ദിവ്യബലി വായനകൾ 17th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

17th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 67: 6-7,36

ദൈവം തന്റെ വിശുദ്ധസ്ഥലത്തു വസിക്കുന്നു.
ഒരുമയുള്ളവര്‍ തന്റെ ഭവനത്തില്‍
വസിക്കാന്‍ ഇടയാക്കുന്ന ദൈവംതന്നെ
തന്റെ ജനത്തിന് ശക്തിയും ധൈര്യവും നല്കുന്നു.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,
അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.
അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.
അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴി
ഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,
അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 രാജാ 3:5,7-12
വിവേകം മാത്രമാണ് നീ ആവശ്യപ്പെട്ടത്.

കര്‍ത്താവു സോളമന് സ്വപ്‌നത്തില്‍ പ്രത്യക്ഷനായി. ദൈവം അവനോട് അരുളിച്ചെയ്തു: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക. അവന്‍ പറഞ്ഞു: എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത് രാജാവാക്കിയിരിക്കുന്നു. അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസന്‍. ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
സോളമന്റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. അവിടുന്ന് അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനു വേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 119:57,72,76-77,127-128,129-130

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കല്‍പ്പനകളെ സ്നേഹിക്കുന്നു.

അവിടുത്തെ കല്‍പനകള്‍ പാലിക്കുമെന്നു
ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍
അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന
നിയമമാണ് എനിക്ക് അഭികാമ്യം.

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കല്‍പ്പനകളെ സ്നേഹിക്കുന്നു.

ഈ ദാസന് അങ്ങു നല്‍കിയവാഗ്ദാനമനുസരിച്ച്
അങ്ങയുടെ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ!
ഞാന്‍ ജീവിക്കുന്നതിനുവേണ്ടി
അങ്ങയുടെ കാരുണ്യം എന്റെ മേല്‍ ചൊരിയണമേ!
അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം.

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കല്‍പ്പനകളെ സ്നേഹിക്കുന്നു.

ഞാന്‍ അങ്ങയുടെ കല്‍പനകളെ
സ്വര്‍ണത്തെയും തങ്കത്തെയുംകാള്‍ അധികം സ്‌നേഹിക്കുന്നു.
ആകയാല്‍, അങ്ങയുടെ പ്രമാണങ്ങളാണ്
എന്റെ പാദങ്ങളെ നയിക്കുന്നത്;
കപടമാര്‍ഗങ്ങളെ ഞാന്‍ വെറുക്കുന്നു.

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കല്‍പ്പനകളെ സ്നേഹിക്കുന്നു.

അങ്ങയുടെ കല്‍പനകള്‍ വിസ്മയാവഹമാണ്;
ഞാന്‍ അവ പാലിക്കുന്നു.
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍
പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു.

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കല്‍പ്പനകളെ സ്നേഹിക്കുന്നു.

രണ്ടാം വായന

റോമാ 8:28-30b
അവിടുന്നു നമ്മെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ചു.

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 13:44-52
അയാള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നു.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു.
വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
സ്വര്‍ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്മാര്‍ ദുഷ്ടന്മാരെ നീതിമാന്മാരില്‍ നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്ഠത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്, അവര്‍ ഉത്തരം പറഞ്ഞു. അവന്‍ തുടര്‍ന്നു: സ്വര്‍ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്‌ഷേപത്തില്‍ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ സമൃദ്ധിയില്‍നിന്ന്
ഞങ്ങള്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
സ്വീകരിക്കണമേ.
അങ്ങയുടെ കൃപയുടെ ശക്തമായ പ്രവര്‍ത്തനങ്ങളാല്‍,
ഈ പരമപരിശുദ്ധരഹസ്യങ്ങള്‍
ഞങ്ങളുടെ ഇഹലോകജീവിതരീതികള്‍ വിശുദ്ധീകരിക്കുകയും
നിത്യാനന്ദത്തിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 102: 2

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
Or:
മത്താ 5: 7-8

കരുണയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ക്ക് കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ പീഡാസഹനത്തിന്റെ
നിത്യസ്മാരകമായ ദിവ്യകൂദാശ ഞങ്ങള്‍ സ്വീകരിച്ചു.
അവര്‍ണനീയമായ സ്‌നേഹത്താല്‍
അവിടന്നുതന്നെ ഞങ്ങള്‍ക്കു നല്കിയ ഈ ദാനം
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment