പ്രഭാത പ്രാർത്ഥന
“തങ്ങളുടെ ദുഷ്ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല(യോനായുടെ പുസ്തകം, 3:10)” ഞങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നല്ല ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ കുമ്പിട്ടാരാധിച്ചു സ്തോത്രം ചെയ്യുന്നു. ഈ ലോകത്തിലേയ്ക്ക് കടന്നു വരുവാനും ഇവിടെ ജീവിക്കുവാനും അവിടുന്ന് അനുവദിച്ചുവല്ലോ. എത്ര വലിയ പരിപാലനായാണ് അങ്ങ് ഞങ്ങൾക്ക് നൽകുന്നത്. ഓരോപ്രഭാതത്തിലും അവിടുത്തെ സ്നേഹത്തിലേക്ക് ഉണരുവാൻ അങ്ങ് അനുവദിച്ചു. ആവശ്യമായത് നൽകി പരിപാലിക്കുന്നു. എങ്കിലും പിതാവേ ചിലപ്പോഴെങ്കിലും ഇനിയും നിറവേറാത്ത ചില ആഗ്രഹങ്ങൾ ഞങ്ങളുടെ ഉള്ളിൽ ഉണ്ട്. തേങ്ങുന്ന ഉള്ളവുമായി ആരോടും പറയാത്ത ദുഃഖവുമായി ജീവിക്കുന്നവർ ഉണ്ട്. ഇനിയും എങ്ങിനെ പരിഹരി ക്കുമെന്ന് അറിയാത്ത ചില വേദനകൾ അലട്ടുന്ന ജീവിതങ്ങൾ ഉള്ളവർ ഞങ്ങളുടെ ഇടയിൽ ഉണ്ട്. പിതാവേ ഈ ദിനം വലിയ അത്ഭുതങ്ങളുടെ ദിനമായി മാറ്റണമേ. കൊറോണയെന്ന വൈറസ് ഞങ്ങളുടെ ജീവിതത്തെ തകർത്തു എറിയുന്ന ഈ ദിനങ്ങളിൽ മനുഷ്യരാശിയോട് ദൈവമേ അങ്ങ് കരുണ കാണിക്കണമേ. ഒരു അത്ഭുതം വഴിയായോ/ മരുന്നുകൾ വഴിയായോ ഈ പ്രതിസന്ധി ഇല്ലാതാക്കുവാൻ അവിടുന്ന് ഇടപെടണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും, ഞങ്ങൾക്ക് സ്വൈര്യ ജീവിതവും ലഭിക്കുവാൻ അങ്ങ് അനുഗ്രഹം നൽകണമേ. ഉപജീവന്മാർഗ്ഗം അടഞ്ഞവർക്ക് പുതുവഴി തുറന്ന് നല്കണമേ. മരണ ഭീതിയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു. കോവിഡ് രോഗികളെ ശുശ്രുഷിക്കുന്നവർ, കോവിഡ് ബാധിത മേഖലകളിൽ ഉള്ളവർ, കോവിഡിന്റെ സമ്പർക്ക മേഖലയിൽ ഉള്ളവർ തുടങ്ങി ഈ രോഗം കരി നിഴൽ വീഴ്‌ത്തുന്ന എല്ലാ ജീവിതങ്ങളെയും അനുഗ്രഹിക്കണമേ. വലിയ ദൈവിക സംരക്ഷണം അവർക്ക് അനുഭവിക്കുവാൻ സാധിക്കട്ടെ. വിടുതലിന്റെയും, ദൈവിക സംരക്ഷണത്തിന്റെയും അനുഭവം ഞങ്ങളെ പുതിയ മനുഷ്യരാക്കി തീർക്കുവാൻ ഇടയാകട്ടെ. ആമേൻ
വിശുദ്ധ സെബാസ്ത്യാനോസ്, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Leave a comment