Fr. Joshua Thazathethil

ഞങ്ങളുടെ ഇടയൻമാർ….

പൗരോഹിത്യ ജീവിതത്തിലെ മുൻതലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി….

 

Fr. Joshua Thazathethil

Fr. Joshua Thazathethil

ദൈവത്തിന്റെ ആലയം പണിയാൻ നിയോഗിക്കപ്പെട്ട ബസാലേൽ…

ബൈബിളിൽ പുറപ്പാട് പുസ്തകത്തിലാണ് ബസാലേലിനെ നാം കണ്ടുമുട്ടുക. “കർത്താവ് മോശയോട് അരുളിച്ചെയ്തു : യൂദാഗോത്രത്തിൽപ്പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകൻ ബസാലേലിനെ ഞാൻ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാൻ അവനിൽ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു. സാമർഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും അവനു ഞാൻ നൽകിയിരിക്കുന്നു” (പുറ: 31, 1-3). ബസാലേലിനെ പോലെ തനിക്കായി ആലയം നിർമ്മിക്കാൻ ദൈവം തിരഞ്ഞെടുത്ത ജോഷ്വ അച്ചനെ നമുക്ക് പരിചയപ്പെടാം… സെമിനാരിക്കാലത്ത് പഠനത്തിൽ അതിസമർത്ഥനെങ്കിലും തന്റെ കർമ്മഭൂ പൂർണ്ണമായും ആടുകൾക്കായി സമർപ്പിച്ച ഒരിടയനെ അടുത്തറിയാം…

1938 ജനുവരി 21ന് മൈലപ്ര താഴത്തേതിൽ ഗീവർഗീസ് – മറിയാമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ചു. ഏപ്രിൽ 4ന് ജ്ഞാനസ്നാനം സ്വീകരിച്ച്, ജോഷ്വ എന്ന മാമോദീസാ പേര് നൽകപ്പെട്ടു.

വിശ്വാസ പൈതൃകമുള്ള വടുതല കാരാവള്ളി ശാഖയിലെ തായ് വഴികളിലൊന്നാണ് താഴത്തേതിൽ കുടുംബം. വട്ടശ്ശേരിൽ തിരുമേനി കുടുംബവഴിയിൽ മൂത്ത അമ്മാവനാണ്. കാലം ചെയ്ത വടുതല തിരുമേനിയും (ഡാനിയേൽ മാർ പീലക്സിനോസ് ) കുടുംബാംഗമാണ്. കത്തോലിക്കാ സഭയിലും സഹോദരീ സഭകളിലുമായി നിരവധി ദൈവവിളികളാൽ സമ്പന്നമാണ് ഈ കുടുംബം. 1935ൽ മൈലപ്ര അച്ചനൊപ്പം താഴത്തേതിൽ കുടുംബം കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു.

പിതാവായ ദൈവത്തിന്റെ സവിശേഷ സ്നേഹം ആസ്വദിക്കാൻ സ്വർഗ്ഗം തിരഞ്ഞെടുത്ത ആ ബാലന് അപ്പന്റെ വാത്സല്യം അനുഭവിക്കാനായില്ല, ജോഷ്വക്ക് രണ്ടര വയസ്സുള്ളപ്പോൾ പിതാവ് ഇഹലോകവാസം വെടിഞ്ഞു. മാതാവിന്റെയും മൂത്ത സഹോദരങ്ങളുടെയും കരുതലിലും സംരക്ഷണത്തിലുമായിരുന്നു തുടർന്നുള്ള ജീവിതം. പഠിക്കാൻ അതിസമർത്ഥനായിരുന്ന ജോഷ്വ ഒന്ന്, രണ്ട് ക്ളാസ്സുകൾ മൈലപ്ര NMLP സ്കൂളിലും മൂന്ന് മുതൽ 5 വരെ മൈലപ്ര MSCLP സ്കൂളിലും തുടർന്ന് മൈലപ്ര SH ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

SSLC നല്ല മാർക്കോടെ പാസ്സായി 1956ൽ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ഫിലോസഫി – തിയോളജി പഠനങ്ങൾ പൂനെ പേപ്പൽ സെമിനാരിയിൽ പൂർത്തിയാക്കി. പഠനം പൂർണ്ണമായും ലത്തീൻ ഭാഷയിലായിരുന്നു. താരതമ്യേന സെമിനാരി വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടായിരുന്ന ലത്തീൻ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ ജോഷ്വ ബ്രദറിന് സാധിച്ചിരുന്നു. 1965 ഒക്ടോബർ 3ന് ബോംബെ അതിരൂപത സഹായമെത്രാൻ വില്യം ഗോമസ് തിരുമേനിയിൽ നിന്ന് ലത്തീൻ ക്രമത്തിൽ ഒപ്പം പഠിച്ച 27 പേർക്കൊപ്പം പേപ്പൽ സെമിനാരി ചാപ്പലിൽ വെച്ച് വൈദീകപട്ടം സ്വീകരിച്ചു. ഒക്ടോബർ 4ന് പ്രഥമ ദിവ്യബലിയർപ്പിച്ചു. മകൻ വൈദീകനാകുന്നത് കാണുവാൻ ആറ്റുനോറ്റ് കാത്തിരുന്ന പ്രിയ മാതാവ് അതിന് മുമ്പ് (1964) തന്നെ ദൈവസന്നിധിയിലേക്ക് പോയിരുന്നു.

ഫിലോസഫിയിലും (LPh) തിയോളജിയിലും (LD) പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഉന്നത മാർക്കോടെ Licenciate കരസ്ഥമാക്കിയ അച്ചൻ പാഠ്യേതര വിഷയങ്ങളിലും അതിസമർത്ഥനായിരുന്നു. സെമിനാരി നാളുകളിൽ സ്പോർട്സ് ചാമ്പ്യനായിരുന്ന അച്ചൻ മികച്ച ബാസ്കറ്റ്ബോൾ, വോളിബോൾ കളിക്കാരനായിരുന്നു. Adventure sports ലും പങ്കെടുത്തിട്ടുണ്ട്.

പൂനെയിൽ നിന്നു നാട്ടിൽ തിരികെയെത്തി മാതൃഇടവകയായ മൈലപ്ര പള്ളിയിൽ 1966 ഏപ്രിൽ 14ന് അഭിവന്ദ്യ ഗ്രീഗോറിയോസ് പിതാവിന്റെ സാന്നിദ്ധ്യത്തിൽ ഇടവകയുടെ മൂത്ത പുത്രൻ (ആദ്യ ദൈവവിളി) വിശുദ്ധ ബലിയർപ്പിച്ചു.

ഇടവകശുശ്രൂഷാ കാലത്തിൽ അവിഭക്ത തിരുവനന്തപുരം അതിരൂപതയിൽ ഉടനീളം സേവനം ചെയ്യാനിടയായിട്ടുണ്ട്. അടുതല, കൊട്ടറ, പൊരിയക്കോട്, ചെങ്കളം, നടക്കാവ്, പുഷ്പഗിരി, കോയിക്കത്തോപ്പ്, കാട്ടൂർ, നാരങ്ങാനം, പൊങ്ങലടി , കാർമല, ആവോലിക്കുഴി, എലിമുള്ളുംപ്ളാക്കൽ, ഫാത്തിമാനഗർ, പുഷ്പഗിരി, അടയ്ക്കാകുഴി, മരിയാഗിരി, മേക്കോട്, ചെറുവാരക്കോണം, തട്ട, ആനന്ദപ്പള്ളി, ഉള്ളന്നൂർ, മെഴുവേലി വെസ്റ്റ്, മെഴുവേലി ഈസ്റ്റ്, വാഴമുട്ടം, ആറ്റരികം, കോന്നി, ളാക്കൂർ, കാരയ്ക്കാട്, മുറിഞ്ഞകൽ എന്നീ പള്ളികളിൽ ശുശ്രൂഷ ചെയ്തു.

തട്ട, പൊങ്ങലടി, ചെറുവാരക്കോണം, അടയ്ക്കാക്കുഴി, പൊരിയക്കോട് എന്നീ സ്ഥലങ്ങളിൽ പുതിയ പള്ളികൾ പണിത് കൂദാശ ചെയ്യാനായി. 1984 മെയ് 15ന് പണി ആരംഭിച്ച് 1989 ഡിസംബർ 1ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി കൂദാശ ചെയ്ത തട്ട പള്ളി മാത്രം മതി അച്ചന്റെ സമർപ്പണത്തിന്റെ ആഴമറിയാൻ. ഈ കാലഘട്ടത്തിൽ പണിത പല പള്ളികളും സ്ഥലപരിമിതി മൂലം പിന്നീട് പല രീതിയിൽ പരിഷ്ക്കരിക്കേണ്ടി വന്നപ്പോഴും അങ്ങനെതന്നെ തട്ട പളളി നിലനിൽക്കുന്നു. സാമ്പത്തികമായി ഇത്രയൊന്നും ആളുകൾ ഉയർന്നിട്ടില്ലാത്ത എൺപതുകളിൽ ഒരു വിശ്വാസ സമൂഹത്തെ ഒരുമിച്ച് നിർത്തി അതിമനോഹരവും പ്രൗഢവുമായ ഒരാലയം തമ്പുരാനായി സമർപ്പിക്കാൻ അച്ചൻ അനുഭവിച്ച ത്യാഗം വളരെ വലുതാണ്. ഇതേ കാലയളവിൽ തന്നെ പൊങ്ങലടി പള്ളിയും പണിയാൻ അച്ചനായി.

മരുതമൺപള്ളി, ധനുവച്ചപുരം ഇവിടങ്ങളിൽ പുതിയ മിഷനുകളാരംഭിക്കാനായി. മരുതമൺപള്ളിയിൽ മനോഹരമായ ഒരു പള്ളിയും അതിന് സമീപമായി മാവേലിക്കര രൂപതയിലെ മികച്ച ഒരു സ്കൂളും ഇന്ന് പ്രവർത്തിക്കുന്നു. ധനുവച്ചപുരത്ത് 100 രൂപക്ക് പാട്ടത്തിന് വാങ്ങിയ സ്ഥലത്ത് ചെറിയ ഷെഡ് കെട്ടി ആരംഭിച്ചതാണ്. ഇന്നത് വലിയ ഒരു ഇടവകയായി വളർന്നു. അതിനോട് ചേർന്ന് കോൺവെന്റും സ്കൂളുമെല്ലാം ഇന്നായി.

പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി 1990ലും ഗോൾഡൻ ജൂബിലി 2015ലും മൈലപ്ര പള്ളിയിൽ വെച്ചു നടന്നു. ഇടവക ശുശ്രൂഷകൾക്ക് ശേഷം 2014-ൽ പത്തനംതിട്ട മൈനർ സെമിനാരിയിൽ ആദ്ധ്യാത്മിക പിതാവായി ശുശ്രൂഷ ചെയ്തു. 2017 ഫെബ്രുവരി 9 മുതൽ പത്തനംതിട്ട രൂപതയുടെ കുമ്പഴയിലുള്ള ക്ളർജി ഹോമിൽ താമസിക്കുന്നു.

ബാല്യത്തിൽ മൈലപ്ര പള്ളിയിൽ വെച്ച് പല തവണ മാർ ഈവാനിയോസ് പിതാവിനെ കാണുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. 1935ൽ മൈലപ്ര അച്ചനൊപ്പം 150 കുടുംബങ്ങൾ കത്തോലിക്കാ സഭാ കൂട്ടായ്മയിലേക്ക് കടന്നുവന്നു. തിരുവനന്തപുരം അതിരൂപതയിൽ ആദ്യമായി പണിത ഏറ്റവും വലിയ പള്ളി മൈലപ്രയിലേതായിരുന്നു. പള്ളി കൂദാശ ചെയ്തതും ആദ്യമായി ഹാശാ ആഴ്ച നടത്തിയതും ദൈവദാസൻ മാർ ഈവാനിയോസ് പിതാവായിരുന്നു. പുണ്യപിതാവിന്റെ ജീവചരിത്രം എഴുതിയ തോമസ് ഇഞ്ചക്കലോടി അച്ചന്റെ നിർദ്ദേശ പ്രകാരം പിതാവിന്റെ വിദേശപര്യടന സമയത്തു നടത്തിയ പ്രസംഗങ്ങൾ, സംഭാഷണങ്ങൾ ഇവ വിവർത്തനം ചെയ്തു നൽകിയത് പൂനെ സെമിനാരിയിലെ പഠന കാലത്താണ്.

ജീവിതത്തിലുടനീളം കൈപിടിച്ചു നടത്തുന്ന സർവ്വശക്തനായ ദൈവത്തിന്റെ അദൃശ്യ കരം തിരിച്ചറിയുന്ന അച്ചൻ മരണകരമായ വാഹനാപകടങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും ദൈവം താങ്ങിയതറിയുന്നു. 2000 ജനുവരിയിൽ ഗുരുതരമായ ഹൃദ്രോഗ ബാധയെ തുടർന്ന് മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാർട്ടിന് 4 ബ്ളോക്കുകൾ ഉണ്ടായിരുന്നുവെങ്കിലും അയോർട്ടിക്ക് വാൽവ് പ്രവർത്തന രഹിതമായെങ്കിലും വൈദ്യൻമാരിലൂടെ തക്കസമയത്ത് ഇടപെട്ട ദൈവം തന്നെ ഇത്രയും വഴി നടത്തി എന്ന് പൂർണ്ണമായും വിശ്വസിക്കുന്നു.

തിരിഞ്ഞ് നോക്കുമ്പോൾ ജീവിതത്തിൽ നിരാശയില്ല. പഠിക്കാൻ സമർത്ഥനായിരുന്നുവെങ്കിലും അതിനേക്കാളെന്നെ ആവശ്യം ആത്മാക്കളെ നേടാൻ വിളഭൂവിൽ വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്നതിനായിരുന്നു എന്ന് തിരിച്ചറിയുന്നു. ബാല്യത്തിൽ തന്നെ പിതാവിനെയും വൈദീകപട്ടത്തിനായി ഏറെ പ്രാർത്ഥിച്ച മാതാവിനെയും നഷ്ടമായത് ഒരു വേദനയായി അവശേഷിക്കുന്നുവെങ്കിലും അതിലെ ദൈവീക പദ്ധതി മനസ്സിലാക്കുന്നു. അവകാശമായി ലഭിച്ച കുടുംബസ്വത്ത് പോലും വിറ്റ് പള്ളി പണിതതൊന്നും നഷ്ടമല്ല നേട്ടമായി എന്ന് കാണുന്നു.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment