പ്രാര്‍ത്ഥിക്കാന്‍ സമയമില്ല എന്ന് പറയുന്നവര്‍ക്കായി

Power of Prayer

പ്രാര്‍ത്ഥിക്കാന്‍ സമയമില്ല എന്ന് പറയുന്നവര്‍ക്കായി…

ഇന്ന് ഒട്ടു മിക്ക വീട്ടമ്മമാരും പറയുന്ന ഒരു കാര്യമാണ് പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടുന്നില്ല എന്ന്. കാലത്ത് എഴുനേറ്റു രാത്രി 11 മണി വരെ ജോലി തന്നെ ജോലി. എല്ലാം കഴിഞ്ഞു ഒന്ന് കിടന്നാല്‍ മതിയെന്നാണ് എല്ലാവര്‍ക്കും. അത് ജോലിക്ക് പോകുന്നവരാണെങ്കില്‍ പറയാനുമില്ല. എന്നാല്‍ ഇത്തരക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ എങ്ങിനെ സാധിക്കും എന്ന് വിചിന്തനം ചെയ്യാം.

അതിരാവിലെ എഴുന്നേറ്റു പല്ല് തേച്ചു പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചതിന് ശേഷം അടുക്കളയില്‍ കയറുന്നവരാണ് എല്ലാ വീട്ടമ്മമാരും. അടുക്കളയില്‍ നാം ഒരു കുടുംബത്തിലെ നാലോ അഞ്ചോ പേര്‍ക്ക് ഭക്ഷണമുണ്ടാക്കുമ്പോള്‍ അഞ്ചു അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരങ്ങളെ ത്രിപ്തര്‍ ആക്കുകയും 12 കുട്ട നിറയെ ശേഖരിക്കുകയും ചെയ്ത (മത്തായി 14:13-21) യേശുവിനെ ഓര്‍ക്കാം.

അടുക്കള ജോലി കഴിഞ്ഞു ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്കൂളിലേക്കുംപോയി കഴിയുമ്പോള്‍ പിന്നെ അടുക്കള ശുചീകരണമാണ്. ഓരോ പാത്രങ്ങളും കഴുകി വൃത്തിയാക്കുമ്പോള്‍ യേശുവേ എന്നെ തന്നെ മുഴുവനായി നിന്റെ തിരുവിലാവില്‍ നിന്നൊഴുകിയ ജലത്താല്‍ കഴുകി വൃത്തിയക്കണമെന്നു പ്രാര്‍ത്ഥിക്കുന്നു. കാരണം യേശു പറയുന്നു ഫരിസേയരെ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വൃത്തിയാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു. (ലൂക്കാ 11: 39). തന്റെ കാല്‍ കഴുകാന്‍ തടസം പറഞ്ഞ പത്രോസ്സിനോട് ഞാന്‍ നിന്നെ കഴുകുന്നില്ലായെങ്കില്‍ എനിക്ക് നിന്നോട് കൂടെ പങ്കില്ലെന്ന് പറഞ്ഞ വചനം നമുക്കോര്‍ക്കാം അങ്ങിനെയെങ്കില്‍ എന്റെ കാലുകള്‍ മാത്രമല്ല എന്റെ കരങ്ങളും ശിരസ്സും കൂടി കഴുകണമേയെന്ന് പറഞ്ഞ പത്രോസിനെ പോലെ എന്റെ കരങ്ങളെ, ശിരസ്സിനെ, പഞ്ചേന്ദ്രിയങ്ങളെ, ലൈഗികതയെ, ബുദ്ധിയെ, ബോധത്തെ എന്നെ തന്നെ പൂര്‍ണ്ണമായ് കഴുകണമേയെന്നു പ്രാര്‍ത്ഥിക്കാം (യോഹ. 13:8-9)

വീടും പരിസരവും അടിച്ചു വരി വൃത്തിയാക്കുമ്പോള്‍
കര്‍ത്താവേ ദുഷ്ചിന്തകള്‍ കൊണ്ട് നിറഞ്ഞ് അഴുക്കും പൊടിയുമായിരിക്കുന്ന എന്റെ മനസ്സിലെ കരടുകളെ തൂത്തുവാരി വൃര്‍ത്തിയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. അതോടൊപ്പം വെറുപ്പും വിദ്വേഷവും കൊണ്ട് നിറയപ്പെട്ട എന്റെ ഹൃദയത്തേയും. തന്റെ പത്തു നാണയത്തില്‍ ഒന്ന് നഷ്ടപ്പെട്ട സ്ത്രീ അത് കണ്ട് കിട്ടുവോളം വിളക്ക് കൊളുത്തി. ഉത്സാഹത്തോടെ അത് കണ്ടു കിട്ടുവോളം അടിച്ചു വാരി അന്വേക്ഷിക്കുന്നത് പോലെ (ലൂക്കാ 15:8) അന്ധകാരം നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയത്തിലെ അഴുക്കിനെ വിധവ വിളക്ക് തെളിച്ചതുപോലെ പരിശുദ്ധാത്മാവിന്റെഅഗ്നിയും പ്രകാശവും എന്നിലേക്കയക്കണമെന്ന് പ്രാര്‍ത്ഥിക്കാം.
ഇന്ന് എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ ഉണ്ടായിരിക്കേ കുടിക്കാന്‍ ആവശ്യത്തിനു വെള്ളം കോരന്‍ കിണറ്റുംക്കരയിലേക്ക് പോകുമ്പോള്‍ സമരിയക്കാരി സ്ത്രീയോട് യേശു പറഞ്ഞതുപോലെ (യോഹ. 4:10-14) യേശുവേ നിത്യജീവന്‍ പ്രധാനം ചെയ്യുന്ന അവിടുത്തെ ജീവ ജലം എനിക്ക് നല്കണമെയെന്നു പ്രാര്‍ത്ഥിക്കാം.
വസ്ത്രങ്ങള്‍ കഴുകാനായി കുളകടവിലേക്ക് അല്ലെങ്കില്‍ അലക്കുകല്ലിനരികയിലേക്ക് പോകുമ്പോള്‍ ബെദ്ദ്സേയ്ഥാ കുളകടവിലെ രോഗിക്ക് സൗഖ്യം നല്‍കിയ കര്‍ത്താവേ ഞാനിന്നു രോഗാവസ്ഥയില്‍ ആണ് എന്നെയും സുഖപ്പെടുത്തണമേയെന്നു യാചിക്കാം. (യോഹ. 5:8-9)
കുളിക്കുമ്പോള്‍ കര്‍ത്താവെ എന്റെ ശരീരത്തെ ഞാന്‍ അനുദിനം കഴുകി വൃതിയക്കുന്നതുപോലെ എന്റെ ആത്മാവിനെയും മനസ്സിനെയും കഴുകി വിശുദ്ധിയുള്ളതാക്കണമേയെന്നുപ്രാര്‍ത്ഥിക്കാം.

ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍
ഞാനാണ്‌ ജീവന്റെ അപ്പം (യോഹ. 6:35) എന്ന യേശുവിന്റെ വചനം നമുക്കോര്‍ക്കാം. നാം കഴിക്കുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞാല്‍ വീണ്ടും നമുക്ക് വിശപ്പനുഭവപ്പെടുന്നു. എന്നാല്‍ യേശുവിന്റെ അടുക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല അവനില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല (യോഹ. 6:35) അതിനാല്‍ യേശുവേ ജീവന്റെ അപ്പം തന്നെയായ അങ്ങയെ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നു പ്രാര്‍ത്ഥിക്കാം. അതോടൊപ്പം നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോള്‍ അതെല്ലാം ദൈവമാഹത്വത്തിനായി ചെയ്യുവിന്‍ എന്ന വചനവും നമുക്കോര്‍ക്കാം. (1കൊറി 10:31)

സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍
തിന്മയായത്‌ നാവില്‍ നിന്ന് വരാതിരിക്കാന്‍ എന്റെ നാവിനു കടിഞ്ഞാനിടണമേ , എന്റെ അധര കവാടത്തിനു കാവല്‍ ഏര്‍പ്പെടുത്തണമേയെന്നു (സങ്കീ. 141:3) സങ്കീര്‍ത്തകനോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. മത്തായി 15:11 ഇല്‍ വായിലേക്ക് പ്രവേശിക്കുന്നതല്ല വായില്‍ നിന്നും വരുന്നതാണ് ഒരുവനെ ആശുദ്ധനാക്കുന്നത്. എന്നാല്‍ വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്ക് പോകുകയും അവിടെ നിന്ന് വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ വായില്‍ നിന്നും വരുന്നത് ഹൃദയത്തില്‍ നിന്നാണ് അത് അവനെ ആശുദ്ധനാക്കുന്നു. (മത്താ 15: 17-18) എന്ന യേശുവിന്റെ വചനത്തില്‍ ആഴപ്പെട്ടുകൊണ്ട് യേശുവേ എന്റെ സംസാരത്തെ നിയന്ത്രിക്കണമെയെന്നു പ്രാര്‍ത്ഥിക്കാം.
പകല്‍ മുഴുവന്‍ മര്‍ത്തായെപ്പോലെ ഓടി നടന്നു പല കാര്യങ്ങളില്‍ വ്യഗ്രച്ചിത്തയായിരിക്കുകയും പലതിനെക്കുറിച്ചു ഉത്ക്കണ്ടാകുലയാകുകയും അസ്വസ്ഥമായിരിക്കുകയും ചെയ്തിട്ടു (ലൂക്കാ 10:41, 42) വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനക്കണയുമ്പോള്‍ കര്‍ത്താവിന്റെ വചനങ്ങള്‍ ധ്യാനിച്ച് അവന്റെ പാദത്തിങ്കല്‍ ഇരിക്കാനും അവന്‍ നല്‍കിയ നന്മകള്‍ ഓര്‍ത്തു അല്‍പ്പ സമയം നന്ദി പറയാനുള്ള വന്‍കൃപ നല്‍കി അനുഗ്രഹിക്കണമെയെന്നു പ്രാര്‍ത്ഥിക്കാം.

ജോലിക്ക് പോകുന്നവര്‍.
പകലിന്റെ മുഴുവന്‍ അദ്ധ്വാനവും ചൂടും സഹിച്ചു തനിക്കു കിട്ടിയ വേതനം കുറഞ്ഞു പോയിഎന്നു വിലപിക്കുമ്പോള്‍ യജമാനന്റെ വസ്തുവകകള്‍ അവനു ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടം പോലെ നല്‍കുമ്പോള്‍ (മത്താ. 20:15) അത് അംഗീകരിക്കാനുള്ള കൃപ നല്‍കി അനുഗ്രഹിക്കണേമേയെന്നു പ്രാര്‍ത്ഥിക്കാം. അതോടൊപ്പം കര്‍ത്താവേ എന്റെ മേല്‍ കരുണ തോന്നണമേ, അനുകമ്പ തോന്നണമേ, ദയ തോന്നണമേയെന്നു യാചിക്കുകയും ചെയ്യാം. (റോമ 9:15-16). ഏതു ജോലിയും ഉത്സാഹപൂര്‍വ്വം ചെയ്യുക നിന്നെ രോഗം ബാധിക്കുകയില്ല (പ്രഭാ. 31-22) എന്ന വചനമോര്‍ത്തു രോഗം വരാധിരിക്കാനായി ഉത്സാഹപൂര്‍വ്വം ജോലി ചെയ്യാം.
പലഭവനങ്ങളിലും അതിഥികള്‍ വരാറുണ്ട്. യേശുവും അമ്മയും ഔസേപ്പിതാവും അപ്പസ്തോലന്‍മ്മാരുമാണ് എന്റെ ഭവനത്തില്‍ വന്നു പോയതന്നോര്‍ത്ത് അവര്‍ ഉപയോഗിച്ച പത്രങ്ങള്‍ കഴുകാം. വസ്ത്രങ്ങള്‍ അലക്കാം. അവര്‍ക്കായി ഭക്ഷണമേശയൊരുക്കാം. തൂത്തുവാരാം. അപ്പോള്‍ നമ്മുടെ ജോലികള്‍ ലഘൂകരിക്കുന്നതോടൊപ്പം അത് ദൈവസന്നിധിയില്‍ ഫലദായകമായി തീരുകയും ചെയ്യും. ഭാവനത്തിലുള്ള മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ നാം അറിയാതെ തന്നെ നമുക്ക് ദീര്‍ഘായുസും നന്മയും ലഭിക്കുന്നതിനായി നിയമാവര്‍ത്തനം 5:16 ഇല്‍ കാണാം. സഹായത്തിനായി നമ്മുടെ മുന്നില്‍ വരുന്നവരെ യേശുവാണ് വരുന്നതെന്നോര്‍ത്തു അവര്‍ക്ക് ഉദാരമായി നല്‍കാം (മത്താ. 25-40). നമ്മുടെ ഭവനത്തില്‍ വരുന്ന അതിഥികള്‍ ദൈവദൂതന്മ്മാര്‍ ആണെന്ന് ഓര്‍ത്തു അവരെ സല്‍ക്കരിക്കാം. അങ്ങനെ അനുഗ്രഹം പ്രാപിക്കാം. (ഹെബ്രായര്‍ 13-2). അതിഥികളെ സല്‍ക്കരിച്ചു അനുഗ്രഹം പ്രാപിച്ചവരാണ്അബ്രഹാമും സാറയും, ലോത്തും കുടുംബവും, തോബിത്തും കുടുംബവും. അതിനാല്‍ അതിഥി സല്‍ക്കാരത്തില്‍ തല്പരരായിരുന്നുകൊണ്ട് (റോമ 12:13) പിറുപിറുക്കാതെ ആതിഥ്യ മര്യാദ പാലിക്കാം (1 പത്രോസ് 4:9)

രചന: ഓമന ആഗസ്തി


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment