ദിവ്യബലി വായനകൾ Thursday of week 15 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം 

Our Lady of Mount Carmel (July 16)
or Thursday of week 15 in Ordinary Time 

Liturgical Colour: White.

പ്രവേശകപ്രഭണിതം

പരിശുദ്ധ അമ്മേ, സ്വസ്തി;
സ്വര്‍ഗവും ഭൂമിയും എന്നുമെന്നേക്കും ഭരിക്കുന്ന രാജാവിന് നീ ജന്മംനല്കി.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെ
ധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,
ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സഖ 2:14-17
സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും.
സീയോന്‍പുത്രീ, പാടിയുല്ലസിക്കുക.
ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും –
കര്‍ത്താവ് അരുളിച്ചെയ്യുന്നു.
അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും.
അവര്‍ എന്റെ ജനമാകും.
ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും.
സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന്
അപ്പോള്‍ നിങ്ങള്‍ അറിയും.
അപ്പോള്‍ കര്‍ത്താവ് വിശുദ്ധദേശത്ത്
തന്റെ ഓഹരിയായി യൂദായെ സ്വന്തമാക്കും;
ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും.
മര്‍ത്ത്യരേ, കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍.
അവിടുന്ന് തന്റെ വിശുദ്ധവസതിയില്‍ നിന്ന് എഴുന്നേറ്റിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ലൂക്കാ 1:46-55

ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്!
അല്ലെങ്കില്‍
നിത്യപിതാവിന്റെ തിരുസുതനെ ഉദരത്തില്‍ വഹിച്ച കന്യകാമറിയമേ നീ അനുഗ്രഹീതയാകുന്നു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്!
അല്ലെങ്കില്‍
നിത്യപിതാവിന്റെ തിരുസുതനെ ഉദരത്തില്‍ വഹിച്ച കന്യകാമറിയമേ നീ അനുഗ്രഹീതയാകുന്നു.

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും
എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്ധമാണ്.

ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്!
അല്ലെങ്കില്‍
നിത്യപിതാവിന്റെ തിരുസുതനെ ഉദരത്തില്‍ വഹിച്ച കന്യകാമറിയമേ നീ അനുഗ്രഹീതയാകുന്നു.

അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്!
അല്ലെങ്കില്‍
നിത്യപിതാവിന്റെ തിരുസുതനെ ഉദരത്തില്‍ വഹിച്ച കന്യകാമറിയമേ നീ അനുഗ്രഹീതയാകുന്നു.

തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും
അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത
വാഗ്ദാനം അനുസരിച്ചുതന്നെ.

ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്!
അല്ലെങ്കില്‍
നിത്യപിതാവിന്റെ തിരുസുതനെ ഉദരത്തില്‍ വഹിച്ച കന്യകാമറിയമേ നീ അനുഗ്രഹീതയാകുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 12:46-50
തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങയുടെ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങയുടെ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങയുടെ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങയുടെ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment