🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ചൊവ്വ
Tuesday of week 16 in Ordinary Time
or Saint Laurence of Brindisi, Priest, Doctor
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 53:6,8
ഇതാ, ദൈവമാണ് എന്റെ സഹായകന്‍,
കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍,
ഞാന്‍ അങ്ങേക്ക് ഹൃദയപൂര്‍വം ബലിയര്‍പ്പിക്കും.
കര്‍ത്താവേ, അങ്ങയുടെ നാമം ഞാന്‍ ഏറ്റുപറയും,
എന്തെന്നാല്‍ അത് ഉചിതമാകുന്നു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ ദാസരോട് കരുണയായിരിക്കുകയും
അങ്ങയുടെ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വം
അവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.
അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹം
എന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,
അങ്ങയുടെ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായി
ഇവ കാത്തുപാലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
മിക്കാ 7:14-15,18-20
ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും.
കര്‍ത്താവേ, കാര്‍മലിലെ വനാന്തരത്തില്‍ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദണ്ഡുകൊണ്ടു മേയ്ക്കണമേ! മുന്‍കാലങ്ങളിലെപ്പോലെ അവര്‍ ബാഷാനിലും ഗിലയാദിലും മേയട്ടെ! നീ ഈജിപ്തില്‍ നിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ അദ്ഭുതകരമായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുക്കും.
തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്നു തന്റെ കോപം എന്നേക്കുമായി വച്ചു പുലര്‍ത്തുന്നില്ല; എന്തെന്നാല്‍, അവിടുന്ന് കാരുണ്യത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. പൂര്‍വകാലം മുതല്‍ ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അങ്ങ് യാക്കോബിനോടു വിശ്വസ്തതയും അബ്രാഹത്തോടു കാരുണ്യവും കാണിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 85:2-4,5-6,7-8
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
കര്‍ത്താവേ, അങ്ങയുടെ ദേശത്തോട് അങ്ങു കാരുണ്യം കാണിച്ചു;
യാക്കോബിന്റെ ഭാഗധേയം അവിടുന്നു പുനഃസ്ഥാപിച്ചു.
അങ്ങയുടെ ജനത്തിന്റെ അകൃത്യം അങ്ങു മറന്നു;
അവരുടെ പാപം അവിടുന്നു ക്ഷമിച്ചു.
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ!
ഞങ്ങളോടുള്ള അങ്ങയുടെ രോഷം പരിത്യജിക്കണമേ!
അങ്ങ് എന്നേക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ?
തലമുറകളോളം അങ്ങയുടെ കോപം നീണ്ടുനില്‍ക്കുമോ?
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
അങ്ങയുടെ ജനം അങ്ങയില്‍ ആനന്ദിക്കേണ്ടതിന്
ഞങ്ങള്‍ക്കു നവജീവന്‍ നല്‍കുകയില്ലയോ?
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
ഞങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്യണമേ!
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 12:46-50
തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, ഏകബലിയുടെ സമ്പൂര്‍ണതയാല്‍
പഴയനിയമത്തിലെ വ്യത്യസ്ത ബലികളെല്ലാം
അങ്ങ് പൂര്‍ത്തീകരിച്ചുവല്ലോ.
അങ്ങേക്കു പ്രതിഷ്ഠിതരായ ദാസരില്‍നിന്ന്
ഈ ബലി സ്വീകരിക്കുകയും
ആബേലിന്റെ കാണിക്കകള്‍പോലെ ഇതിനെയും
അതേ അനുഗ്രഹത്താല്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങയുടെ മഹിമയുടെ സ്തുതിക്കായി
അര്‍പ്പിക്കപ്പെടുന്ന ഓരോ ബലിയും
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 110: 4-5
തന്റെ അദ്ഭുതപ്രവൃത്തികള്‍ അവിടന്ന് സ്മരണീയമാക്കി;
കര്‍ത്താവ് കൃപാലുവും വാത്സല്യനിധിയുമാണ്.
തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടന്ന് ആഹാരം നല്കുന്നു.
Or:
വെളി 3: 20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, ഞാന്‍ വാതില്ക്കല്‍നിന്നു മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കുവരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങയുടെ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയരഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍നിന്ന് നവജന്മത്തിലേക്കു കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment