🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ
13th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 46: 2
സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,
ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍.
സമിതിപ്രാര്‍ത്ഥന
ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചുനില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 രാജാ 4:8-11,13-16
എലീഷാ ഒരു ദൈവപുരുഷനാണ്. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ.
ഒരിക്കല്‍ എലീഷാ ഷൂനേമില്‍ ചെന്നപ്പോള്‍ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിന് ആ വീട്ടില്‍ ചെല്ലുക പതിവായി. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഇതിലെ പോകാറുള്ള ആ മനുഷ്യന്‍ ഒരു ദൈവപുരുഷനാണ്. നമുക്കു മട്ടുപ്പാവില്‍ ചെറിയ ഒരു മുറിയുണ്ടാക്കി അതില്‍ കിടക്കയും മേശയും കസേരയും വിളക്കും വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ. ഒരിക്കല്‍ അവന്‍ അവിടെ വിശ്രമിക്കുകയായിരുന്നു.
എലീഷാ ഭൃത്യനോടു പറഞ്ഞു: അവളോടുപറയുക, നീ ഞങ്ങള്‍ക്കു വേണ്ടി എത്ര ബുദ്ധിമുട്ടി. ഞങ്ങള്‍ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ ശുപാര്‍ശ ചെയ്യണമോ? അവള്‍ പറഞ്ഞു: ഞാന്‍ വസിക്കുന്നത് എന്റെ ജനത്തിന്റെ കൂടെയാണ്. എലീഷാ പറഞ്ഞു: അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? ഗഹസി പറഞ്ഞു: അവള്‍ക്കു മക്കളില്ല, ഭര്‍ത്താവ് വൃദ്ധനുമാണ്. അവന്‍ പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു. എലീഷാ പറഞ്ഞു: അടുത്തവര്‍ഷം ഈ സമയത്ത് നീ ഒരു പുത്രനെ താലോലിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 89:2-3,16-17,18-19
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.
ഉത്സവഘോഷത്താല്‍ അങ്ങയെ സ്തുതിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു.
അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു;
അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.
അങ്ങാണ് അവരുടെ ശക്തിയും മഹത്വവും;
അങ്ങയുടെ പ്രസാദം കൊണ്ടാണു
ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നുനില്‍ക്കുന്നത്.
കര്‍ത്താവാണു ഞങ്ങളുടെ പരിച;
ഇസ്രായേലിന്റെ പരിശുദ്ധനാണു ഞങ്ങളുടെ രാജാവ്;
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും.
രണ്ടാം വായന
റോമാ 6:3-4,8-11
ജ്ഞാനസ്‌നാനത്താല്‍ അവനോടൊത്തു സംസ്‌കരിക്കപ്പെട്ട നാം പിതാവിന്റെ മഹത്വത്തില്‍ പുതിയ ജീവിതം നയിക്കും.
യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്.
നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെ മേല്‍ ഇനി അധികാരമില്ല. അവന്‍ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു. അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
കർത്താവിന്റ വചനം
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 10:37-42
സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.
നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങയുടെ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 102: 1
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.
Or:
യോഹ 17: 20-21
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment