പ്രഭാത പ്രാത്ഥന
“പര്‍വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാന്‍ ഇറങ്ങിച്ചെന്നു. അതിന്റെ ഓടാമ്പലുകള്‍ എന്നെ എന്നേക്കുമായി അടച്ചുപൂട്ടി. എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു. എന്റെ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍, എത്തി.(യോനായുടെ പുസ്തകം2:6-7)” ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ഈശോയെ അവിടുത്തെ സന്നിധിയിൽ അർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും അവിടുന്ന് സ്വീകരിക്കുകയും, ഞങ്ങൾക്ക് നന്മയായുള്ളതു പ്രദാനം ചെയ്യുകയും ചെയ്തു അനുഗ്രഹിക്കണമേ. ഒരു പുതിയ ദിനത്തെ സന്തോഷത്തോടും, സമാധാനത്തോടും കൂടെ സ്വീകരിക്കുവാൻ കൃപ നൽകണമേ. കർത്താവെ, ഞങ്ങളുടെ ജീവിതത്തെ ബാധിച്ചിരിക്കുന്ന കോവിഡ് പത്തൊൻപതു എന്ന പ്രതിസന്ധിയെ ഓർക്കുകയാണ്. എത്രയോ ഭയാനകമായ അവസ്ഥകൾ ആണ് സംജാതമാകുന്നത്. പ്രതിസന്ധിയുടെ ഈ ദിനങ്ങളിൽ അവിടുത്തെ സംരക്ഷണ ഞങ്ങൾ അനുഭവിക്കട്ടെ. നാഥാ ഞങ്ങളുടെ ഇടയിൽ ഇന്നേ ദിനത്തിൽ ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവരുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്നു ജോലിക്കു പോകുവാൻ ഒരുങ്ങുന്നവർ ഉണ്ട്. കോടതിയിൽ വിധി കാത്തു നിൽക്കുവാൻ പോകുന്നവരുണ്ട്. ആശുപത്രിയിൽ പോകുന്നവർ ഉണ്ട്. എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു. ആകുലതകളെ നീക്കി കളയണമേ. സന്തോഷങ്ങളെ ഇരട്ടിയാക്കണമേ. രോഗഭീതിയിൽ നിന്നും അകറ്റി നിർത്തി ഞങ്ങളെ കാത്തു പരിപാലിക്കണമേ. നല്ല ദൈവമേ, ഞങ്ങളുടെ ജീവിതത്തിൽ അനേകം കുറവുകൾ ഉണ്ട്. പ്രാർത്ഥനയുടെ ജീവിതം കൈവിട്ടു പോയ അവസ്ഥകൾ ഉണ്ട്. പാപകരമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിമിഷങ്ങൾ ഉണ്ട്. വിട്ടുമാറാത്ത ചില ദുശീലങ്ങൾ ഉണ്ട്. എല്ലാത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ. ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം സ്വർഗ്ഗത്തിൽ അങ്ങയുടെ മുഖം കണ്ടു ആരാധിക്കുവാൻ അനുവദിക്കണമേ.ഈ പ്രഭാതത്തിൽ വിവിധ പരീക്ഷകൾക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്നവർക്കായും, റിസൾട്ട് കാത്തിരിക്കുന്നവർക്കായും, ഒരു ജോലിക്കു വേണ്ടി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും നിന്റെ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ചു വിദ്യാഭ്യാസം നേടിയിട്ടും അതിനനുസരിച്ചുള്ള നല്ലൊരു ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾ. കുടുംബം പോറ്റാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുന്നവർ. ഇന്നും ജോലിക്കുവേണ്ടി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നവർ.എല്ലാവരെയും കർത്താവേ, നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. നീ കണ്ടറിഞ്ഞു അവരെ അനുഗ്രഹിക്കണമെ. അവരുടെ എല്ലാം പരിശ്രമങ്ങളും ഫലവത്താക്കേണമേ. എല്ലാ നന്മകളും ഉള്ള ഒരു ദിനമായി ഇന്നേ ദിനത്തെ മാറ്റേണമേ.ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ. കോവിഡ് മഹാമാരിയ്ക്ക് മരുന്ന് കണ്ടുപിടിക്കുവാൻ സാധിക്കട്ടെ. ദേശത്തെ ശത്രുക്കളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും കാത്തു കൊള്ളണമേ. ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. പട്ടിണിയും, വേദനയും കടന്നു വരാതെ ഞങ്ങളെ കാത്തു കൊള്ളണമേ. ആമേൻ

Leave a comment