ന്യൂഡൽഹി: വ്യക്തിജീവിതത്തിൽ യേശുക്രിസ്തു ചെലുത്തിയ സ്വാധീനവും ക്രിസ്തുവിലുള്ള തന്റെ വിശ്വാസവും പരസ്യമായി പ്രഖ്യാപിച്ച് സുപ്രീംകോടതി ജസ്റ്റിസ് ആർ. ഭാനുമതി.
ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായുള്ള പൊതുയോഗത്തിലാണ് ഇന്ത്യൻ പരമോന്നത കോടതിയിലെ ആറാമത്തെ വനിതാ ജസ്റ്റിസായ ആർ. ഭാനുമതി തന്റെ ക്രിസ്തുവിശ്വാസം പരസ്യമാക്കിയത്. ഇന്ന് (ജൂലൈ 19) വിരമിക്കുന്ന ജസ്റ്റിസ് ആർ. ഭാനുമതി തമിഴ്‌നാട്ടിൽനിന്ന് സുപ്രീം കോടതി ജസ്റ്റിസാകുന്ന ആദ്യത്തെ വനിതയുമാണ്..
‘ഞാൻ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തിൽ ഞാൻ വിശ്വസിക്കുന്നു. ദൈവകൃപയാലാണ് ഞാൻ വിദ്യാഭ്യാസം നേടി ജീവിതത്തിൽ ഉയർന്നുവന്നത്,’ മൂന്ന് പതിറ്റാണ്ടുകാലത്തെ സ്തുത്യർഹ്യ സേവനത്തിനുശേഷം ന്യായാധിപ ദൗത്യത്തിൽനിന്ന് വിരമിക്കുന്ന ജസ്റ്റിസ് ഭാനുമതി, ജീവിതപ്രതിബന്ധങ്ങൾക്കിടയിൽ അനുഭവിച്ച ദൈവാനുഭവത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:
‘എന്റെ ജുഡീഷ്യൽ സേവനകാലത്ത് അനവധിയായ പ്രതിബന്ധങ്ങൾ എനിക്ക് നേരിടേണ്ടിവന്നു. എന്നാൽ എന്റെ ജീവിതത്തെക്കുറിച്ച് യേശുക്രിസ്തുവിനുണ്ടായിരുന്ന പദ്ധതിയെ തടുക്കാൻ മറ്റൊരു മനുഷ്യശക്തിക്കും കഴിഞ്ഞില്ല.’
ജീവിതത്തിലെ അസംഖ്യം പ്രതിസന്ധികളെ തരണം ചെയ്ത് ഉന്നത പദവിയിലെത്തിയ വ്യക്തിത്വത്തിനുടമയാണ് ജസ്റ്റിസ് ആർ. ഭാനുമതി.
ബസ് അപകടത്തിൽ പിതാവ് മരണപ്പെടുമ്പോൾ രണ്ടു വയസായിരുന്നു പ്രായം. ചെറുപ്രായത്തിൽ വിധവയാകേണ്ടിവന്ന അമ്മയ്ക്കും പിതാവിനെ നഷ്ടപ്പെട്ട തനിക്കും സഹോദരിമാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിരസിക്കപ്പെട്ട കാര്യവുമെല്ലാം ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നതായും അവർ അനുസ്മരിച്ചു.
ജീവിതയാത്രയിൽ പിന്തുണച്ച കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞാണ് ജസ്റ്റിസ് ആർ. ഭാനുമതി വാക്കുകൾ അവസാനിപ്പിച്ചത്. 1988ൽ ജൂഡീഷ്യൽ സർവീസിൽ പ്രവേശിച്ച ആർ. ഭാനുമതി മദ്രാസ് ഹൈക്കോടതിയിൽ ജസ്റ്റിസായും ജാർഖണ്ഡ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായും സേവനം ചെയ്തു. 2014ലാണ് സുപ്രീംകോടതി ജസ്റ്റിസായി നിയമിക്കപ്പെട്ടത്.


Leave a comment