
വിശ്വ വിഖ്യാതനായ ലിയോ ടോൾസ്റ്റോയ് (1828-1910) സാഹിത്യകാരനെന്നതിനപ്പുറം മനുഷ്യസ്നേഹിയും ചിന്തകനും അഹിംസാ വാദിയുമായിരുന്നു.
സൈനികനായിരുന്ന അദ്ദേഹം ക്രിമിയൻ യുദ്ധത്തിൽ (1851) പങ്കെടുത്തതിന്റെ അനുഭവങ്ങളാണ് “യുദ്ധവും സമാധാനവും”(War and peace) എന്ന ഇതിഹാസ നോവലിന്റെ രചനയ്ക്ക് നിമിത്തമായത്.
അദ്ദേഹത്തിന്റെ അനേകം ചെറുകഥകളിലും അനുഭവങ്ങളുടെ സുവർണ്ണ ശോഭ പടർന്നിട്ടുണ്ട്……
ഒരു മഞ്ഞുകാല പുലർവേളയിൽ ടോൾസ്റ്റോയ് തന്റെ നഗരത്തിലെ പള്ളിയിൽ എത്തി….
പള്ളിയിൽ നല്ല ഇരുട്ടായിരുന്നു.
ആ ഇരുട്ടിലും ആ നഗരത്തിലെ ഏറ്റവും സമ്പന്നനായ ഒരാൾ അവിടെ പ്രാർത്ഥനാ നിരതനായി ഇരിക്കുന്നത് ടോൾസ്റ്റോയിയുടെ ശ്രദ്ധയിൽപ്പെട്ടു.
അത്ഭുതത്തോടെ അദ്ദേഹം സമ്പന്നന്റെ പുറകിലിരുന്നു…..
ഒരു കുമ്പസാരത്തിന്റെ മട്ടിലായിരുന്നു സമ്പന്നന്റെ പ്രാർത്ഥന..
താൻ ചെയ്ത പാപങ്ങളും തെറ്റുകളും കൊള്ളയും കൊള്ളിവയ്പുമെല്ലാം അയാൾ ദൈവത്തോട് ഏറ്റു പറയുകയും എല്ലാം പൊറുത്ത് മാപ്പ് തരണമെന്ന് അപേക്ഷിക്കുകയുമായിരുന്നു……
ടോൾസ്റ്റോയ് എല്ലാം ശ്രദ്ധിച്ചു….
ചൂഷണങ്ങളും കൊള്ളരുതായ്മകളും ഏറ്റു പറഞ്ഞതോടൊപ്പം തന്റെ ഭാര്യയോടു കാണിച്ച വിശ്വാസവഞ്ചനകളും സ്ത്രീകളുമായുള്ള അവിഹിത ബന്ധങ്ങളും അയാൾ ദൈവത്തിനു മുൻപിൽ നിരത്തി…..
ഇനി ഒരു മനുഷ്യൻ ആയി ജീവിക്കാൻ കൊതിക്കുന്നുവെന്നും ദൈവത്തിനല്ലാതെ മറ്റൊരാൾക്കും തന്നെ രക്ഷിക്കാൻ കഴിയില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് അയാൾ പറഞ്ഞു…..
പെട്ടെന്ന് , എങ്ങിനെയോ ടോൾസ്റ്റോയിയുടെ സാന്നിദ്ധ്യം സമ്പന്നൻ തിരിച്ചറിഞ്ഞു..ചാടിയെഴുന്നേറ്റ അയാൾ ടോൾസ്റ്റോയിയെ അടിക്കാൻ പോലും ഒരുമ്പെട്ടു….
കോപം കൊണ്ട് ജ്വലിച്ച അയാൾ ഒടുവിൽ താക്കീതിന്റെ ഭാവത്തിൽ പറഞ്ഞു ,
” ഞാൻ ദൈവത്തോടാണ് സംസാരിച്ചു കൊണ്ടിരുന്നത്… എന്റെ പ്രാർത്ഥനയിൽ ദൈവത്തോട് പറഞ്ഞ കാര്യങ്ങൾ മറ്റാരെയെങ്കിലും അറിയിച്ചാൽ ഞാൻ നിങ്ങൾക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കും….
ഞങ്ങളുടെ സംഭാഷണം നിങ്ങൾ പതിയിരുന്ന് കേട്ടതേ തെറ്റ്….”
മനുഷ്യന്റെ കപടമുഖമാണ് ഈ കഥ വെളിവാക്കുന്നത്.
സമൂഹത്തിനു മുൻപിൽ ഒരു മുഖവും ദൈവത്തിനു മുൻപിൽ മറ്റൊരു മുഖവും പ്രദർശിപ്പിച്ച് ഇരുവരേയും വഞ്ചിക്കാൻ മനുഷ്യർക്കു മാത്രമേ കഴിയൂ…..
ശ്വാസതടസ്സം പോലുള്ള അസുഖങ്ങൾ വരുമ്പോഴാണ് നാം ശ്വസന പ്രക്രിയയേപ്പറ്റി ചിന്തിക്കുന്നത്…
അതുവരെ നാം ശ്വസിക്കുന്നുണ്ടെന്നും ജീവൻ നിലനിൽക്കുന്നത് അതിലൂടെയാണെന്നും ഒരിക്കലും ചിന്തിക്കുന്നേയില്ല.
അപഥ സഞ്ചാരങ്ങളുടെ പാപങ്ങളിൽനിന്നും രക്ഷപ്പെടാൻ ഭയത്തോടെയും ധനവാനാകാൻ പ്രാർത്ഥനയോടെയും നാം ദേവാലയത്തിലെത്തുന്നു…
സത്യസന്ധന് ഭയമില്ല.
ഈശ്വരനോട് ഒന്നും അപേക്ഷിക്കാനുമില്ല…
No honest man ever repented of his honesty.
ഒരു പുലർകാല സദ്ചിന്ത.
സുപ്രഭാതം.
ശ്രീമൂലനഗരം മോഹൻ.

Leave a comment