പ്രഭാത പ്രാര്‍ഥന

പ്രഭാത പ്രാര്‍ഥന

കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു. അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല. അഹങ്കാരികള്‍ അങ്ങയുടെ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു. എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വം ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരേ പ്രണമിക്കും; കര്‍ത്താവേ, എന്റെ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ! എന്റെ മുന്‍പില്‍ അങ്ങയുടെ പാതസുഗമമാക്കണമേ! അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു.ദൈവമേ, അവര്‍ക്കുകുറ്റത്തിനൊത്ത ശിക്ഷ നല്‍കണമേ! തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെ അവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു. അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവര്‍ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ! കര്‍ത്താവേ, നീതിമാന്‍മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ കാരുണ്യം കൊണ്ട് അവിടുന്ന് അവരെ മറയ്ക്കുന്നു(സങ്കീര്‍ത്തനങ്ങള്‍, അഞ്ചാം അദ്ധ്യായം). പിതാവായ ദൈവമേ ഇന്നേ ദിനത്തിൽ സങ്കീർത്തകനോട് ചേർന്ന് പ്രാർത്ഥിക്കുന്ന ഞങ്ങളെ അനേകം നന്മകൾ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. മഹാമാരിയുടെ ഈ ദിനങ്ങളിൽ ശാന്തിയും, സംരക്ഷണവും നൽകി പരിപാലിക്കണമേ. അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തി കൊണ്ട് ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment