എലനോര്‍ എന്ന ഇരുപത്തൊമ്പതുകാരി!

Elanor, Writer, The Third Crusade

കാല്പനികത, കുരിശുയുദ്ധം, മഹാകാവ്യം… എലനോര്‍ എന്ന ഇരുപത്തൊമ്പതുകാരി!

ദ തേഡ് ക്രൂസേഡ് (മൂന്നാം കുരിശുയുദ്ധം)- പതിനാറ് പുസ്തകങ്ങളിലായി-രണ്ടുവാല്യങ്ങളായി – പരന്നുകിടക്കുന്ന മഹാകാവ്യം. എഴുതിയതാവട്ടെ എലനോർ ആൻ പോർഡൻ എന്ന ഇരുപത്താറുകാരിയും. വർഷം 1822 ആണ്, ബ്രിട്ടീഷ് നാവികനായിരുന്ന ജോൺ ഫ്രാങ്ക്ളിൻ തന്റെ ജോലിയുടെ ഭാഗമായി പര്യവേഷണത്തിനിറങ്ങിപ്പുറപ്പെട്ട കാലത്താണ് പ്രിയതമയായ എലനോർ ‘എപ്പിക്’ എന്ന ആശയവുമായി എഴുത്തിലേക്ക് ഇരുന്നത്. ബ്രിട്ടനിലെ രാജാവായിരുന്ന ജോർജ് നാലാമന് സാദരം സമർപ്പിച്ചുകൊണ്ട് രണ്ടുവാല്യങ്ങളിലായി ദ തേഡ് ക്രൂസേഡ് പ്രസിദ്ധീകൃതമായി.

1189 ലെ ഇംഗ്ളണ്ടിലെ രാജാവായിരുന്ന റിച്ചാർഡ് ഒന്നാമന്റെ സാഹസികയാത്രകളക്കെുറിച്ചും അയ്യുബിദ്ദ് സുൽത്താൻ സലാദിനിൽ നിന്നും ക്രൈസ്തവപുണ്യഭൂമിയായ ജറുസലേം പിടിച്ചടക്കാനായി.
പാശ്ചാത്യക്രൈസ്തവശക്തികളായ ഇംഗ്ളണ്ട്, ഫ്രാൻസ്, റോമാസാമ്രാജ്യം എന്നീ രാജ്യങ്ങളിലെ അധികാരികളുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാം കുരിശുയുദ്ധവുമാണ് പ്രമേയം. ജറുസലേമിന്റെ അയൽ പ്രദേശങ്ങൾ കീഴടക്കാൻ കഴിഞ്ഞെങ്കിലും സലാദിൻ അവരെ ജറുസലേമിലേക്ക് അടുക്കാൻ സമ്മതിക്കാതെ ശക്തമായി പൊരുതി നിന്നു. റിച്ചാർഡ് ഒന്നാമന്റെ സാഹസികതയെ വാഴ്ത്തുന്നതോടൊപ്പം തന്ന ജറുസലേം രാജാവായിരുന്ന ഗ ദേ ലൂസിഗ്നൻ, ജറുസലേം റാണിയായിരുന്ന ഇസബെല്ല എന്നിവരെയും വാഴ്ത്തിപ്പാടാൻ എലനോർ മറന്നില്ല.

റൊമാന്റിക് കവിയായിരുന്ന ലോർഡ് ബൈറനുശേഷം അദ്ദേഹത്തിന്റെ എപ്പിക് നായകന്മാരുടെ സവിശേഷതകൾ പ്രകീർത്തിക്കുന്ന (ബൈറോണിക് ഹീറോ) രീതിയാണ് എലനോർ തന്റെ മഹാകാവ്യത്തിലും സ്വീകരിച്ചിരുന്നത്. എലനോറിന്റെ നായകൻ സ്വാഭിമാനിയും, വിരക്തനും, ധിക്കാരിയും, ഹീനനും, പരിഹാസിയും അതേസമയം തന്നെ ആഴത്തിൽ സ്നേഹിക്കാൻ കഴിവുള്ളവനുമായിരുന്നു.

1795 ജൂലൈ പതിനാലിനാണ് ലണ്ടനിലെ ആർക്കിടെക്ടായ വില്യം പോർഡന്റെയും മേരി പോളോമാന്റെയും ഇളയ മകളായി എലനോർ ആൻ പോർഡൻ ജനിക്കുന്നത്. ശൈശവത്തിൽത്തന്നെ മൂത്തസഹോദരങ്ങളെ നഷ്ടപ്പെട്ട എലനോർ അക്കാലത്തെ ജീവിതസാഹചര്യങ്ങളനുസരിച്ച് വീട്ടിൽ നിന്നുതന്നെയാണ് വിദ്യാഭ്യാസം നേടിയത്.

വിവിധഭാഷകളും ശാസ്ത്രവും ചരിത്രവും എലനോറിന് ഹൃദിസ്ഥമായിരുന്നു. പതിനേഴാമത്തെ വയസ്സിലാണ് ‘ദ വെയ്ൽസ്'(മൂടുപടങ്ങൾ) എന്ന കാവ്യം രചിക്കുന്നത്. കാവ്യത്തിന്റെ ഘടനകൊണ്ടും ഉള്ളടക്കം കൊണ്ടും ദ വെയ്ൽസ് ശ്രദ്ധിക്കപ്പെട്ടു.

എലനോറിന്റെ സമകാലികനായ റൊമാന്റിക് കവി സർ വാൾട്ടർ സ്കോട്ട് തന്റെ നോവലായ ദ താലിസ്മാൻ പ്രമേയമാക്കിയതും കുരിശുയുദ്ധമായിരുന്നു. സ്കോട്ട് അവതരിപ്പിച്ച കഥയിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് എലനോർ മഹാകാവ്യം അവതരിപ്പിച്ചത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സംഭവങ്ങളെ ചേർത്തിക്കിയാണ് എലനോർ തന്റെ സൃഷ്ടിയെ മിനുക്കിയെടുത്തത്. അക്കാലത്ത് സ്കോട്ടിന്റൈ നോവലിനേക്കാൾ കീർത്തി ‘ദ തേഡ് ക്രൂസേഡി’ന് ലഭിക്കുകയുണ്ടായി.

നല്ലവരെ ദൈവം വേഗം മടക്കിവിളിക്കും എന്നു പറഞ്ഞതുപോലെ എലനോർ തന്റെ ആയുസ്സിന്റെ നിയോഗം മുഴുവനായും ആ മഹാകാവ്യത്തിൽ നിക്ഷേപിച്ചിരുന്നു. ഇരുപത്തൊമ്പത് വയസ്സാകുമ്പോളേക്കും ക്ഷയരോഗത്തിന്റെ മൂർധന്യാവസ്ഥയിലായിക്കഴിഞ്ഞിരുന്നു എലനോർ. തന്റെ മരണം ഫ്രാങ്ക്ളിന്റെ നാവികപര്യവേഷണങ്ങൾക്ക് വിഘാതമാവരുതെന്ന നിർബന്ധമുണ്ടായിരുന്നു എലനോറിന്. മരണക്കിടക്കിയിൽ കിടന്നുകൊണ്ട് കവയത്രി ഭർത്താവിനെ അടുത്ത പര്യടനത്തിനായി യാത്രയാക്കി. തിരിച്ചുവരുമ്പോൾ തന്റെ സ്ഥാനം അലങ്കരിക്കാൻ കൂട്ടുകാരിയായ ജെയ്ൻ ഗ്രിഫിനെ മാനസികമായി തയ്യാറാക്കിയാണ് ഇതിഹാസമെഴുത്തുകാരി വിടപറഞ്ഞത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment