നിഖ്യാ വിശ്വാസപ്രമാണം
സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു
ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏക പുത്രനും സകല സൃഷ്ടികൾക്കുമുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാംമുൻപ് പിതാവിൽനിന്നും ജനിച്ചവനും, എന്നാൽ സൃഷ്ടിക്കപെടാത്തവനും, ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, പിതാവിനോടുകൂടെയുള്ള ഏക സത്തയുമാകുന്നു. അവിടുന്നു വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും, എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമ്മുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അവിടുന്നു സ്വർഗത്തിൽ നിന്നിറങ്ങി, പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്തു, പീഡകൾ സഹിക്കുകയും, സ്ലീവായിൽ തറക്കപ്പെട്ടുമരിക്കുകയും, സംസ്ക്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരിക്കുന്നപോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്‌തു. അവിടുന്നു സ്വർഗത്തിലേക്ക് എഴുന്നുള്ളി, പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ, അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽനിന്നും – പുത്രനിൽനിന്നും – പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സർവ്വത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു . പാപമോചനത്തിനുള്ള ഏക മാമ്മോദിസായും ശരീരത്തിന്‍റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങള്‍ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

Leave a comment