🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം
Thursday of week 16 in Ordinary Time
or Saint Bridget of Sweden, Religious
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 53:6,8
ഇതാ, ദൈവമാണ് എന്റെ സഹായകന്‍,
കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍,
ഞാന്‍ അങ്ങേക്ക് ഹൃദയപൂര്‍വം ബലിയര്‍പ്പിക്കും.
കര്‍ത്താവേ, അങ്ങയുടെ നാമം ഞാന്‍ ഏറ്റുപറയും,
എന്തെന്നാല്‍ അത് ഉചിതമാകുന്നു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ ദാസരോട് കരുണയായിരിക്കുകയും
അങ്ങയുടെ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വം
അവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.
അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹം
എന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,
അങ്ങയുടെ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായി
ഇവ കാത്തുപാലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 2:1-3,7-8,12-13
ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു.
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്‌നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്ത നാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു. ഇസ്രായേല്‍ കര്‍ത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടുത്തെ വിളവില്‍ ആദ്യഫലവുമായിരുന്നു. അതില്‍ നിന്നു ഭക്ഷിച്ചവര്‍ വിലകൊടുക്കേണ്ടിവന്നു; അവരുടെമേല്‍ വിനാശം നിപതിച്ചു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ഞാന്‍ നിങ്ങളെ സമൃദ്ധി നിറഞ്ഞ ഒരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങള്‍ ആസ്വദിക്കാനായിരുന്നു അത്. എന്നാല്‍, അവിടെയെത്തിയശേഷം എന്റെ ദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്റെ അവകാശം മ്‌ളേച്ഛമാക്കി. കര്‍ത്താവ് എവിടെ എന്നു പുരോഹിതന്മാര്‍ ചോദിച്ചില്ല, നീതിപാലകന്‍ എന്നെ അറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു; പ്രവാചകന്മാര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ഥമായവയെ പിഞ്ചെല്ലുകയും ചെയ്തു.
ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ – കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 36:6-7ab,8-9,10-11
കര്‍ത്താവേ, അങ്ങിലാണു ജീവന്റെ ഉറവ.
കര്‍ത്താവേ! അങ്ങയുടെ കാരുണ്യം ആകാശത്തോളം എത്തുന്നു;
വിശ്വസ്തത മേഘങ്ങള്‍വരെയും.
അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍ പോലെയും,
അങ്ങയുടെ വിധികള്‍ അത്യഗാധങ്ങള്‍ പോലെയുമാണ്.
കര്‍ത്താവേ, അങ്ങിലാണു ജീവന്റെ ഉറവ.
ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം!
മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.
അവര്‍ അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയില്‍ നിന്നു
വിരുന്നുണ്ടു തൃപ്തിയടയുന്നു;
അവിടുത്തെ ആനന്ദധാരയില്‍ നിന്ന് അവര്‍ പാനം ചെയ്യുന്നു.
കര്‍ത്താവേ, അങ്ങിലാണു ജീവന്റെ ഉറവ.
അങ്ങിലാണു ജീവന്റെ ഉറവ,
അങ്ങയുടെ പ്രകാശത്തിലാണു ഞങ്ങളുടെ പ്രകാശം.
അങ്ങയെ അറിയുന്നവര്‍ക്ക് അങ്ങയുടെ കാരുണ്യവും
നിഷ്‌കളങ്ക ഹൃദയര്‍ക്ക് അങ്ങയുടെ രക്ഷയും തുടര്‍ന്നു നല്‍കണമേ!
കര്‍ത്താവേ, അങ്ങിലാണു ജീവന്റെ ഉറവ.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 13:10-17
സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്.
അക്കാലത്ത്, ശിഷ്യന്മാര്‍ അടുത്തെത്തി യേശുവിനോടു ചോദിച്ചു: നീ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല. ഉള്ളവനു നല്‍കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. അതുകൊണ്ടാണ് ഞാന്‍ അവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.
ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല. അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, ഏകബലിയുടെ സമ്പൂര്‍ണതയാല്‍
പഴയനിയമത്തിലെ വ്യത്യസ്ത ബലികളെല്ലാം
അങ്ങ് പൂര്‍ത്തീകരിച്ചുവല്ലോ.
അങ്ങേക്കു പ്രതിഷ്ഠിതരായ ദാസരില്‍നിന്ന്
ഈ ബലി സ്വീകരിക്കുകയും
ആബേലിന്റെ കാണിക്കകള്‍പോലെ ഇതിനെയും
അതേ അനുഗ്രഹത്താല്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങയുടെ മഹിമയുടെ സ്തുതിക്കായി
അര്‍പ്പിക്കപ്പെടുന്ന ഓരോ ബലിയും
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 110: 4-5
തന്റെ അദ്ഭുതപ്രവൃത്തികള്‍ അവിടന്ന് സ്മരണീയമാക്കി;
കര്‍ത്താവ് കൃപാലുവും വാത്സല്യനിധിയുമാണ്.
തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടന്ന് ആഹാരം നല്കുന്നു.
Or:
വെളി 3: 20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, ഞാന്‍ വാതില്ക്കല്‍നിന്നു മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കുവരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങയുടെ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയരഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍നിന്ന് നവജന്മത്തിലേക്കു കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment