ദിവ്യബലി വായനകൾ Friday of week 15 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 17/7/2020

Friday of week 15 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 16:15

നീതിയോടെ അങ്ങയുടെ തിരുമുമ്പില്‍ ഞാന്‍ സന്നിഹിതനാകും;
അങ്ങയുടെമഹത്ത്വം വെളിപ്പെടുത്തപ്പെടുമ്പോള്‍ ഞാന്‍ സംതൃപ്തനാകും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വഴിതെറ്റിയവര്‍
നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്
അങ്ങയുടെ സത്യത്തിന്റെ പ്രകാശം
അവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.
ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാം
ആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനും
അനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 38:1-6,21-22,7-8
നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു.

അക്കാലത്ത്, ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും ചെയ്തു. ആമോസിന്റെ പുത്രനായ ഏശയ്യാ പ്രവാചകന്‍ അവനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല. ഹെസക്കിയാ ചുമരിന്റെ നേരേ തിരിഞ്ഞ് കര്‍ത്താവിനോടു പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടുംകൂടെ അങ്ങയുടെ മുന്‍പില്‍ വ്യാപരിച്ചുവെന്നും അങ്ങേക്കു പ്രീതികരമായത് എപ്പോഴും അനുവര്‍ത്തിച്ചുവെന്നും അങ്ങ് ഇപ്പോള്‍ അനുസ്മരിക്കണമേ! അനന്തരം, ഹെസക്കിയാ വേദനയോടെ കരഞ്ഞു. അപ്പോള്‍ ഏശയ്യായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നീ ചെന്ന് ഹെസക്കിയായോടു പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. ഇതാ, നിന്റെ ആയുസ്സ് പതിനഞ്ചുവര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും. ഞാന്‍ നിന്നെയും ഈ നഗരത്തെയും അസ്സീറിയാരാജാവിന്റെ കരങ്ങളില്‍ നിന്നു രക്ഷിക്കുകയും ഈ നഗരത്തെ സംരക്ഷിക്കുകയും ചെയ്യും.
അപ്പോള്‍ ഏശയ്യാ പറഞ്ഞു: അവന്‍ സുഖം പ്രാപിക്കേണ്ടതിന് ഒരു അത്തിയട എടുത്ത് അവന്റെ പരുവില്‍ വയ്ക്കുക. ഞാന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ പ്രവേശിക്കുമെന്നതിന്റെ അടയാളം എന്തായിരിക്കുമെന്ന് ഹെസക്കിയാ ചോദിച്ചിട്ടുണ്ടായിരുന്നു.
കര്‍ത്താവിന്റെ ഈ വാഗ്ദാനം നിവൃത്തിയാകുമെന്നതിന് അവിടുന്നു നല്‍കുന്ന അടയാളമാണിത്. ആഹാസിന്റെ ഘടികാരത്തില്‍ അസ്തമയ സൂര്യന്റെ രശ്മികളേറ്റുണ്ടാകുന്ന നിഴല്‍ പത്തു ചുവടു പുറകോട്ടു തിരിയുന്നതിനു ഞാന്‍ ഇടയാക്കും. അങ്ങനെ ഘടികാരത്തില്‍ നിഴല്‍ പത്തു ചുവടു പുറകോട്ടു മാറി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
ഏശ 38:10-12,16

കര്‍ത്താവേ, നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്ഷിച്ചു.

എന്റെ ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ ഞാന്‍ വേര്‍പിരിയണം.
ശേഷിച്ച ആയുസ്സ് പാതാളവാതില്‍ക്കല്‍ ചെലവഴിക്കുന്നതിനു
ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

കര്‍ത്താവേ, നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്ഷിച്ചു.

ഞാന്‍ പറഞ്ഞു: ജീവനുള്ളവരുടെ നാട്ടില്‍
ഞാന്‍ ഇനി കര്‍ത്താവിനെ ദര്‍ശിക്കുകയില്ല;
ഭൂവാസികളുടെ ഇടയില്‍ വച്ചു മനുഷ്യനെ
ഞാന്‍ ഇനി നോക്കുകയില്ല.

കര്‍ത്താവേ, നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്ഷിച്ചു.

ആട്ടിടയന്റെ കൂടാരംപോലെ എന്റെ ഭവനം
എന്നില്‍ നിന്നു പറിച്ചുമാറ്റിയിരിക്കുന്നു.
നെയ്ത്തുകാരനെപ്പോലെ എന്റെ ജീവിതം
ഞാന്‍ ചുരുട്ടിയിരിക്കുന്നു.
തറിയില്‍ നിന്ന് അവിടുന്ന് എന്നെ മുറിച്ചുനീക്കി.
പകലും രാത്രിയും അവിടുന്ന് എന്നെ
അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.

കര്‍ത്താവേ, നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്ഷിച്ചു.

കര്‍ത്താവേ, എന്നിട്ടും എന്റെ ആത്മാവ്
അങ്ങയോടൊത്തു ജീവിക്കും.
ഞാന്‍ അങ്ങേക്കുവേണ്ടി മാത്രം ജീവിക്കും.
എനിക്ക് ആരോഗ്യം പ്രദാനം ചെയ്ത്
എന്നെ ജീവിപ്പിക്കണമേ!

കര്‍ത്താവേ, നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്ഷിച്ചു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 12:1-8
മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്,പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? അല്ലെങ്കില്‍, സാബത്തുദിവസം ദേവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തു ലംഘിക്കുകയും അതേസമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന
സഭയുടെ കാണിക്കകള്‍ കടാക്ഷിക്കുകയും
അവയുടെ സ്വീകരണം
വിശ്വാസികളുടെ വിശുദ്ധീകരണത്തിന്റെ വര്‍ധനയ്ക്ക്
ഇടയാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 83: 4-5

ബലവാനായ കര്‍ത്താവേ,
എന്റെ രാജാവേ, എന്റെ ദൈവമേ,
കുരുകില്‍പക്ഷി ഒരു സങ്കേതവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു കൂടും
അങ്ങയുടെ അള്‍ത്താരയില്‍ കണ്ടെത്തുന്നുവല്ലോ.
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
Or:
യോഹ 6: 57

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ദിവ്യരഹസ്യത്തിലുള്ള പങ്കാളിത്തത്തോടൊപ്പം
ഞങ്ങളുടെ രക്ഷയുടെ ഫലവും വര്‍ധമാനമാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment