👨👩👧👦 ഗ്രൂപ്പ് മാഫിയ 👨👩👧👦
======
രാവിലെ നല്ല മഴയായതു കൊണ്ട് കട്ടിലിൽ മൂടിപ്പുതച്ചു തന്നെ കിടന്നു…
ഭാര്യ നേരത്തെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയിരുന്നു,
ചാർജ് കുത്തിയിട്ടിരിക്കുന്ന എന്റെ മൊബൈൽ എടുക്കാൻ തുനിഞ്ഞപ്പോഴാണ് ,മേശപ്പുറത്തിരിക്കുന്ന ഭാര്യയുടെ മൊബൈലിലേക്ക് മെസേജ് വന്നതിന്റെ ട്യൂൺ കേട്ടത്,…
”ഒരാകാംക്ഷ…!!
അവളുടെ മൊബൈൽ
ഞാനെടുത്തു …….
ലോക്കെടുത്ത് വാട്സാപ്പിലേക്ക് കയറി,
” ഞെട്ടിപ്പോയി,
”അവളുടെ വാട്സാപ്പിൽ ഗ്രൂപ്പുകളുടെ വിളയാട്ടം….
”മെസേജ് വന്ന ഗ്രൂപ്പ് നോക്കി,
” വെട്ട് ഗ്രൂപ്പ്,…!!
അതിലെ മെസേജ് നോക്കി,
” എപ്പഴാ വരുക …ഉച്ഛക്ക് വരാമോ…തിരക്ക് കുറവാണ്,…!!
”എന്റെ സർവത്ര നാഡി വ്യൂഹങ്ങളും സടകുടഞ്ഞെണീറ്റു,…!
”വെട്ട് ഗ്രൂപ്പിലെ അഡ്മിൻ രഘു അയച്ച മെസേജാണ്….
”എടീ….. ! ഞാനലറി,…
”അടുക്കളയിൽ ദോശ ഉണ്ടാക്കി കൊണ്ടിരുന്ന അവൾ കൈയ്യിൽ ചട്ടുകവുമായി പാഞ്ഞു വന്നു,…!
”കോപത്താൽ ജ്വലിച്ചു നിന്ന ഞാൻ അവളുടെ കൈയ്യിലെ ചൂടുളള ചട്ടുകം കണ്ട് ഞാൻ ഒന്നടങ്ങി,..,!
”പെണ്ണല്ലേ ഒറ്റ ബുദ്ധി ജന്മങ്ങളാണ് ..എന്റെ വായീന്ന് എന്തെങ്കിലും വീണാൽ , ചിലപ്പോൾ ചട്ടുകം വീശി കളയും,…ചൂടൻ ചട്ടുകം എന്റെ സ്ക്കിന്നിനു പിടിക്കൂല… വേണ്ട ശാന്തതയോടെ ചോദിക്കാം,…!
”എന്താ മനുഷ്യാ ..,? അവൾ ചോദിച്ചു,..
”നീ മുറ്റമടിക്കുകയായിരുന്നോ,..?
”അതെ ചട്ടുകം കൊണ്ട് മുറ്റം മറിച്ചിടുവാർന്നു…കണ്ടാലറിഞ്ഞൂടെ മനുഷ്യാ …. ഞാൻ ദോശ ഉണ്ടാക്കുവാർന്നു,…. നിങ്ങളെന്താ അലറിയത്,….?
” ആരാ രഘു ..? നീയും അവനും തമ്മിലെന്താ കണക്ഷൻ …?
”രഘുവോ ..? ഏത് രഘു,…
”ഭീമൻ രഘു,…എനിക്ക് ദേഷ്യം വന്നു,..!
” ഏതാടി ഈ വെട്ടു ഗ്രൂപ്പ്,….
”ഓ രഘു അണ്ണൻ….!എന്റെ ചേട്ടാ അത് ബാർബർ രഘു അണ്ണനാണ്,…. സ്ഥിരമായി
മക്കളുടെ തലമുടി മുറിക്കുന്നത് അയാളല്ലേ …. സ്ഥിരം കസ്റ്റമറെ കൂട്ടി അയാൾ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയതാ ” ”വെട്ടു ഗ്രൂപ്പ് ”
”അതുശരി,…!
” അയ്യോ എന്റെ ദോശ..!!!!.
..അവൾ അടുക്കളയിലേക്ക് ഓടിയപ്പോൾ ഒരു മെസേജ് വന്നു,…
” പാലും വെളളം” ഗ്രൂപ്പിൽ ആരുടേയോ വോയ്സ് മെസേജാണ്,…
”ഇന്നു പാലില്ലാ…. !!
‘സ്ഥിരമായി പാൽ കൊണ്ടു വരുന്ന അമ്മിണി അഡ്മിനായ ‘ഗ്രൂപ്പ്,…!
”ആ ഗ്രൂപ്പിൽ ഒരു മെസേജ് കൂടി വന്നു,….!
”അതെന്താ പാലില്ലാത്തത്,…? തയ്യൽക്കാരി ഓമനയുടെ ചോദ്യം,..?
”മറുപടിയായി ചിട്ടിക്കാരി കദീജ യുടെ മറുപടി വന്നു,
”കറവക്കാരൻ പൊന്നപ്പന്റെ കൂടെ അമ്മിണി ഒളിച്ചോടി …!!
” ആശാവർക്കർ അമ്മു വിന്റെ ചിരിക്കുന്ന സ്റ്റിക്കർ കമന്റ് വന്നു,….!!
”എടീ …ഇന്ന് പാലില്ലാട്ടോ ….”അടുക്കളയിലേക്ക് നോക്കി ഞാൻ വിളിച്ചു പറഞ്ഞപ്പോൾ , അടുത്ത ഗ്രൂപ്പിൽ ഒരു മെസേജ്,…
” ഇറച്ചിയും മീനും ” ഗ്രൂപ്പിലാണ് മെസേജ് വന്നത്, കശാപ്പു കാരൻ മമ്മദ് കാക്ക അഡ്മിനായ ഗ്രൂപ്പാണ് ഇറച്ചിയും മീനും,….
അങ്ങേരുടെ വോയ്സാണ് വന്നിരിക്കുന്നത്,…
‘ പ്രിയ അംഗങ്ങളെ , ഇന്ന് ഓഫറുണ്ട്,… രണ്ട് കിലോ മീൻ വാങ്ങുന്നവർക്ക് ഓഫറുണ്ട്,…!
”എന്താണ് ഓഫർ …? പോസ്റ്റുമാൻ സുശീലൻ ചോദിച്ചു,…?
”രണ്ട് കിലോ മീൻ വാങ്ങുന്നവർക്ക് ഒരു മാസ്ക്ക് ഫ്രീ യുണ്ട് …! മമ്മദിന്റെ മറുപടി,…!
”അത്രക്ക് നാറ്റമാണോ തന്റെ മീനിന്,…” ചായക്കട നടത്തുന്ന കേശവേട്ടൻ വോയ്സയച്ചു,…!
”ഉടനെ മമ്മദിന്റെ മറുപടി, …. കേശവാ ,നാറ്റമുളള
”മീൻ വാങ്ങിയ വകയിൽ 250 രൂപ നീ തരാനുണ്ട്,…!
”ഗ്രൂപ്പിൽ പറ്റ് കാശ് ചോദിക്കരുത് ….
അംഗങ്ങളെ നാറ്റിക്കരുത് ,….
മെംമ്പർ സുമതിയുടെ പ്രതികരണം,…!
”നാറ്റമുളള മീൻ കടം വാങ്ങി തിന്നാം…കാശ് ചോദിച്ചാൽ നാറ്റം,…..അത് ശരിയാവൂലെന്ന് മമ്മദ്,…
‘മാസ്ക്ക് വേണ്ട ….. ,മീൻ വാങ്ങുമ്പോൾ മൂക്ക് പൊത്തിക്കോളാമെന്ന് ..”
എൽ ഐ സി ഏജന്റ് സുകുവിന്റെ വോയ്സ് കേട്ട് പലരും സ്മൈലി ഇട്ടു,…
ഈ സമയം ,
പറ്റ് കാശ് ചോദിച്ചതിൽ മനം നൊന്തു കേശവൻ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റടിച്ചു,…!!
ഉടനെ മമ്മദിന്റെ വോയ്സ് വന്നു,…
”കേശവാ നീ ഗ്രൂപ്പീന്ന് ലെഫ്റ്റടിച്ചോ പ്രശ്നമില്ല….പക്ഷേ എന്റെ കാശ് തന്നില്ലെങ്കിൽ നിന്റെ ലെഫ്റ്റ് കരണത്ത് ഞാനടിക്കും,…!
ഭാര്യയുടെ മൊബൈൽ ഓഫാക്കി മേശപ്പുറത്തു വച്ചു,…
‘സമൂഹം ഗ്രൂപ്പുകളിലേക്ക് കൂപ്പുക്കുത്തുന്ന കാലമായി മാറുന്ന കാഴ്ചകൾ ഗുണത്തിനോ ദോഷത്തിനോ …?
അങ്ങനെ ചിന്തിച്ചു കൊണ്ട് ഞാൻ മെല്ലെ എണീറ്റപ്പോൾ ഭാര്യ വന്നിട്ട് പറഞ്ഞു,…
”ഫാമിലി ഗ്രൂപ്പിൽ നിന്ന് കൊച്ചമ്മായി പിണങ്ങി,…അമ്മായി പുതിയ ഗ്രൂപ്പുണ്ടാക്കിയത്രേ ….എന്നെ ആഡ് ചെയ്തിട്ടുണ്ട് ….!!
”പിണങ്ങാൻ എന്താ കാരണം,…? ഞാൻ ചോദിച്ചു,…
”കൊച്ചമ്മായിയെ വിളിക്കാത്ത കല്ല്യാണത്തിന് ഗ്രൂപ്പിലുളളവർ പങ്കെടുത്തെന്ന് ….” അല്ലെങ്കിലും ഫാമിലി ഗ്രൂപ്പിൽ മൊത്തം കുശുമ്പും കുന്നായ്മയുമാ…..!!
‘പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു,
ഫാമിലി യിലെ ഒരകന്ന ബന്ധുവാണ്,…
”ഹലോ എന്താ വിശേഷം,…!ഞാൻ ചോദിച്ചു,….
”അളിയ ഒരു കാര്യം പറയാൻ വിളിച്ചതാ,…!
”എന്താണ്,…?
”നമ്മുടെ ഫാമിലിയിൽ നിന്ന് മരിച്ചു പോയവരെ മാത്രം ചേർത്ത് ഞാനൊരു ഗ്രൂപ്പുണ്ടാക്കി ….. !!
”എന്റെ ദൈവമേ…!!
മരിച്ചവരേയും വെറുതെ വിടൂലേ ഈ ഗ്രൂപ്പ് മാഫിയ …….!!
ഞാൻ മൊബൈൽ ഓഫാക്കി ദോശ കഴിക്കാൻ അടുക്കളയിലേക്ക് ഓടി,….
=======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

Leave a comment