രോഗികളുടെയും രോഗി ശുശ്രൂഷകരുടെയും മധ്യസ്ഥനായ വി. കമില്ലസ്സ് ഡി ലെല്ലിസ്സിന്റെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു…

ജൂലൈ 14
വി. കമില്ലസ്സ് ഡി ലെല്ലിസ് (1549-1614)
✍🏻 Bro. Joe Ben Elohim
1549-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വി. കമില്ലസ്സ് ഡി ലെല്ലിസ് ജനിച്ചത്. ശൈശവത്തില്‍ തന്നെ അദ്ദേഹത്തിന് തന്റെ അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ വേർപാടിനു ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അദ്ദേഹത്തിന് നഷ്ട്ടമായി. യുവാവായിരിക്കെ സൈന്യത്തില്‍ ചേരാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ സൈനിക പ്രവേശനത്തിന് കമില്ലസ്സിന് എഴുത്തും വായിയനയും മാത്രമായിരുന്നു അറിയാവുന്നത്.
19-ാം വയസ്സിൽ വി. കമില്ലസ്സ് സൈന്യത്തിൽ ചേർന്നു. 1574-ല്‍ താൻ ജോലിചെയ്തിരുന്ന സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യനിലും നിയാപ്പോളീറ്റനിലും സേവനം ചെയ്തു. ചൂതാട്ടത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്ന കമില്ലസ്സ് പലപ്പോഴും തന്റെ അത്യാവശ്യ സാധനങ്ങള്‍ വരെ ഇതിൽ നഷ്ടപ്പെടുത്തി. ചൂതാട്ടത്തിലും വഴിവിട്ട ജീവിതത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ആനന്ദം. അവസാനം ദാരിദ്ര്യം അവന്റെ കണ്ണുതുറപ്പിച്ചു.
ഉപജീവനത്തിന് ഒന്നുമില്ലാതായപ്പോൾ ഒരു കപ്പൂച്ചിന്‍ ഭവനത്തില്‍ കഴുതകളെ മേക്കുന്ന ജോലിയില്‍ പ്രവേശിച്ചു. ആ കപ്പൂച്ചിൻ ഭവനത്തിലെ ഗാർഡിയന്റെ സ്നേഹപൂർവമായ പെരുമാറ്റവും ഉപദേശവും അദ്ദേഹത്തെ മാനസാന്തരത്തിലേക്ക് നയിച്ചു. പിന്നീട് തന്റെ ജോലികൾക്കിടയിലും അദ്ദേഹം മുട്ടുകുത്തി മാറത്തടിച്ചു കൊണ്ട് തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തോട് കരുണക്ക് വേണ്ടി യാചിക്കുമായിരുന്നു.
പിന്നീട് അദ്ദേഹം കപ്പൂച്ചിൻ സന്യാസസഭയിൽ സന്യാസ പരിശീലനത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കാലിൽ ഉണ്ടായിരുന്ന മാരകമായ ഉണങ്ങാത്ത വ്രണം മൂലം അദ്ദേഹത്തിന് കപ്പൂച്ചിൻ ആശ്രമത്തിൽ തുടരാനായില്ല. അതേതുടര്‍ന്ന്‍ കമില്ലസ്സ് തന്റെ ദേശം ഉപേക്ഷിച്ച് റോമിലേക്ക് പോയി. അവിടെ സെന്റ് ജെയിംസ് ആശുപത്രിയില്‍ വിദഗ്ധ ചികിൽസയ്ക്കായി പ്രവേശിച്ചു.
ആശുപത്രിയിലെ ജീവനക്കാർ രോഗികളോട് രൂക്ഷമായി പെരുമാറുന്നതുകണ്ട് അസ്വസ്ഥനായ കമില്ലസ്സ് പ്രതിഫലേഛ കൂടാതെ രോഗികളെ പരിചരിക്കുവാന്‍ ആരംഭിച്ചു. വി. ഫിലിപ്പ് നേരിയെ അദ്ദേഹം തന്നെ ആത്മീയ പിതാവായി തെരഞ്ഞെടുത്തു. തുകല്‍ കുപ്പായവും, പിച്ചള കൊണ്ടുള്ള അരപ്പട്ടയുമായിരുന്നു അപ്പോള്‍ വിശുദ്ധൻ ധരിച്ചിരുന്നത്. തന്റെ കാലിലെ മാരകമായ വ്രണം വകവയ്ക്കാതെ രാപകലില്ലാതെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചു. ശരിയായ രീതിയിൽ നടക്കാൻ പോലുമാകാതെ വ്രണം ബാധിച്ച തന്റെ കാൽ വലിച്ചു കൊണ്ടാണ് അദ്ദേഹം രോഗികളെ സമീപിച്ചിരുന്നത്. മരണാസന്നരായവര്‍ക്ക് വിശുദ്ധന്‍ പ്രത്യേക പരിഗണന നല്കി. അവര്‍ക്ക് ആത്മീയമായ ഉപദേശങ്ങള്‍ നൽകുന്നതിനും മരണത്തിനു വേണ്ടി അവരെ ഒരുക്കുന്നതിനും അദ്ദേഹം കൂടുതൽ താല്പര്യം കാണിച്ചു. എളിമയും, ഭക്തിയും നിറഞ്ഞതായിരുന്നു വിശുദ്ധ ജീവിതം.
കമില്ലസ്സിന്റെ ഈ കാരുണ്യ പ്രവര്‍ത്തികളും, എളിമയും, ഭക്തിയും കണ്ട അവിടത്തെ മേലധികാരികള്‍ അദ്ദേഹത്തെ ആ ആശുപത്രിയുടെ ഡയറക്ടറായി നിയമിച്ചു. ആ ആശുപത്രിയിൽ ശമ്പളത്തിന് രോഗികളെ പരിചരിക്കുന്നവരുടെ അലസത കണ്ട് വിശുദ്ധന്‍ അസ്വസ്ഥനായി. നിസ്വാർത്ഥമായി രോഗികളെ ശുശ്രൂഷിക്കുന്നതിന് സന്നദ്ധരായ ആളുകളെ കൂട്ടി ഒരു സംഘടന രൂപീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ഒത്തിരിയേറെ തടസ്സങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു.
ഇതേ തുടര്‍ന്നു രോഗികളെ ആത്മീയമായി സഹായിക്കുവാനായി പൗരോഹിത്യപട്ടം സ്വീകരിക്കുവാന്‍ കമില്ലസ്സ് തീരുമാനിച്ചു, തുടർന്ന് അതിനായുള്ള പഠനം ആരംഭിക്കുകയും ചെയ്തു. ഗ്രിഗറി മൂന്നാമന്‍ പാപ്പായുടെ കാലത്ത് സെന്റ് അസാഫ്സിലെ മെത്രാനായിരുന്ന ഗോള്‍ഡ്‌വെല്ലിൽ നിന്നും വി. കമില്ലസ്സ് പൗരോഹിത്യം സ്വീകരിച്ചു. 1584-ല്‍ വിശുദ്ധന്‍ വിറ്റ്സണ്‍ട്ടൈഡിലെ പുരോഹിതനായി നിയമിതനായി.
രോഗികളെ പരിചരിക്കുന്നതിനും അവരുടെ ആത്മീയമായ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുന്നതിനുമായി വി. കമില്ലസ്സ് രോഗികളുടെ സേവകർ (Servants of the Sick) എന്ന പേരിൽ ഒരു സന്യാസസമൂഹം സ്ഥാപിച്ചു. രോഗികള്‍ക്ക് ആത്മീയവും ഭൗതികവുമായ എല്ലാതരത്തിലുള്ള സഹായങ്ങളും നല്‍കുക എന്നതായിരുന്നു വിശുദ്ധന്റെ പുതിയ സഭയുടെ പ്രധാന ലക്ഷ്യം. മരണാസന്നരായ രോഗികളെ നല്ലമരണത്തിനുവേണ്ടി ഒരുക്കാൻ അവർ കൂടുതൽ താൽപര്യം കാണിച്ചു. അവർക്ക് അനുതാപത്തോട് കൂടി തങ്ങളുടെ അന്ത്യകൂദാശകള്‍ സ്വീകരിക്കുവാന്‍ ഈ സഭാംഗങ്ങൾ സഹായിച്ചു. അതിനാൽ തന്നെ നല്ല മരണത്തിന്റെ വൈദികർ എന്ന് അവർ അറിയപ്പെടാൻ തുടങ്ങി. കറുത്തു നീണ്ട കുപ്പായവും അതേ നിറത്തിലുള്ള അരക്കെട്ടുമായിരുന്നു അദ്ദേഹത്തിന്റെ സഭാവസ്ത്രം. തന്റെ ജനിക്കുന്നതിനു മുമ്പ് അമ്മ കണ്ട സ്വപ്നം അനുസരിച്ച് ഒരു ചുവന്ന കുരിശു അദ്ദേഹം തന്റെ സഭാ വസ്ത്രത്തിൽ തുന്നിച്ചേർത്തു. RED CROSS എന്ന് ഇത് അറിയപ്പെടുന്നു. ആശുപത്രികളുടെയും ഡോക്ടർമാരുടെയും ഔദ്യോഗിക അടയാളമായി RED CROSS ഉണ്ടായത് വിശുദ്ധന്റെ ഈ ചുവന്ന കുരിശിൽ നിന്നാണ്.
1586-ല്‍ സിക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ വിശുദ്ധന്റെ സഭയെ അംഗീകരിച്ചു. വി. കമില്ലസ്സ് തന്നെയായിരുന്നു സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറൽ. റോജര്‍ എന്ന ഇംഗ്ലീഷുകാരനായിരുന്നു വിശുദ്ധന്റെ ആദ്യ അനുയായികളിൽ ഒരാള്‍. ‘സെന്റ് മേരി മഗ്ദലെന്‍’ എന്ന ദേവാലയം അവരുടെ പ്രാര്‍ത്ഥനയ്ക്കായി നല്‍കപ്പെട്ടു. സ്നേഹോഷ്മളതയോടെ അദ്ദേഹവും അനുയായികളും രോഗികളെ ശുശ്രൂഷിച്ചു. 1590-ൽ റോമിൽ ക്ഷാമം ഉണ്ടായപ്പോൾ ഭക്ഷണവും വസ്ത്രവും ശേഖരിച്ച് വീടുകളിൽ എത്തിച്ചു നൽകി. സ്വന്തം പുറംകുപ്പായം പോലും ഊരി നിരവധി തവണ തണുപ്പ് ഏറ്റുമരിക്കുന്നവരെ അദ്ദേഹം പുതപ്പിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു രോഗി അദ്ദേഹത്തോട് കിടക്ക വിരിച്ചുകൊടുക്കാൻ യാചിച്ചു, ഉടൻതന്നെ കിടക്ക വിരിച്ചു നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “സഹോദരാ എന്നോട് യാചിക്കരുത്, കൽപ്പിച്ചാൽ മതി. കാരണം, ഞാൻ അങ്ങയുടെ ശുശ്രൂഷകനാണ്.”
1592ലും 1600ലും ക്ലമന്റ് എട്ടാമന്‍ പാപ്പാ ഈ സഭയെ വിശേഷാധികാരങ്ങള്‍ നല്‍കി അംഗീകരിച്ചു. തന്റെ ശുശ്രൂഷകള്‍ക്കിടയില്‍ വിശുദ്ധന്‍ സ്വയം ശാരീരികമായ യാതനകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. തന്റെ കാലിലെ വ്രണം കൊണ്ടുള്ള യാതന വിശുദ്ധന്‍ ഏതാണ്ട് 46 വര്‍ഷങ്ങളോളം സഹിച്ചു. രോഗികളെ പരിചരിക്കുമ്പോള്‍ ഉണ്ടായ മറ്റൊരു പരിക്ക് 38 വര്‍ഷത്തോളം നീണ്ടു നിന്നു. വിശുദ്ധന്റെ പാദത്തിലുണ്ടായിരുന്ന രണ്ട് വൃണങ്ങള്‍ മൂലം അതി കഠിനമായ വേദന വിശുദ്ധന്‍ സഹിച്ചിരുന്നു. അതോടൊപ്പം മറ്റ് പല രോഗങ്ങളും വിശുദ്ധനെ വേട്ടയാടികൊണ്ടിരുന്നു. ഈ യാതനകൾക്ക് നടുവിലും അദ്ദേഹം തന്റെ ശുശ്രൂഷകൾക്കാണ് പ്രാമുഖ്യം നല്കിയിരുന്നത്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി ദൈവം വിശേഷ അനുഗ്രഹങ്ങൾ കൊണ്ട് അദ്ദേഹത്തെ സമ്പന്നമാക്കി. പ്രവചനവരവും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും ദൈവ അദ്ദേഹത്തിന് നൽകി. ഒത്തിരിയേറെ അത്ഭുതങ്ങൾ അദ്ദേഹത്തിലൂടെ സംഭവിക്കപെട്ടു. അതിൽ പലതും അദ്ദേഹം പോലും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
ജെനോവായില്‍ വെച്ച് വിശുദ്ധന് ഗുരുതരമായ രോഗം പിടിപ്പെട്ടു. എന്നാല്‍ പിന്നീട് രോഗം കുറച്ച് ഭേദമായപ്പോള്‍ തന്റെ ആശുപത്രി സന്ദര്‍ശനങ്ങള്‍ വിശുദ്ധന്‍ തുടർന്നു. അധികം താമസിയാതെ അദ്ദേഹം വീണ്ടും രോഗശയ്യയിലായി. കര്‍ദ്ദിനാള്‍ ജിന്നാസിയോയിൽ നിന്ന് വി. കമില്ലസ്സ് അന്ത്യകൂദാശകള്‍ സ്വീകരിച്ചു.
1614 ജൂലൈ 14ന്, തന്റെ 65-ാം വയസ്സിൽ വി. കമില്ലസ്സ് തന്റെ ആത്മാവിനെ ദൈവകരങ്ങളിൽ സമർപ്പിച്ചു. ‘സെന്റ് മേരി മഗ്ദലന്‍’ ദേവാലയത്തിന്റെ അള്‍ത്താരക്ക് സമീപം വിശുദ്ധൻ അടക്കം ചെയ്യപ്പെട്ടു. പിന്നീട് നടന്ന അത്ഭുതങ്ങള്‍ ആധികാരികമായി സ്ഥിരീകരിച്ചതിന്ശേഷം വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അവിടെ നിന്നും എടുത്ത് അള്‍ത്താരക്ക് കീഴില്‍ മാറ്റി സ്ഥാപിച്ചു. 1742-ല്‍ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1746-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ കമില്ലസ്സ് ഡി ലെല്ലിസിനെ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തി.
രോഗികളുടെയും രോഗി ശുശ്രൂഷകരുടെയും മധ്യസ്ഥനായ വി. കമില്ലസ്സേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment