മൺമറഞ്ഞ മഹാരഥൻമാർ
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…
ജനകീയനായ കാലായിലച്ചൻ…

Fr Mathew Kalayil (1948 – 2006)
മലങ്കര കത്തോലിക്കാ സഭയിലെ വൈദീകരിലൊരാളായിരുന്ന ഫാ. മാത്യു കാലായിൽ, കെ. എസ്. വർഗീസിന്റെയും മറിയാമ്മയുടെയും മകനായി 1948 ജനുവരി 6ന് മാർ ഈവാനിയോസ് പിതാവിന്റെ പാദസ്പർശനത്താൽ അനുഗ്രഹീതമായ റാന്നി – പെരുനാടിൽ ജനിച്ചു. 12 സഹോദരങ്ങളാണ് അച്ചനുള്ളത്.
സ്കൂൾ വിദ്യാഭ്യാസം മാമ്പാറ സെൻറ് തോമസ് എൽ. പി. സ്കൂളിലും, തുടർന്ന് പെരുനാട് ഹൈസ്കൂളിലുമായി പൂർത്തിയാക്കി. ബഹുമാനപ്പെട്ട സാമുവേൽ തെങ്ങുവിളയിലച്ചൻ പെരുനാട് വികാരിയായിരിക്കുമ്പോൾ മാത്യു ദൈവവിളി സ്വീകരിച്ച് സെമിനാരിയിൽ ചേർന്നു. സെൻറ് അലോഷ്യസ് മൈനർ സെമിനാരിയിലും, കോട്ടയം വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലും പരിശീലനം പൂർത്തീകരിച്ച് 1975 ഡിസംബർ 17ന് ഭാഗ്യസ്മരണീയനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
ആദ്യ നിയമനം കൊടുമൺ മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ സഹവികാരിയായിട്ടായിരുന്നു, തുടർന്ന് അവിടെ തന്നെ വികാരിയായി. പിന്നീട് ചന്ദനപ്പള്ളി, പറക്കോട്, അങ്ങാടിക്കൽ, നെടുമൺകാവ്, നെടുമൺ, കൈതപ്പറമ്പ്, വകയാർ, കല്ലേലി, വി. കോട്ടയം, ഇളപ്പുപാറ, ഊട്ടുപാറ, ശൂരനാട്, പോരുവഴി, തുമ്പമൺ, പന്തളം, കൈപ്പട്ടൂർ, വാളകം, പൊടിയാട്ടുവിള, അമ്പലക്കര, ചെപ്ര, ഉമ്മന്നൂർ, വിലങ്ങറ, കോന്നി, ളാക്കൂർ, കൊക്കാത്തോട്, പുത്തൻപീടിക, പ്രക്കാനം, മൈലപ്ര, പറന്തൽ, പറക്കോട്, പൊങ്ങലടി, തണ്ണിത്തോട്, കരിമാൻതോട്, തേക്കുതോട്, മണ്ണീറ, എലിമുള്ളുംപ്ളാക്കൽ, കാട്ടൂർ, മേക്കൊഴൂർ എന്നീ പള്ളികളിൽ വികാരിയായും റാന്നി – പെരുനാട് വൈദീകജില്ല വികാരിയായും സേവനമനുഷ്ഠിച്ചു. മുക്കംപാല ബഥനി എസ്‌റ്റേറ്റിന്റെ മാനേജരായും അച്ചൻ ശുശ്രൂഷ ചെയ്തു.
തണ്ണിത്തോട് പള്ളിയിൽ വികാരിയായിരിക്കുമ്പോൾ മലയോര പ്രദേശങ്ങളിലെ ഇടവകകളെ ഒരുമിപ്പിച്ച് മലയോര കൺവെൻഷൻ ആരംഭിച്ചു. തണ്ണിത്തോട് ഇടവകയുടെ സുവർണ്ണ ജൂബിലി അച്ചന്റെ കാലത്തായിരുന്നു, ജൂബിലി സ്മാരകമായി ഒരു കുരിശടിയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും അന്ന് നടത്തിയിരുന്നു.
മാതൃഭക്തനായിരുന്ന അച്ചൻ താൻ വികാരിയായിരുന്ന ഇടവക ജനങ്ങളെയും കൂട്ടി വർഷത്തിൽ ഒരിക്കലെങ്കിലും മരിയൻ കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. എല്ലാ വൈദീകരുമായും ഉറ്റബന്ധം പുലർത്തിയിരുന്ന അച്ചൻ വൈദീക കൂട്ടായ്മകളിലെ സജീവ സന്തോഷ സാന്നിദ്ധ്യമായിരുന്നു.
ഇടവകജനങ്ങളുമായി ഊഷ്മള ബന്ധം പുലർത്തിയിരുന്ന അച്ചൻ അവരുടെ സുഖദു:ഖങ്ങളിൽ എന്നും ഒപ്പമായി അവരെ കരുതിയിരുന്നു. പാവപ്പെട്ടവരെ കരുതാനും തന്നാൽ കഴിയുന്ന നന്മകൾ അവർക്ക് ചെയ്ത്കൊടുക്കാനും സർവ്വാത്മനാ പരിശ്രമിച്ചിരുന്നു. വികാരിയായിരുന്ന ഇടവകയിലെ യുവജനങ്ങളുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അച്ചൻ അവരെ പള്ളിയുടെ കാര്യങ്ങളുമായി എന്നും ചേർത്ത് നിർത്തിയിരുന്നു. ഇടവകകളിലെ വിശ്വാസികളുമായി മാത്രമല്ല ആ പ്രദേശത്തുള്ള നാനാജാതിമതസ്ഥരുമായും അച്ചൻ സ്നേഹബന്ധം പുലർത്തിയിരുന്നു.
1998ൽ ഒരു മാസത്തേക്ക് ദോഹ സന്ദർശിക്കാനായി പോയ അച്ചൻ അവിടെ വിശ്വാസസമൂഹത്തെ ഒരുമിച്ചുകൂട്ടി അവർക്കായി വിശുദ്ധബലി അർപ്പിച്ചിരുന്നു. സന്ദർശനത്തിന് ശേഷം അച്ചൻ മടങ്ങിയെങ്കിലും ആ വിശ്വാസസമൂഹം ഒരുമിച്ച്കൂടി പരിശ്രമിച്ചതിന്റെയും പ്രാർത്ഥിച്ചതിന്റെയും ഫലമായി ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് ഗൾഫ് നാടുകളിൽ സ്വന്തമായി ഒരു പള്ളിയുള്ളത് ദോഹയിൽ മാത്രമാണ്.
അച്ചന്റെ പൗരോഹിത്യ രജതജൂബിലി മഹാജൂബിലി വർഷത്തിൽ (2000) വകയാർ ഇടവകയിൽ ആഘോഷിച്ചു.
കാട്ടൂർ ഇടവകയുടെ വികാരിയായിരിക്കുമ്പോൾ ഹൃദയാഘാതത്താൽ നിത്യസമ്മാനത്തിനായി 2006 മെയ് 16ന് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ആളുകളെ കരുതിയിരുന്ന, സ്നേഹിച്ചിരുന്ന ഈ ഇടയനെ ജനങ്ങളും അതുപോലെ സ്നേഹിച്ചിരുന്നു. അച്ചന്റെ ശവസംസ്ക്കാര ശുശ്രൂഷയിൽ സംബന്ധിച്ച വലിയ ഒരു ജനാവലി അതിന്റെ സാക്ഷ്യമാണ്.
കടപ്പാട് : ഫാ. സിബി ഒറ്റക്കല്ലിൽ
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Email: fr.sebastiankizhakkethil@gmail.com
Fr Sebastian John Kizhakkethil


Leave a comment