🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ
15th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 16:15
നീതിയോടെ അങ്ങയുടെ തിരുമുമ്പില്‍ ഞാന്‍ സന്നിഹിതനാകും;
അങ്ങയുടെമഹത്ത്വം വെളിപ്പെടുത്തപ്പെടുമ്പോള്‍ ഞാന്‍ സംതൃപ്തനാകും.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വഴിതെറ്റിയവര്‍
നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്
അങ്ങയുടെ സത്യത്തിന്റെ പ്രകാശം
അവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.
ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാം
ആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനും
അനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 55:10-11
മഴയും മഞ്ഞും ഭൂമിയെ നനയ്ക്കുന്നു.
കര്‍ത്താവ് അരുള്‍ ചെയ്യുന്നു: മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 65:10,11,12-13,14
ചില വിത്തുകള്‍ നല്ല നിലത്തു വീണ് ഫലം പുറപ്പെടുവിച്ചു.
അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു,
അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു;
ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു;
അവിടുന്നു ഭൂമിയെ ഒരുക്കിഅവര്‍ക്കു ധാന്യം നല്‍കുന്നു.
ചില വിത്തുകള്‍ നല്ല നിലത്തു വീണ് ഫലം പുറപ്പെടുവിച്ചു.
അവിടുന്ന് അതിന്റെ ഉഴവുചാലുകളെ
സമൃദ്ധമായി നനയ്ക്കുന്നു;
കട്ടയുടച്ചു നിരത്തുകയും
മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു;
അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.
ചില വിത്തുകള്‍ നല്ല നിലത്തു വീണ് ഫലം പുറപ്പെടുവിച്ചു.
സംവത്സരത്തെ അവിടുന്നു
സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു;
അങ്ങയുടെ രഥത്തിന്റെ ചാലുകള്‍ പുഷ്ടി പൊഴിക്കുന്നു.
മരുപ്രദേശത്തെ പുല്‍പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നു;
കുന്നുകള്‍ സന്തോഷം അണിയുന്നു.
ചില വിത്തുകള്‍ നല്ല നിലത്തു വീണ് ഫലം പുറപ്പെടുവിച്ചു.
മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു;
താഴ്‌വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു;
സന്തോഷംകൊണ്ട് അവ ആര്‍ത്തുപാടുന്നു.
ചില വിത്തുകള്‍ നല്ല നിലത്തു വീണ് ഫലം പുറപ്പെടുവിച്ചു.
രണ്ടാം വായന
റോമാ 8:18-23
സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു. സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതു വ്യര്‍ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു; സ്വന്തം ഇഷ്ടത്താലല്ല, പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം. സൃഷ്ടി ജീര്‍ണതയുടെ അടിമത്തത്തില്‍ നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും. സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം. സൃഷ്ടി മാത്രമല്ല, ആത്മാവിന്റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു.
കർത്താവിന്റ വചനം
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 13:1-23
വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.
യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു. അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന് മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി. ചെവിയുള്ളവന്‍കേള്‍ക്കട്ടെ.
അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല. ഉള്ളവനു നല്‍കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. അതുകൊണ്ടാണ് ഞാന്‍ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നത്. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല. ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു:
നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല;
നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.
അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്,
ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും
ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്
ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു;
ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു;
കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.
അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍: രാജ്യത്തിന്റെ വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനില്‍ നിന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് ദുഷ്ടന്‍ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്. വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം വീണുപോവുകയും ചെയ്യുന്നവനാണ് പാറമേല്‍ വീണ വിത്ത്. ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്. വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിക്കുന്ന
സഭയുടെ കാണിക്കകള്‍ കടാക്ഷിക്കുകയും
അവയുടെ സ്വീകരണം
വിശ്വാസികളുടെ വിശുദ്ധീകരണത്തിന്റെ വര്‍ധനയ്ക്ക്
ഇടയാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 83: 4-5
ബലവാനായ കര്‍ത്താവേ,
എന്റെ രാജാവേ, എന്റെ ദൈവമേ,
കുരുകില്‍പക്ഷി ഒരു സങ്കേതവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു കൂടും
അങ്ങയുടെ അള്‍ത്താരയില്‍ കണ്ടെത്തുന്നുവല്ലോ.
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
Or:
യോഹ 6: 57
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ദിവ്യരഹസ്യത്തിലുള്ള പങ്കാളിത്തത്തോടൊപ്പം
ഞങ്ങളുടെ രക്ഷയുടെ ഫലവും വര്‍ധമാനമാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment