പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന 

“എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.(തീത്തോസ്2:11)” നിത്യം പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ദൈവമേ, അവിടുത്തെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയിലുള്ള വിശ്വാസവും, ഭക്തിയും തലമുറകൾക്ക് പകരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പിതാവേ ഈ പ്രഭാതത്തിൽ ഞങ്ങളുടെ നേരെ കരുണ ആയിരിക്കണമേ. ലോകം മുഴുവനും കടന്നു പോകുന്ന പ്രതിസന്ധിയെ അതിജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. കോവിഡ് പത്തൊൻപത് എന്ന മഹാമാരിയുടെ താണ്ഡവത്തെ പിടിച്ചു കെട്ടുവാൻ ശാസ്ത്ര ലോകത്തിനു കഴിയട്ടെ. നാഥാ അവിടുത്തെ പദ്ധതി എന്താണ് എന്ന് ഞങ്ങൾക്ക് അറിയില്ല. എങ്കിലും അങ്ങ് അറിയാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ. ഈശോയെ കോവിഡിനെ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാക്കുവാൻ അങ്ങേയ്ക്ക് സാധിക്കുമല്ലോ. ഞങ്ങളെ കൊടിയ ദുരിതത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ. അപ്രതീഷിതമായി വലിയ പ്രതിസന്ധിയിൽ വീണു പോയ എല്ലാവരെയും ഇന്നേ ദിനത്തിൽ ഓർക്കുകയാണ്. ജോലി നഷ്ടപ്പെട്ടവർ, ഉപജീവന മാർഗ്ഗം തടയപ്പെട്ടവർ, പ്രവാസ ലോകത്തു നിന്ന് എല്ലാം വിട്ടെറിഞ്ഞു മടങ്ങി പോയവർ, മരണം വഴി കടന്നു പോയവരുടെ കുടുംബങ്ങൾ തുടങ്ങി കോവിഡ് പത്തൊൻപത് എന്ന അസുഖത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ അങ്ങ് ഇടപെടണമേ. വലിയ സന്തോഷത്തിന്റെ വാർത്തകൾ ലഭ്യമാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. മനുഷ്യ രാശിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കർത്താവെ, മഹാമാരിയെ പിൻവലിച്ചു അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. സാത്തനികമായ പ്രവർത്തനങ്ങൾ ലോകത്തെ തകർക്കാതെ ദൈവ ദൂതന്മാരുടെ സംരക്ഷണം നൽകി പരിപാലിക്കണമേ. ഇന്നേ ദിനത്തിൽ ഞങ്ങളുടെ രാജ്യം നേരിടുന്ന അതിർത്തി പ്രശ്നങ്ങൾ സമാധനമായി പരിഹരിക്കുവാൻ ഭരണാധികാരികൾക്ക് ജ്ഞാനം പകരണമേ. ദൈവമേ ഇന്നേ ദിനത്തിൽ എല്ലാ വിധ നന്മകളും നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. ആമേൻ

വിശുദ്ധ റഫായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment