നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.
മത്തായി 10 : 11
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ..
യോഗ്യത
ഒരു മനുഷ്യന്റെ ജീവിതത്തിൽ അവൻ എവിടെയും അഭിമുഖീകരിക്കേണ്ട ഒരു ചോദ്യമാണ് എന്താണ് നിന്റെ യോഗ്യത എന്നത്… ജോലിക്ക് വേണ്ടിയും, ഉന്നത പഠനത്തിന് വേണ്ടിയും, ദൈവവിളിയ്ക്ക് വേണ്ടിയും അങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന എല്ലാറ്റിനെയും ഓരോരുത്തരുടെയും യോഗ്യതയോട് താരതമ്യപ്പെടുത്തുക മാനുഷികമാണ്…
ചില സൗഹൃദങ്ങൾ, ചില ഉത്തരവാദിത്വങ്ങൾ, ചില അധികാരങ്ങൾ, ചില അവസരങ്ങൾ , ചില അനുഗ്രഹങ്ങൾ ഇവയ്ക്കെല്ലാം മാനദണ്ഡമായി മനുഷ്യർ യോഗ്യത കൽപ്പിക്കറുണ്ട്… മനുഷ്യൻ ബാഹ്യ രൂപങ്ങളിൽ യോഗ്യത കാണുമ്പോൾ ഹൃദയങ്ങൾ പരിശോധിച്ച് അറിയുന്ന പിതാവായ ദൈവം നിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് മാത്രമല്ല നിന്റെ അയോഗ്യതയെ പോലും നോക്കതെ നിന്റെ ജീവിതത്തിലേക്ക് എല്ലാം ദാനമായി സ്നേഹമായി
കരുണയായി അനുദിനം നൽകിക്കൊണ്ടിരിക്കുന്നു…
അവിടുത്തെ മുൻപിൽ നമ്മളെല്ലാവരും യോഗ്യരാണ്… എന്നാലും എന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്ന ചില കുറവുകൾ ബലഹീനതകൾ ഞാൻ മാറ്റാൻ ആഗ്രഹിക്കുന്ന എന്റെ ചില ദുശീലങ്ങൾ അങ്ങനെ നിരവധിയായ അയോഗ്യതകൾ ദൈവത്തിൽനിന്നും നമ്മളെ അകറ്റും… അവിടുത്തെ പുത്രൻ ആകാൻ യോഗ്യനല്ല എന്ന് പറഞ്ഞാ ധൂർത്തപുത്രനും… അങ്ങേന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല എന്ന് പറഞ്ഞാ ശതാധിപനും നമുക്ക് മാതൃകയായി നിലകൊള്ളുന്നു… അതിനാൽ എന്റെ യോഗ്യതകളെ ക്രിസ്തുവിന് കടന്നുവരാനുള്ള പ്രവർത്തിക്കാനുള്ള അതിലുപരിയായി മറ്റൊരു ക്രിസ്തുവായി മാറാൻ ഉള്ള യോഗ്യത യാക്കി മാറ്റണമേയെന്ന് നമുക്ക് പ്രാർത്ഥിക്കാം… കൂടെയുള്ള സഹോദരങ്ങൾക്ക് ആശ്രയിക്കാവുന്ന.. ആശ്വാസം പകരുന്ന.. സന്തോഷത്തിലും സങ്കടത്തിലും കൂടെ ആയിരിക്കുന്ന.. കൂടെയുള്ളവരെ കൂടെ കൂട്ടുന്ന യോഗ്യത നമുക്കും സ്വന്തമാക്കാം… അതോടൊപ്പം അയോഗ്യതകൾ പരിഗണിക്കാതെ എല്ലാം ദാനമായി നമുക്ക് നൽകുന്ന ദൈവത്തെപ്പോലെ മറ്റുള്ളവരുടെ അയോഗ്യതകളെയും നമുക്ക് അംഗീകരിച്ചുകൊണ്ട് നമ്മുക്കാവുന്ന വിധത്തിൽ അവർക്ക് നന്മ ചെയ്ത് ജീവിക്കാം… അയോഗ്യതകളെ യോഗ്യതകൾ ആക്കിമാറ്റുന്ന ഒരു ദിവസം ആശംസിക്കുന്നു… ദൈവം അനുഗ്രഹിക്കട്ടെ…

Leave a comment