മലയാളം മനസ്സിലാകുന്ന വിശുദ്ധ

 Avatar

ഹാവൂ, മലയാളം മനസ്സിലാകുന്ന ഒരു വിശുദ്ധ !!”

എന്തോ, ചെറുപ്പം മുതൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു വിശുദ്ധ ആയിരുന്നു വിശുദ്ധ അൽഫോൻസാമ്മ. ശരിക്കും പറഞ്ഞാൽ, “മലയാളം പറഞ്ഞാൽ മനസ്സിലാകുന്ന ഒരു വിശുദ്ധ സ്വർഗത്തിൽ ഉണ്ടല്ലോ” എന്നതായിരുന്നു കാരണം. ചെറുപ്പത്തിൽ എവിടുന്നോ കിട്ടിയ അൽഫോൻസാമ്മയുടെ ഒരു ചിത്രം ഒത്തിരി കാലം ഞാൻ പഠിക്കുന്ന പുസ്തകത്തിൽ സൂക്ഷിച്ചു വെച്ചു പ്രാർത്ഥിക്കുമായിരുന്നു. അല്ലെങ്കിൽ തന്നെ അൽഫോൻസാമ്മയെ ഇഷ്ടം ഇല്ലാത്ത മലയാളി ആരാ ഉള്ളത് !!!

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഇന്ന് നാം ആഘോഷിക്കുമ്പോൾ, എല്ലാവർക്കും തിരുന്നാൾ മംഗളങ്ങൾ നേരുന്നു. നമുക്കറിയാം, ആർഷഭാരതം ജന്മം നൽകിയ വീരകന്യകയായി, സാർവ്വത്രികസഭ അംഗീകാരം നൽകിയ ഏക വ്യക്തിയാണ് വിശുദ്ധ അൽഫോൻസാമ്മ. നൂറ്റാണ്ടുകളുടെ പാരമ്പര്യവും, ചൈതന്യവുമുള്ള കേരള കത്തോലിക്കാ സഭക്കു ലഭിച്ച ദൈവത്തിന്റെ പ്രത്യേക വരദാനമാണ് വിശുദ്ധ അൽഫോൻസാമ്മാ. അതെ, ഇന്ന് ഭരണങ്ങാനത്തിന്റെ പ്രസിദ്ധിയും, അൽഫോൻസാമ്മയുടെ മാധ്യസ്ഥശക്തിയിലുള്ള വിശ്വാസവും, അനുദിനം വർദ്ധിച്ചുവരികയാണ്.

വചനം ഓർമിപ്പിക്കുന്നു, “വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും (ജ്‌ഞാനം 6 : 10).” വിശുദ്ധമായതു മാത്രമല്ല, താൻ തൊട്ടതു മുഴുവൻ വിശുദ്ധമാക്കികൊണ്ടായിരുന്നു അവൾ വിശുദ്ധിയുടെ ഉന്നത സോപാനങ്ങളിൽ എത്തിയത്. !!! ഇന്ന് ഭരണങ്ങാനത്തു ചെന്നാൽ കാണാൻ സാധിക്കും അവൾ തൊട്ടതെല്ലാം പൊന്നായി മാറിയത് അഥവാ വിശുദ്ധ വസ്തുക്കൾ ആയി മാറിയത്. ഒരു അല്പം പുളിമാവ് അപ്പത്തെ മുഴുവൻ പുളിപ്പിക്കുന്നതു പോലെ, വിശുദ്ധയായ ഒരു വ്യക്തിയുടെ ജീവിതം ആ ദേശം മുഴുവൻ അനുഗ്രഹം പ്രാപിക്കാൻ കാരണം ആകുന്നു. സുഹൃത്തേ, നീ ജനിച്ച ദേശം ഇനിയും ആരും അറിയപ്പെടാത്ത കാട്ടുമൂല ആണോ? ജന്മം തന്ന ദേശത്തെ കുറ്റം പറയരുത്, ഇതാണ് അവസരം, നിനക്കും ഒരു വിശുദ്ധൻ അഥവാ വിശുദ്ധ ആയിക്കൂടെ !!!

തീർച്ചയായും, വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം ഏതൊരു കൊച്ചു കുട്ടികളെപോലും എന്നും പ്രചോദിപ്പിക്കുന്നതാണ്. നമ്മുക്കറിയാം, കുടമാളൂർ ഇടവകയിൽ, ആർപ്പൂക്കര പ്രദേശത്ത്, മുട്ടത്തുപാടത്ത് ഔസേപ്പ് — മറിയം ദമ്പതികളുടെ, നാലാമത്തെ മകളായി അന്നകുട്ടി എന്ന വിശുദ്ധ അൽഫോൻസാമ്മ ജനിച്ചു. അവളുടെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതുകൊണ്ട്, പേരമ്മയായിരുന്നു അന്നകുട്ടിയെ വളർത്തിയത്.

വിശുദ്ധ കൊച്ചുത്രേസ്യയെ പോലെ ഒരു വിശുദ്ധയാകാൻ ചെറുപ്പംമുതലേ അവൾ ആഗ്രഹിച്ചിരുന്നു. കുലീനയായ ഗൃഹനാഥയോ, പ്രശസ്തയായ കലാകാരിയോ, മികച്ച ഉദ്യോഗസ്ഥയോ, ആയി തീരാവുന്ന അവളുടെ ജീവിതം, എല്ലാം വേണ്ടെന്നുവച്ച്‌, തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് , ക്രിസ്തുവിന്റെ മണവാട്ടിയായി തീരാൻ അവൾ സന്യാസം സ്വീകരിച്ചു. സന്യാസത്തിലേക്ക് ഉള്ള അവളുടെ യാത്ര കഠിനമായിരുന്നു. വീട്ടുകാരുടെ എതിർപ്പുകളെ അതിജീവിച്ച്, തീഷ്ണമായി പ്രാർത്ഥിച്ച്, ഒടുവിൽ സുന്ദരിയായ അവൾ, അഗ്നിയിൽ ചാടി തന്റെ ശരീരഭംഗി കളയുകയും ചെയ്തു. തീർച്ചയായും, കലർപ്പില്ലാത്ത സമർപ്പണത്തിന്റെ അടയാളം ആയിരുന്നു അതെല്ലാം.

കുരിശുകൾ നൽകിയാണ്, ഈശോ നമ്മെ സ്നേഹിക്കുന്നതെന്നും, സ്നേഹിക്കുന്നവർക്ക് മാത്രമേ അവിടുന്ന് കുരിശുകളും, സങ്കടങ്ങളും കൊടുക്കുകയുള്ളൂ എന്നും അവൾ വിശ്വസിച്ചു. സഹനങ്ങളിലൂടെ ശുദ്ധീകരിക്കപ്പെട്ട തനിതങ്കം ആയിരുന്നു വിശുദ്ധ അൽഫോൻസാമ്മ. വേദനകളും, രോഗപീഡകളും നിരന്തരം അവളെ അലട്ടിയിട്ടും, ശിശുസഹജമായ പുഞ്ചിരിയോടെ, അവൾ അതിനെയൊക്കെ സ്വീകരിച്ചു. അതേ, ജീവിത സഹനങ്ങളെ, പരാതിയില്ലാതെ, കുറ്റപ്പെടുത്താതെ, പരിഭവമില്ലാതെ, ദൈവസ്നേഹത്തെ പ്രതി സ്വീകരിക്കുന്ന ഏതൊരാൾക്കും, അത് രക്ഷയായി തീരും എന്ന്, സഹനപുത്രിയായ വിശുദ്ധ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. സുഹൃത്തേ, ഒത്തിരി സഹിക്കുന്നു എന്ന് നീ അവകാശപെട്ടിട്ടും എന്തേ നിന്നിൽ ഇനിയും ഒരു വിശുദ്ധിയുടെ കുറവ്? സഹിച്ചു എന്ന കാരണത്താൽ ആരും വിശുദ്ധർ ആയിട്ടില്ല, അല്ലായിരുന്നെങ്കിൽ ആദ്യം വിശുദ്ധർ ആകേണ്ടി യിരുന്നത് നരകത്തിൽ കിടക്കുന്ന കുട്ടിപിശാചുക്കൾ ആയിരുന്നു. അവരുടെ അത്രയും സഹനം ആർക്കാണ് ഉള്ളത് !! എന്നാൽ അവർ അവിടെ നരകത്തിലെ തീയിൽ കിടന്ന് പച്ചതെറി വിളിച്ച്‌, എല്ലാവരെയും ശപിച്ച്, നരകിച്ചു കഴിയുന്നു. പിന്നെ എങ്ങനെ…?? അപ്പോൾ പിന്നെ, ഇനി കൂടുതൽ പറയേണ്ടല്ലോ, സഹിച്ചാൽ മാത്രം പോരാന്ന്‌ മനസ്സിലായില്ലേ !!!

അതേ, ലോകദൃഷ്ടിയിൽ വൻ കാര്യങ്ങളൊന്നും വിശുദ്ധ അൽഫോൻസാമ്മ തന്റെ ചുരുങ്ങിയ 36 വർഷജീവിതത്തിൽ ചെയ്തിട്ടില്ലെങ്കിലും, മനുഷ്യന്റെ ഹൃദയം കാണുന്ന ദൈവം, അവളുടെ സന്യാസ സമർപ്പണത്തിന്റെയും, വിശ്വസ്തതയുടെയും ആഴം കണ്ടു. ജീവിതകാലത്ത് ആരും അവളെ തിരിച്ചറിഞ്ഞില്ലെങ്കിലും, മരണശേഷം ദൈവം അവളെ വാനോളം ഉയർത്തി. “തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌.
(സങ്കീര്‍ത്തനങ്ങള്‍ 116 : 15).” ഒരുവേള, എന്റെ ജീവിതം വിലയുള്ളതാകാൻ, അമൂല്യമുള്ളതാകാൻ ഞാനും വിശുദ്ധയെ അൽഫോൻസായെപോലെ നിസാര കാര്യങ്ങൾ പോലും, പിറുപിറുപ്പു കൂടാതെ, ത്യാഗത്തോടെ, ദൈവ സ്നേഹത്തെ പ്രതി ചെയ്യണം. അതേ ഏതൊരു പാപിക്കും, മനസുവെച്ചാൽ വിശുദ്ധനാകാൻ, വിശുദ്ധയാകാൻ അവസരം ഉണ്ട്‌ എന്ന് വിശുദ്ധ അൽഫോൻസാ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.

സ്നേഹമുള്ളവരെ, വിശുദ്ധ അൽഫോൻസാമ്മയുടെ ശവകുടീരത്തിലേക്ക്, ഇന്ന് ആബാലവൃദ്ധം ജനങ്ങൾ ഒഴുകിയെത്തുന്നു. കാരണം, വിശുദ്ധി നിറഞ്ഞ, പുണ്യാത്മാക്കളുടെ ശവക്കല്ലറയിലേക്ക് ജനങ്ങൾ പ്രാർത്ഥിക്കാൻ വരികതന്നെ ചെയ്യും. അതേ, ഒരുവന്റെ ജീവിതവും, മരണവും അർത്ഥപൂർണമാകുന്നത്, മറ്റുള്ളവർക്ക് ഉപകാരപ്പെടുമ്പോഴാണ്. ദൈവമേ, എന്റെ ജീവിതം എപ്രകാരം ആണ്? എന്റെ മരണശേഷം എന്റെ കല്ലറ എപ്രകാരം ആയിരിക്കും? തീരുമാനം എടുക്കാം. കാഴ്ചപ്പാടുകളിൽ മാറ്റവും, ചിന്താരീതികളിൽ തീഷ്ണതയും ഉണ്ടാകട്ടെ !! വിശുദ്ധ അൽഫോൻസാമ്മ, നമുക്ക് അതിന് ഒരു മാതൃകയാണ്, പ്രചോദനമാണ്.

മറക്കരുത്, “ഈശോയോട് ചേർന്നിരിക്കുന്നതാണ്, എനിക്ക് ഏറ്റവും ഇഷ്ടം” എന്ന് അൽഫോൻസാമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു. ദേവാലയത്തിലെ സക്രാരിക്ക് മുമ്പിൽ മണിക്കൂറുകൾ ധ്യാനിച്ച്, പ്രാർത്ഥനയിലൂടെ തന്റെ ജീവിതത്തെ അവൾ ശക്തിപ്പെടുത്തി. അതെ ഈശോയുടെ ചേർന്നു നിന്നാൽ, ഈശോ നമ്മോടു ചേർന്നു നിൽക്കും എന്ന് വിശുദ്ധ അൽഫോൻസാമ്മ നമ്മെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ ഈ തിരുനാളിൽ , ദൈവീക പ്രചോദനങ്ങൾക്കു, കാതുകൾ തുറക്കാൻ, വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. വിശുദ്ധിയിലേക്കാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്നു മറക്കാതിരിക്കാം.

“മാതാവിന്‍െറ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
(ജറെമിയാ 1 : 5).”

✒️ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഓസിഡി

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “മലയാളം മനസ്സിലാകുന്ന വിശുദ്ധ”

  1. 🥰🥰🥰🥰🥰🥰

  2. 😇😇♥️🙏🙏

  3. Abin Nidhi Thomas Avatar
    Abin Nidhi Thomas

    😇😇

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading