കാളയെ എവിടെ കെട്ടണം?

കാളയെ എവിടെ കെട്ടണം?
………………………………………….

കാളവണ്ടി മുന്നോട്ടു പോകണമെങ്കിൽ കാളയെ എവിടെ കെട്ടണം? നിലമുഴണമെങ്കിൽ കലപ്പയുടെ ഏതു ഭാഗത്തായിരിക്കണം കാള? സംശയമൊന്നുമില്ല കാള, മുൻഭാഗത്ത് അതായത് പ്രഥമസ്ഥാനത്തു തന്നെയുണ്ടാകണം!. സഭ മുന്നോട്ടു പോകണമെങ്കിൽ സുവിശേഷ പ്രഘോഷണത്തിന്റെ സ്ഥാനം എവിടെയായിരിക്കണം? സംശയമില്ല മുമ്പിൽ തന്നെ. സ്കൂൾ, ആശുപത്രി, സാമൂഹ്യപ്രവർത്തനങ്ങൾ തുടങ്ങി സഭയുടെ പരസ്നേഹപ്രവർത്തികളെല്ലാം സഭ വളരുന്നതിനനുസൃതമായി സ്വാഭാവികമായുണ്ടാകുന്ന ഫലങ്ങളാണ്. എന്നാൽ നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ ഇവയ്ക്കാണ് പ്രഥമസ്ഥാനം കൊടുക്കുന്നതെങ്കിൽ, ഒന്നു വ്യക്തമാണ് സഭ മുന്നോട്ടു നീങ്ങുന്നില്ല. സഭയാകുന്ന വാഹനത്തെ മുന്നോട്ട് നയിക്കേണ്ട സുവിശേഷവത്കരണമെന്ന കാളയെ നാം പുറകിലെവിടെയോ, അതായത് അപ്രധാനസ്ഥാനത്ത് കെട്ടിയിട്ടിരിക്കുകയാണെന്ന് വ്യക്തം. കർത്താവിന്റെ രക്ഷാകരസന്ദേശം ലോകത്തോട് വിളിച്ചു പറയാൻ ഇനിയും മടികാണിച്ചാൽ അതിന്റെ തിക്തഫലങ്ങൾ ഇനിയും നാം അനുഭവിക്കേണ്ടിവരും. നമ്മുടെ സ്കൂളുകളിൽ നമ്മുടെ വൈദികരും സന്യസ്തരും അവിശ്രമം പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിച്ച് വിദ്യാഭ്യാസം നൽകിയവരും നമ്മുടെ ആശുപത്രികളിൽ ഇതേരീതിയിൽ എല്ലാ തരത്തിലുമുള്ള സൌകര്യങ്ങളുടെ പങ്കുപറ്റിയവരും, വിവിധങ്ങളായ നമ്മുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ ഫലമനുഭവിച്ചവരും തിരിഞ്ഞു നിന്ന് കുത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ഇതിന് ഒറ്റ കാരണമേയുള്ളൂ അവർക്ക് സുവിശേഷം നൽകുന്നതിൽ നാം വേണ്ടത്ര ശ്രദ്ധ വച്ചില്ല. സഭയുടെ വളർച്ച ത്വരിതപ്പെടുത്തണമെങ്കിൽ ഇനിയെങ്കിലും സുവിശേഷവത്കരണമെന്ന കാളയെ നാം ഈ വാഹനത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് കെട്ടിയിട്ടേ പറ്റൂ.

സീറ്റ്ലി ജോർജ്
ചെയർമാൻ, ഫിയാത്ത് മിഷൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment