ദിവ്യബലി വായനകൾ Saturday of week 14 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി

Saint Benedict, Abbot 
on Saturday of week 14 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

ധന്യമായ ജീവിതത്തിന്റെ ഒരു മനുഷ്യനുണ്ടായിരുന്നു,
പിതൃഭവനവും സ്വത്തും ഉപേകഷിച്ചുകൊണ്ടും
ദൈവത്തെമാത്രം പ്രീതിപ്പെടുത്തിക്കൊണ്ടും
കൃപയാലും ഈ പേരിനാലും അനുഗ്രഹിക്കപ്പെട്ട ബെനഡിക്ട്,
വിശുദ്ധമായ ജീവിതചര്യ അന്വേഷിച്ചു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെനഡിക്ടിനെ,
ദൈവികശുശ്രൂഷയുടെ വിദ്യാലയത്തില്‍
നിസ്തുല ഗുരുവായി അങ്ങ് നിയോഗിച്ചുവല്ലോ.
അങ്ങയുടെ സ്‌നേഹത്തെക്കാള്‍
ഒന്നിനും മുന്‍ഗണന കൊടുക്കാതെ,
അങ്ങയുടെ കല്പനകളുടെ വഴിയിലൂടെ
സന്തുഷ്ടഹൃദയത്തോടെ മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സുഭാ 2:1-9
അറിവിന്റെ നേരേ നിന്റെ ഹൃദയം ചായിക്കുക.
മകനേ, എന്റെ വാക്കു കേള്‍ക്കുകയും
എന്റെ നിയമം കാത്തു സൂക്ഷിക്കുകയും ചെയ്യുക;
നീ ജ്ഞാനത്തിനു ചെവി കൊടുക്കുകയും
അറിവിന്റെ നേരേ നിന്റെ ഹൃദയം ചായിക്കുകയും ചെയ്യുക.
പൊരുളറിയാന്‍ വേണ്ടി കേണപേക്ഷിക്കുക;
അറിവിനുവേണ്ടി വിളിച്ചപേക്ഷിക്കുക.
നീ അതിനെ വെള്ളിയെന്നപോലെ തേടുകയും
നിഗൂഢ നിധിയെന്ന പോലെ അന്വേഷിക്കുകയും ചെയ്യുക.
അപ്പോള്‍ നീ ദൈവഭക്തിയെന്തെന്നു ഗ്രഹിക്കുകയും
ദൈവത്തെക്കുറിച്ചുള്ള അറിവു നേടുകയും ചെയ്യും.
എന്തെന്നാല്‍, കര്‍ത്താവ് ജ്ഞാനം നല്‍കുന്നു;
അവിടുത്തെ വദനത്തില്‍ നിന്ന്
അറിവും വിവേകവും പുറപ്പെടുന്നു.
അവിടുന്ന് സത്യസന്ധര്‍ക്കായി
അന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു;
ധര്‍മിഷ്ഠര്‍ക്ക് അവിടുന്ന് പരിചയായിവര്‍ത്തിക്കുന്നു.
അവിടുന്ന് നീതിയുടെ മാര്‍ഗങ്ങള്‍ സംരക്ഷിക്കുന്നു;
തന്റെ വിശുദ്ധരുടെ വഴി കാത്തുസൂക്ഷിക്കുന്നു.
അപ്പോള്‍ നീ നീതിയും ന്യായവും ധര്‍മവും
എല്ലാ നല്ല വഴികളും ഗ്രഹിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 34:2-3,4-5,6-7,8-9,10-11

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ
അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി,
അവിടുന്ന് എനിക്കുത്തരമരുളി;
സര്‍വ ഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും
പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിന്റെ വിശുദ്ധരേ,അവിടുത്തെ ഭയപ്പെടുവിന്‍;
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം;
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 19:27-29
എന്നെ അനുഗമിക്കുന്നവന് നൂറിരട്ടി ലഭിക്കും.

പത്രോസ് യേശുവിനോട് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും. എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ബെനഡിക്ടിന്റെ ആഘോഷത്തില്‍,
ഞങ്ങളര്‍പ്പിക്കുന്ന ഈ വിശുദ്ധ ബലിവസ്തുക്കള്‍
കാരുണ്യപൂര്‍വം കടാക്ഷിക്കണമേ.
ഈ വിശുദ്ധന്റെ മാതൃകയാല്‍ അങ്ങയെ അന്വേഷിച്ചുകൊണ്ട്,
അങ്ങയുടെ ശുശ്രൂഷയില്‍ ഐക്യത്തിന്റെയും
സമാധാനത്തിന്റെയും ദാനങ്ങള്‍ക്ക്
ഞങ്ങള്‍ അര്‍ഹരാകാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യജീവന്റെ അച്ചാരം സ്വീകരിച്ചുകൊണ്ട്
ഞങ്ങള്‍ അങ്ങയോട് കേണപേക്ഷിക്കുന്നു.
വിശുദ്ധ ബെനഡിക്ടിന്റെ ഉദ്‌ബോധനങ്ങളനുസരിച്ച്,
അങ്ങയുടെ പദ്ധതി വിശ്വസ്തതയോടെ ഞങ്ങള്‍ നിറവേറ്റുകയും
തീക്ഷ്ണമായ ഉപവിയോടെ
സഹോദരരെ സ്‌നേഹിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment