ബൈബിളിലെ ദൈവമായ കര്‍ത്താവും ഖുര്‍ആനിലെ അല്ലാഹുവും

ബൈബിളിലെ ദൈവമായ കര്‍ത്താവും ഖുര്‍ആനിലെ അല്ലാഹുവും

ആമുഖം

ബൈബിളിലെ ദൈവമായ കര്‍ത്താവും ഖുര്‍ആനിലെ അല്ലാഹുവും ഒരേ സൃഷ്ടാവാണെന്നും ആ സൃഷ്ടാവിനെക്കുറിച്ച് ബൈബിളും ഖുര്‍ആനും നല്‍കുന്ന വിവരണങ്ങളില്‍ ചില വ്യത്യാസങ്ങള്‍ മാത്രമാണെന്നുമുള്ള രീതിയില്‍ ചില പഠനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തില്‍ ബൈബിളിന്‍റെയും ഖുര്‍ആനിന്‍റെയും അടിസ്ഥാനത്തില്‍ ഒരു താരതമ്യപഠനം നടത്തുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.
ക്രൈസ്തവ വിശ്വാസത്തിന്‍റെയും ഇസ്ലാമിക വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രമേ ദൈവമായ കര്‍ത്താവും അല്ലാഹുവും തമ്മില്‍ താരതമ്യപഠനം നടത്തുവാന്‍ സാധിക്കൂ. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ താഴെ കൊടുക്കുന്നു.

1. ദൈവപുത്രനായ യേശു ക്രിസ്തു ദൈവിക വെളിപാട് പൂര്‍ത്തീകരിച്ചു.
2. ഏക ദൈവമായ കര്‍ത്താവിനെ ആരാധിക്കുക.
3. ഏക ദൈവം ത്രീത്വം ആകുന്നു.
4. യേശു, മനുഷ്യനായ് അവതരിച്ച പുത്രനായ ദൈവം ആണ്.
5. പൂര്‍ണ മനുഷ്യനായ യേശു പൂര്‍ണ ദൈവമാണ്.
6. യേശു കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത് സ്വര്‍ഗാരോഹണം ചെയ്തു.
7. യേശു അന്ത്യവിധിക്കായ് വീണ്ടും വരും.

1. ദൈവിക വെളിപാട്

യേശു പഴയ നിയമത്തെ പൂര്‍ത്തീകരിച്ചെന്ന് സുവിശേഷം (മത്തായി 5 : 17) വ്യക്തമാക്കുന്നു. അതുപോലെ തന്നെ പ്രപഞ്ചസൃഷ്ടാവയ യേശുവിലൂടെ അവസാന വെളിപാട് അവതരിക്കപ്പെട്ടുവെന്നും ബൈബിള്‍ (ഹെബ്രായര്‍ 1 : 1-2) പഠിപ്പിക്കുന്നു. തന്മൂലം മാനവരാശിക്ക് ഇനിയൊരു വെളിപ്പാടിന്‍റെ അഥവാ സുവിശേഷത്തിന്‍റെ ആവശ്യം ഇല്ല. ഇതിന് വ്യത്യസ്തമായ ഒരു സുവിശേഷം സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ തന്നെ പ്രസംഗിച്ചാലും അവന്‍ ശപിക്കപ്പെട്ടവനായിരിക്കും (ഗലാത്തിയ 1:8) എന്നും ബൈബിള്‍ മുന്നറിയിപ്പു നല്കുന്നു.
പഴയ നിയമവും പുതിയ നിയമവും പൂര്‍ത്തീകരിക്കുന്നത് ഖുര്‍ആനിലൂടെയാണെന്ന് ഖുര്‍ ആനിലെ മൂന്നാം അദ്ധ്യായം (സൂറ അലി ഇമ്രാന്‍ – 3:3) പഠിപ്പിക്കുന്നു.
പരസ്പരവിരുദ്ധമായ ഈ നിലപാടുകള്‍ ഒരേ സൃഷ്ടാവില്‍ നിന്നും വരുമോ?

2. ഏക ദൈവമായ കര്‍ത്താവിനെ ആരാധിക്കുക.

ഏക ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്‌മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണശക്‌തിയോടും കൂടെ സ്‌നേഹിക്കണം അഥവാ ആരാധിക്കണം എന്ന് സുവിശേഷത്തിലൂടെ (മര്‍ക്കോസ്‌ 12 : 29-30) യേശു പഠിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടാവിന്‍റെ പേര് യുഗാന്ത്യം വരെ ദൈവമായ കര്‍ത്താവ് എന്നായിരിക്കുമെന്ന് ദൈവം മോശയോട് (പുറപ്പാട് 3:15) അരുളിച്ചെയ്തിട്ടുണ്ട്.
എന്നാല്‍ ഖുര്‍ആനിലെ ഈസാ തന്‍റെ നാഥനായ അല്ലാഹുവേ ആരാധിക്കുന്നതാണ് നേരായ മാര്‍ഗമെന്ന് (സൂറ അലി ഇമ്രാന്‍ – 3:51) ലൂടെ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ദൈവമായ കര്‍ത്താവിന് ആരാധന നിഷേധിക്കുന്നു. ഈ വാക്യം വീണ്ടും ഖുര്‍ആന്‍ 19:36; 43:64 – കളില്‍ ആവര്‍ത്തിക്കുന്നു.
പരസ്പരവിരുദ്ധമായ ഈ നിലപാടുകള്‍ ഒരേ സൃഷ്ടാവില്‍ നിന്നും വരുമോ?

3. ഏക ദൈവം ത്രീത്വം ആകുന്നു

“ദൈവം സ്നേഹമാണ്” (1 യോഹന്നാന്‍ 4:8). ദൈവം സ്നേഹമായതുകൊണ്ട് തന്നില്‍ത്തന്നെ സ്നേഹം അനുഭവിക്കുകയും താന്‍ അനുഭവിക്കുന്ന സ്നേഹം തന്‍റെ സൃഷ്ടികളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദൈവത്തില്‍ മൂന്നാളുകള്‍ ഉണ്ടെന്ന് യേശു പഠിപ്പിച്ചത്.
ഏക ദൈവം ത്രീത്വം ആണെന്ന് പഴയ നിയമവും (ഏശയ്യാ 48:16) പുതിയനിയമവും (മത്തായി 28:20; ലൂക്കാ 3:22; 2 കോറിന്തോസ് 13:13) സാക്ഷ്യപ്പെടുത്തുന്നു. സൃഷ്ടാവയ ദൈവം താന്‍ സൃഷ്ടിച്ച എല്ലാറ്റിലും തന്‍റെ കൈമുദ്ര പതിച്ചിരിക്കുന്നു (റോമാ1:20). അതുകൊണ്ട് ത്രിമാനസ്വഭാവം ഇല്ലാത്തതൊന്നും നമുക്ക് കാണുവാന്‍ കഴിയില്ല.
ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനില്‍ സൃഷ്ടാവിന്‍റെ ത്രീത്വാത്മകതയുടെ പരമമായ പ്രതിഫലനം കാണുവാന്‍ കഴിയും. ശരീരം, മനസ്സ്, ആത്മാവ് ഇവ മൂന്നും അഭേദ്യമായി സംയോജിച്ചാണ് ഒരു മനുഷ്യവ്യക്തി ജീവിക്കുന്നതും നിലനില്‍ക്കുന്നതും. ഇതില്‍ ഒന്നിന്നും മാറ്റു രണ്ടില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുക സാധ്യമല്ല. എന്നാലും ഓരോന്നിനും അവരവരുടേതായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഉണ്ട്. അവിടെയെല്ലാം കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇതൊക്കെയാണെങ്കിലും മനുഷ്യവ്യക്തി ഒന്നാണ്, മൂന്നല്ല.
സ്നേഹം തന്നെയായ ത്രീയേക ദൈവം തന്‍റെ സൃഷ്ടിയായ മനുഷ്യരെ മക്കളായി കരുത്തുന്നു (യോഹന്നാന്‍ 1:12). മക്കളായതുകൊണ്ട് അവകാശികളുമാണ് (റോമ 8:16,17).
ദൈവം തന്‍റെ സൃഷ്ടിയെക്കാള്‍ എത്രയോ ഉന്നതനാണ്. അതുകൊണ്ടാണ് സൃഷ്ടാവായ ദൈവം ത്രീത്വമാണെന്ന് യേശു പഠിപ്പിച്ചത്. ത്രീത്വമല്ലാത്ത ദൈവത്തിന് സൃഷ്ടാവാകുവാന്‍ സാധ്യമല്ല.
ഖുര്‍ആന്‍ ദൈവത്തിന്‍റെ ത്രീത്വാത്മകതയേ പാടേ നിഷേധിക്കുന്നു (സൂറ അന്‍ നിസാ 4:171; സൂറ അല്‍ മാഇദ 5:73). ഖുര്‍ആനിലെ ഏകനായ അല്ലാഹുവിന് 99 പേരുകള്‍ ഉണ്ട്. അതില്‍ സ്നേഹം എന്ന ഒന്നില്ല. കാരണം ഏകനായ അല്ലാഹുവിന് സ്നേഹം അനുഭവിക്കുവാന്‍ സാധിക്കുന്നില്ല. അല്ലാഹുവിന്‍റെ മുന്‍പില്‍ മനുഷ്യനുള്ള ഏറ്റവും ഉന്നതമായ സ്ഥാനം അടിമയുടേതാണ് (സൂറ അല്‍ ബഖ്റാ 2:23). അടിമകളായതുകൊണ്ട് അല്ലാഹുവിന്‍റെ മുന്‍പില്‍ യാതൊരു അവകാശവും മനുഷ്യര്‍ക്കില്ല.
പരസ്പരവിരുദ്ധമായ ഈ നിലപാടുകള്‍ ഒരേ സൃഷ്ടാവില്‍ നിന്നും വരുമോ?

4. യേശു ദൈവപുത്രനാണ്

യേശുവിന്‍റെ അമ്മയായ കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചതുകൊണ്ട് യേശു ദൈവപുത്രനാണെന്ന് ഗബ്രിയേല്‍ മാലക അരുളിച്ചെയ്തു (ലൂക്കാ 1:35). അവന്‍ പാപമോചകനാണെന്ന് ദൈവദൂതനും അറിയിച്ചു (മത്തായി 1:21).
എന്നാല്‍ ഖുര്‍ആന്‍ പറയുന്നു ഈസാ ആദത്തെപ്പോലെ മണ്ണില്‍ നിന്നും ഉണ്ടാക്കപ്പെട്ട മനുഷ്യനാണെന്ന് (സൂറ അലി ഇമ്രാന്‍) – 3:59). ഇനിയും ആരെങ്കിലും ഈസാ ദൈവപുത്രനാണെന്ന് പറഞ്ഞാല്‍ അവരോട് അല്ലാഹു നേരിട്ടു യുദ്ധം ചെയ്യും (സൂറ അത് തൌബാ 9:30). മതവുമല്ല ദൈവത്തിന് ഒരു പുത്രന്നുണ്ടെന്ന് പറഞ്ഞാല്‍ ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വീണ്ടുകീറുകയും പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യും. അത്രയ്ക്ക് വലിയ അപരാധമാണത് (സൂറ മറിയം 19:88-92).
പരസ്പരവിരുദ്ധമായ ഈ നിലപാടുകള്‍ ഒരേ സൃഷ്ടാവില്‍ നിന്നും വരുമോ?

5. യേശു ദൈവമായ കര്‍ത്താവാണ്

“നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍ തന്നെ (ἐγώ εἰμι) എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” (യോഹന്നാന്‍ 8:24).
മോശയ്ക്ക് ദൈവമായ കര്‍ത്താവ് മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മോശ ദൈവത്തോട് തന്‍റെ പേര് ചോദിച്ചു. അതിന് ദൈവം കൊടുത്ത മറുപടിയാണ് ഞാന്‍ ഞാന്‍ തന്നെ (പുറപ്പാട് 3:14). യേശു ഈ വാക്കുകളിലൂടെ താന്‍ ദൈവമായ കര്‍ത്തവാകുന്നു എന്ന് അസ്ന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
ഈസാ ദൈവമാണെന്ന് പറയുന്നവര്‍ അവിശ്വാസികളാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു (സൂറ അല്‍ മാഇദ 5:17). അതുപോലെ തന്നെ അവര്‍ നരകശിക്ഷയ്ക്കു അര്‍ഹരാണുപോലും (സൂറ അല്‍ മാഇദ 5:72).
പരസ്പരവിരുദ്ധമായ ഈ നിലപാടുകള്‍ ഒരേ സൃഷ്ടാവില്‍ നിന്നും വരുമോ?

6. യേശു കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത് സ്വര്‍ഗാരോഹണം ചെയ്തു.

യേശു കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത് സ്വര്‍ഗാരോഹണം ചെയ്തു എന്നതാണ് ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതലായ മര്‍മം. നാലു സുവിശേഷങ്ങളിലും സവിസ്താരം പ്രതിപാദിച്ചിട്ടുള്ള പ്രമേയവും ഇതു തന്നെയാണ്. മത്തായി 27:35,50; മാര്‍ക്കോസ് 15:24,37; ലൂക്കാ 23:33,46; യോഹന്നാന്‍ 19:18,30 എന്നീ വാക്യങ്ങള്‍ യേശുവിന്‍റെ കുരിശുമരണവും മത്തായി 28:1-8; മര്‍ക്കോസ്16:5-15; ലൂക്കാ 24:1-12; യോഹന്നാന്‍ 20:1-10 എന്നീ വാക്യങ്ങള്‍ യേശുവിന്‍റെ ഉത്ഥാനവും അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:6-9 വാക്യങ്ങള്‍ യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണവും വ്യക്തമാക്കുന്നു.
ഖുര്‍ആന്‍, യേശു കുരിശില്‍ മരിച്ചില്ല എന്ന ഒറ്റ വാക്യം (സൂറ അന്‍ നിസാ 4:157) കൊണ്ട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ചുവട്ടില്‍ കോടാലി വച്ചിരിക്കുന്നു. യേശു മരിച്ചില്ലെങ്കില്‍ അടക്കപ്പെട്ടില്ല, അടക്കപ്പെട്ടില്ലെങ്കില്‍ ഉയിര്‍ക്കപ്പെട്ടില്ല, ഉയിര്‍ക്കപ്പെട്ടില്ലെങ്കില്‍ സ്വര്‍ഗാരോഹണവും ചെയ്തിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ പ്രസംഗിക്കപ്പെടുന്ന സുവിശേഷവും കേള്‍വിക്കരന്‍റെ വിശ്വാസവും വ്യര്‍ഥം (1 കോറിന്തോസ് 15:14).
പരസ്പരവിരുദ്ധമായ ഈ നിലപാടുകള്‍ ഒരേ സൃഷ്ടാവില്‍ നിന്നും വരുമോ?

7. യേശു അന്ത്യവിധിക്കായ് വീണ്ടും വരും.

അന്ത്യദിനത്തില്‍ യേശു വിധിയാളനായി മഹത്വത്തില്‍ എഴുന്നെള്ളുമെന്നും സകല ജനതകളും അവന്‍റെ മുന്‍പില്‍ കൂട്ടപ്പെടുമെന്നും അവന്‍ അവര്‍ക്ക് അവരുടെ പ്രവര്‍ത്തിയനുസരിച്ച് പ്രതിഫലം നല്‍കുമെന്നും ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു (മത്തായി 25:31-46).
എന്നാല്‍ ഖുര്‍ ആനിലെ ഈസാ അന്ത്യവിധിയുടെ അറിയിപ്പുകാരനാണ് (സൂറ അസ് സുഖ്റുഫ് 43:61). Sahih Al Bhukari Book #55, Hadith #657 ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത തരുന്നു. അന്ത്യവിധിയില്‍ ഈസാ വരുന്നത് കുരിശു തകര്‍ക്കാനും പന്നികളെ കൊല്ലുവാനും ജിസ്യ നിര്‍ത്തലാക്കാനും ആണ്. കുരിശു തകര്‍ക്കുക എന്നു പറഞ്ഞാല്‍ ക്രിസ്തീയ വിശ്വസം ഇല്ലാതാക്കുക പന്നികളെ കൊല്ലുക എന്നു പറഞ്ഞാല്‍ യഹൂദരെ കൊല്ലുക ( ഖുര്‍ആന്‍ 5:60 അനുസരിച്ച് യഹൂദര്‍ പന്നികളാണ്) എന്നാണ് അര്‍ത്ഥം. ജിസ്യ നിര്‍ത്തലാക്കുക എന്നു പറഞ്ഞാല്‍ മുസ്ലിങ്ങള്‍ പിടിച്ചടക്കിയ രാജ്യങ്ങളില്‍ യഹൂദരും ക്രിസ്ത്യാനികളും കപ്പം കൊടുത്ത് രണ്ടാം തരം പൌരന്‍മാരായി ജീവിക്കാനുള്ള അനുവാദം നിര്‍ത്തലാക്കുക. മാത്രവുമല്ല ഈസാ വന്നുകഴിയുമ്പോള്‍ യഹൂദരും ക്രിസ്ത്യാനികളും അവനെ മനുഷ്യനായ പ്രവാചകനായി അംഗീകരിക്കും. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരെ ഈസാ അല്ലാഹുവിന്‍റെ മുന്നില്‍ തള്ളിപ്പറയും. ഇതാണ് ഇസ്ലാമിന്‍റെ അന്ത്യവിധി.
പരസ്പരവിരുദ്ധമായ ഈ നിലപാടുകള്‍ ഒരേ സൃഷ്ടാവില്‍ നിന്നും വരുമോ?

ഉപസംഹാരം
ബൈബിളിലെ ദൈവമായ കര്‍ത്താവും ഖുര്‍ആനിലെ അല്ലാഹുവും തമ്മില്‍ പരസ്പരവിരുദ്ധമായ അനേകം തരതമ്യം നടത്താവുന്നതാണ്. എന്നാല്‍ മുകളില്‍ കൊടുത്തിരിക്കുന്ന താരതമ്യങ്ങളില്‍ നിന്നും ദൈവമായ കര്‍ത്താവ് ഈശോ മിശിഹായിലൂടെ പൂര്‍ത്തിയാക്കിയ രക്ഷാകര പദ്ധതി അല്ലാഹു എങ്ങനെയാണ് തകര്‍ക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ട് ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സൃഷ്ടാവയ ദൈവമായ കര്‍ത്താവുമായി അല്ലാഹുവിന് യാതൊരു ബന്ധവും സാമ്യവും സമാനതയും ഇല്ല എന്ന് വിശ്വാസികള്‍ മനസ്സിലാക്കണം.

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ത്രിയേക ദൈവത്തിന് എന്നേരവും സ്തുതിയും പുകഴ്ച്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment