെട്ടാം തീയതി

Sacred Heart of Jesus 50

ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം

ജനിച്ചാല്‍ മരിക്കണണമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാകുന്നു. പാപം മുഖാന്തിരത്താല്‍ മരണം ലോകത്തിലേക്കു കടന്നുവെന്നു വേദാഗമം സാക്ഷിക്കുന്നു. പരമസ്രഷ്ടാവായ ദൈവം ആദിമാതാപിതാക്കന്‍മാരായ ആദത്തേയും ഹവ്വയേയും സൃഷ്ടിച്ച് പറുദീസായില്‍ അവര്‍ക്ക് ലൗകികമായ സകല സൗഭാഗ്യങ്ങളും നല്‍കി. എന്നാല്‍ വിലക്കപ്പെട്ട കനിയെ ഭക്ഷിച്ച ഉടനെ “നിങ്ങള്‍ മരിക്കും” എന്നായിരുന്നു ദൈവം അവരോടു കല്‍പ്പിച്ചത്. ഈ ആദിമാതാപിതാക്കന്മാര്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളായിരുന്നതിനാല്‍ ഇവര്‍ക്കുണ്ടായ ശിക്ഷ അന്നുമുതല്‍ ഉണ്ടാകുവാനിരുന്ന സകല മനുഷ്യരിലും വ്യാപിപ്പാനിടയായി. ചിലര്‍ ദീര്‍ഘകാലം ജീവിച്ചും ചിലര്‍ യൗവനപ്രായത്തിലും മറ്റിചിലര്‍ ശിശുപ്രായത്തിലും എങ്ങനെയെങ്കിലും മരിക്കാതെ നിവൃത്തിയില്ല. ഈ സത്യം ലോകാരംഭം മുതല്‍ ഇന്നുവരെയുള്ള സംഭവങ്ങള്‍ കൊണ്ട് ബോദ്ധ്യപ്പെടാവുന്നവയാണ്.

ഭാഗ്യം അല്ലെങ്കില്‍ ദുര്‍ഭാഗ്യം എന്നിവയുടെ ആരംഭം ഭാഗ്യമായ അഥവാ നിര്‍ഭാഗ്യമായ ഒരു മരണത്തിന്‍റെ ഫലമാകുന്നു. എന്നാല്‍ ഈ മരണം വാര്‍ദ്ധക്യത്തിലോ, യൗവ്വനപ്രായത്തിലോ, സ്വഭവനത്തില്‍ വച്ചോ, അന്യസ്ഥലങ്ങളില്‍ വച്ചോ, ദൈവപ്രസാദസ്ഥിതിയിലോ, പാപത്താല്‍ അശുദ്ധമായിരിക്കുമ്പോഴോ എപ്പോഴെന്നും എവിടെവച്ചെന്നും കണ്ടുപിടിക്കാന്‍ മനുഷ്യര്‍ ശക്തരല്ല. എന്തുകൊണ്ടെന്നാല്‍ ആലോചിക്കാത്ത ആ നാഴികയില്‍ ഒരു കള്ളനെപ്പോലെ താന്‍ വരുമെന്ന് പരമ ഗുരുവായ ഈശോമിശിഹാ അരുളിച്ചെയ്തിരിക്കുന്നു. ആകയാല്‍ നിന്‍റെ മരണത്തിന്‍റെ നാഴിക അറിയുന്നയാള്‍ സത്യദൈവമായ ഈശോമിശിഹാ ആകുന്നു. അവിടുന്ന്‍ ഇതിനെ വെളിപ്പെടുത്തുന്നില്ലായെങ്കില്‍ യാതൊരു സൃഷ്ടികള്‍ക്കും കണ്ടുപിടിക്കാനും അറിയുവാനും ഒരിക്കലും കഴിയുകയില്ല.

അതിനാല്‍ നിന്‍റെ ജീവിതകാലത്തില്‍ ഈശോയുടെ പുണ്യങ്ങളെ കണ്ടുപഠിക്കുകയും തന്‍റെ ദിവ്യഹൃദയത്തെ സ്നേഹിക്കുകയും ചെയ്‌താല്‍ തന്‍റെ പ്രസാദം കൂടാതെ ഒരിക്കലും മരിപ്പാന്‍ സംഗതിയാകയില്ല. മരണസമയത്തില്‍ ഉണ്ടാകുന്ന നാനാവിധ പീഡകളില്‍ നിന്നും പരീക്ഷകളില്‍നിന്നും നിന്‍റെ ആത്മാവിന് യാതൊരു അപകടവും നേരിടുകയില്ലായെന്നു തന്നെയല്ല, ഈവക ദുരിതങ്ങളാല്‍ സ്വര്‍ഗ്ഗത്തില്‍ വലുതായ ബിരുദവും മഹിമയുമുള്ള ഒരു സിംഹാസനം ലഭ്യമാകുകയും ചെയ്യും. നിന്‍റെ മരണസമയത്തില്‍ വലുതായ ശരണക്കേടോ നിന്‍റെ ജീവിതകാലത്തില്‍ ചെയ്തു പോയിട്ടുള്ള പാപങ്ങള്‍ക്കു പരിഹാരം ലഭിച്ചോ ഇല്ലയോ എന്നുള്ള സംശയങ്ങളോ നേരിടുന്നതായിരുന്നാല്‍ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയം ആ ഭയങ്കര യുദ്ധത്തില്‍ നിനക്ക് ശരണവും ആശ്രയവും രക്ഷയും ആയിരിക്കും. എന്തുകൊണ്ടെന്നാല്‍, ദിവ്യരക്ഷിതാവുതന്നെ ഭാഗ്യപ്പെട്ട മര്‍ഗ്ഗരീത്തായിക്കു കാണപ്പെട്ട് തന്‍റെ ദിവ്യഹൃദയ ഭക്തന്മാരുടെ ജീവിതകാലത്തിലും പ്രത്യേകം അവരുടെ മരണ സമയത്തിലും താന്‍ അവര്‍ക്കു നിശ്ചയമുള്ള സങ്കേതസ്ഥാനമാകുമെന്നും തന്‍റെ പ്രസാദം കൂടാതെയും ദിവ്യകൂദാശകള്‍ കൈക്കൊള്ളാതെയും അവര്‍ മരിക്കയില്ലായെന്നും അന്തിമസമയം വരെയും അവര്‍ക്കു താന്‍ തുണയായിരിക്കുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു.

ഹാ! എന്‍റെ ആത്മാവേ! നിന്‍റെ സകല പീഡകളിലും വിഷമതകളിലും നിന്നെ സഹായിപ്പാന്‍ ശേഷിയുള്ള ഒരു‍ സ്നേഹിതനെ ലഭിച്ചാല്‍ അയാളുടെ സ്നേഹബന്ധത്തില്‍ നിന്നു മാറാതിരിക്കാന്‍ എത്രമാത്രം നീ ശ്രദ്ധാലുവായിരിക്കും? നിന്‍റെ സര്‍വ്വവ്യാധികളെയും രോഗങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞ് മരണത്തില്‍ നിന്ന്‍ രക്ഷിപ്പാന്‍ പ്രാപ്തിയുള്ള ഒരു വൈദ്യനെ നീ എത്രമാത്രം ബഹുമാനിക്കയും എത്രമാത്രം ധനവ്യയം ചെയ്തു അയാളുടെ പ്രീതി സമ്പാദിക്കയും അയാളില്‍ ആശ്രയിക്കുകയും ചെയ്യുമായിരുന്നു! സകലത്തെയും പൂര്‍ണ്ണമായി തൃക്കണ്പാര്‍ത്തിരിക്കുന്നവനും എല്ലാവക തിന്മകളില്‍ നിന്നും ഒഴിവാക്കുന്ന സര്‍വ്വശക്തനും നിന്‍റെ മരണത്തിന്‍റെ സമയം കൃത്യമായി അറിയുന്നവനും ദുര്‍മരണത്തില്‍ നിന്നു രക്ഷിക്കാന്‍ അത്യാശയോടെ ആഗ്രഹിക്കുന്നവനും ഇങ്ങനെ രക്ഷിപ്പാന്‍ ശക്തിയുള്ളയാളും ഉത്തമ സ്നേഹിതനും ഒരക്കലും തെറ്റുവരാത്ത വൈദ്യനുമായ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിക്കാതിരിക്കുന്നതെന്തുകൊണ്ട്? സര്‍വ്വ നന്മകളും അടങ്ങിയിരിക്കുന്ന ഈ ദിവ്യഹൃദയത്തെ ‍സ്നേഹിച്ച് സേവിക്കാതിരിക്കുന്നതില്‍ നിനക്കു നഷ്ടീഭവിക്കാനിരിക്കുന്ന ഭാഗ്യത്തെപ്പറ്റി നീ ആലോചിക്കുന്നില്ലല്ലോ? ദുര്‍ഭാഗ്യത്തില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷ പ്രാപിപ്പാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയമുള്ളപ്പോള്‍തന്നെ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയത്തില്‍ നീ അഭയം പ്രാപിച്ചുകൊള്‍ക.

ജപം

മനുഷ്യരക്ഷമേല്‍ ഇത്രയും താല്പര്യമുള്ള ഈശോയെ! കൃപനിറഞ്ഞ പിതാവേ! ഇതാ ഞാന്‍ അങ്ങേ തിരുസന്നിധിയില്‍ എന്‍റെ പാപങ്ങളില്‍ന്മേല്‍ മനസ്താപപ്പെട്ടു നില്‍ക്കുന്നു. മാധുര്യം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങുമാത്രം എന്‍റെ അവസാന നാഴികയും പിന്നീട് എനിക്ക് സംഭവിപ്പാനിരിക്കുന്നതും അറിയുന്നു. കര്‍ത്താവേ! അങ്ങേ അളവറ്റ കൃപയാല്‍ എനിക്ക് ഒരു നല്ലമരണവും നല്ല വിധിയും കിട്ടുമെന്ന് ശരണപ്പെടുന്നു. കാരുണ്യം നിറഞ്ഞ ഈശോയേ! എന്‍റെ അവസാനത്തെ ആ നാഴിക ഇപ്പോള്‍തന്നെ അങ്ങേയ്ക്കു കയ്യേല്‍പ്പിചിരിക്കുന്നു. എന്‍റെ കാലുകള്‍ ഇളക്കുവാന്‍ വയ്യാതെയും കൈകള്‍ വിറച്ചു മരവിച്ച് കുരിശിന്മേല്‍ പതിക്കപ്പെട്ട അങ്ങയെ പിടിച്ചു തഴുകുവാന്‍ പാടില്ലാതെയിരിക്കുമ്പോഴും മരണ ഭയത്താല്‍ കണ്ണുകള്‍ ഇരുണ്ട് അങ്ങയെ നോക്കി അങ്ങേ തിരുനാമം വിളിക്കുന്ന ആ സമയത്തിലും മരണസമയത്തില്‍ എന്‍റെ രക്ഷയുടെ ശത്രുക്കളോടു യുദ്ധം ചെയ്യുമ്പോഴും,കരുണ നിറഞ്ഞ ഈശോയെ, എന്‍റെ മേല്‍ കൃപയായിരിക്കണമേ. ആ ഭയങ്കര സമയത്തില്‍ എന്‍റെ സകല പാപങ്ങളും നന്ദികേടുകളും ഓര്‍ക്കാതെ അങ്ങേ അളവറ്റ സ്നേഹത്തെയും ദയയും എന്നോടു കാണിച്ചരുളണമേ. എന്‍റെ പാപം നിന്റഞ്ഞ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിയുമ്പോള്‍ അങ്ങേ തിരുരക്തത്താല്‍ അതിനെ കഴുകി ശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കൈക്കൊള്ളണമെന്ന് സാഷ്ടാംഗം വീണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ! എന്‍റെ ഹൃദയവും അങ്ങേ ദിവ്യഹൃദയം പോലെ ആക്കണമേ.

 

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

 

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

 • നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

ഞങ്ങളെ അനുഗ്രഹിക്കണമേ

 • സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • സകല ഹൃദയങ്ങൾക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും അടങ്ങിയിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ദൈവത്വത്തിൻ പൂർണ്ണതയൊക്കെയും വസിക്കുന്നതുമായ
  ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • നിത്യപിതാവിന് വളരെ പ്രസാദിച്ചതായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ഞങ്ങൾക്കെല്ലാവർക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂർണനിധിയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • നിത്യപർവ്വതങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ക്ഷമയും അതിദയയുള്ളതുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • അങ്ങേ കൃപ യാചിക്കുന്ന സകലരേയും ഐശ്വര്യപെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി പരിഹാരമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • നിന്ദകളാൽ പൂരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ഞങ്ങളുടെ അക്രമങ്ങൾ നിമിത്തം തകർന്ന ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • മരണത്തോളം കീഴ്‌വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • കുന്തത്താൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ഞങ്ങളുടെ ജീവനും ഉയിർപ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ഞങ്ങളുടെ സമാധാനവും യോജിപ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • പാപങ്ങൾക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • അങ്ങിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • അങ്ങിൽ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

 • ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

 • ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

 • ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ

സല്‍ക്രിയ

മരണാവസ്ഥയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കു വേണ്ടി 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക.

Advertisements
Thiruhrudaya Vanakkamasam - Day 28
Advertisements
Advertisement

One thought on “Thiruhrudaya Vanakkamasam, June 28 / Day 28

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s