ശരിക്കും ദൈവത്തിന്റെ നാടു കാണണോ? | Sophia Times | Sophia Times Online
മതത്തിന്റെ പേരില്‍ വര്‍ഗീയാന്തരീക്ഷം രൂക്ഷമാകുന്ന ലോകത്ത് എല്ലാ മതങ്ങളുടെയും സംഗമഭൂമിയായി മാറുകയാണ് അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള ബ്യൂമൗണ്ട്. മതസൗഹാര്‍ദം എന്താണെന്ന് കാണണമെങ്കില്‍ നേരിട്ട് ഇവിടെ വന്നാല്‍ മതിയെന്ന് വെല്ലുവിളിക്കുന്നത് മറ്റാരുമല്ല ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്ന മുപ്പത്തിമൂന്നോളം മലയാളി കുടുംബങ്ങള്‍ തന്നെ. ദൈവത്തിന്റെ സ്വന്തം നാടെന്ന യഥാര്‍ത്ഥ വിശേഷണം നല്കാന് പൂര്‍ണ്ണമായും അര്‍ഹതയുണ്ട് ബ്യൂമൗണ്ടിന്.
ബ്യൂമൗണ്ട് എന്നാല്‍ മനോഹരമായ മാമലകള്‍ എന്നാണര്‍ത്ഥം. ടെക്സാസിലെ ജഫേഴ്സണ്‍ ജില്ലയുടെ ഏറ്റവും മനോഹരമായ പ്രദേശവും ബ്യൂമൗണ്ട് തന്നെ. 137 കിലോമീറ്റര്‍ ചുറ്റളവിലാണ് നഗരം. 1835 ലാണ് നഗരം നിലവില്‍ വരുന്നത്. ഇവിടം പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ആയതോടുകൂടിയാണ് സാമ്പത്തികമായി നഗരം വളരുന്നത.് ഇവിടെയുള്ള ഓയില്‍ കമ്പനികളിലേക്ക് കപ്പലുകളിലൂടെ വരുന്ന ചരക്ക് വ്യാപാരമാണ് ജനങ്ങളുടെ മുഖ്യവരുമാനം. പല മതങ്ങളിലുംപെട്ടവര്‍ സമാധാനപരമായി ജീവിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇവിടുത്തെ സെന്റ് ആന്റണി കത്തീഡ്രല്‍ ബസിലിക്ക നഗരമധ്യത്തിലിടം പിടിച്ചിരിക്കുന്നു. ദൈവാലയത്തിനുള്ളിലെ ആര്‍ട്ട് വര്‍ക്കാണ് ജനങ്ങളെ ആകര്‍ഷിക്കുന്നു മുഖ്യഘടകം.
ഗുജറാത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് ടെക്സസിലേക്ക് കുടിയേറിയ പട്ടേല്‍ കുടുംബാംഗങ്ങളാണ് ഇവിടെയുള്ള ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുസ്ലിം മത സമൂഹത്തിന്റെയും ബുദ്ധമതക്കാരുടെയും സാന്നിധ്യവും ഇഴചേര്‍ന്നുകിടക്കുന്നു. എങ്കിലും മതത്തിന്റെ പേരിലൊരു വാക്കുതര്‍ക്കം പോലും ഇവിടെ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടില്ല. ഇവിടുത്തെ ജനത എന്ന് പറയുന്നത് ഫ്രഞ്ച് ഒറിജിനല്‍ ആയിട്ടുള്ള കേജന്റ് ആണ്. ഒപ്പം കറുത്ത വര്‍ഗ്ഗക്കാരും. ഏഷ്യന്‍- ഇന്ത്യന്‍, വിയറ്റ്നാമീസ്, ഫിലിപ്പിനോ – ഇറ്റാലിയന്‍, മെക്സിക്കന്‍, ബ്ലാക്ക്, വൈറ്റ്, ഐറിഷ്, ഫ്രഞ്ച് എന്നിങ്ങനെ വിശേഷണങ്ങള്‍. ഇവരൊക്കെയും പല സംസ്കാരങ്ങളില്‍ പെട്ടവരും, പല ഭാഷകള്‍ സംസാരിക്കുന്നവരും, പല ഭക്ഷണരീതികള്‍ ഉള്ളവരും പക്ഷേ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ സമാധാനത്തില്‍ ജീവിക്കുന്നു. ദൈവത്തിന്റെ നാടെന്ന് വിശേഷിപ്പിക്കപ്പെട്ട നമ്മുടെ ദേശം എന്ന് ഇതുപോലെ ആയി മാറും?
Sophia Times | Sophia Times Online

Leave a comment