#മിഷനറിസന്യസ്തരുടെജീവിതം അങ്ങനെയാണ്:
സ്വന്തംനാട്ടിൽ നിന്നകന്ന് യാതൊരു പരിചയവുമില്ലാത്ത ആളുകളിൽ കർത്താവിനെ കണ്ടുകൊണ്ട് ഒരു ജീവിതമങ്ങനെ ഹോമിക്കുകയാണവർ !
അവരങ്ങനെ ജീവിക്കുന്നുണ്ടെന്നുപോലും നാട്ടിലുള്ളവർ മറന്നുപോകാനിടയുണ്ട്.
നമ്മുടെ സ്വന്തം പൂർവികർ ജീവിച്ചുമരിച്ച മണ്ണിനോട് അടുപ്പം കാണിക്കുന്നവരാണു നമ്മൾ. ഉള്ളുണർത്തുന്ന ഓർമ്മകളാണ് അതു നമുക്ക് നൽകുന്നത്.
എന്നാൽ, സ്വന്തം നാട്ടുകാർക്കൊക്കെ അജ്ഞാതമായ വിദൂരഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നവരായ മിഷനറിസന്യസ്തർ മരണമടഞ്ഞാൽ പലപ്പോഴും അവിടെത്തന്നെ അടക്കപ്പെടുകയുംചെയ്യും.
അതോടെ സ്വകീയരുടെ ഓർമ്മച്ചെപ്പിൽനിന്നു പോലും അവർ ഏതാണ്ട് അപ്രത്യക്ഷമാകുന്നത് പോലെ!😞😞
‘#നെയ്യശ്ശേരിയുടെമകൾക്ക്ഉജ്ജയിൻ്റെമണ്ണിൽഅന്ത്യവിശ്രമം’ എന്ന ഇന്നത്തെ ‘മംഗള’ത്തിലെ ശീർഷകം കണ്ടപ്പോഴാണ് ഇതു കുറിക്കാൻ തോന്നിയത്.
അന്തരിച്ച #സിസ്റ്റർമരിയറ്റ SH നെക്കുറിച്ചാണ് ലേഖനം.
1969 ൽ ഉജ്ജയിൻ മിഷനിലേക്ക് ചേക്കേറിയതാണവർ. നഴ്സിംഗ് പഠിച്ചിരുന്നത് കുറച്ചൊന്നുമല്ല ഉപകാരപ്പെട്ടത്.
1969 !
ഇതു വായിക്കുന്ന പലരും ജനിച്ചിട്ടുപോലുമില്ലാത്ത കാലം!
നമ്മുടെ നാട്ടിൽപോലും പ്രസവസൗകര്യമില്ലാതിരുന്ന കഷ്ടകാലം !
സിസ്റ്റർ വീടുകളിലെത്തി പ്രസവശുശ്രൂഷ ചെയ്തിരുന്നു.
അന്ന് “വയറ്റാട്ടിമാർ” ചെയ്തിരുന്ന സേവനം ഏറെ സാഹസികവും പ്രശംസനീയവുമായിരുന്നെങ്കിലും സമൂഹം അവരെ അർഹമായ രീതിയിൽ വിലമതിച്ചിരുന്നുന്നില്ലെന്നല്ലല്ലോ.
സിസ്റ്റർ ഗ്രാമങ്ങളിലെ,
വീടുകളെന്നുപോലും വിളിക്കപ്പെടാൻ അർഹതയില്ലാത്ത,
മാടങ്ങളിലെത്തി.
പായും കട്ടിലും ഇല്ലാതിരുന്നിടങ്ങളിൽ ചാക്കു വിരിച്ചുകൊടുത്താണ് ആദ്യകാലങ്ങളിൽ അവർ പ്രസവം എടുത്തത്! അവർ സഹിച്ച ത്യാഗം ഒന്നു ചിന്തിച്ചു നോക്കൂ!
ധീരയായ സ്ത്രീയായിരുന്നു അവർ. കർത്താവിൽ സമ്പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് സി. മരിയറ്റ സൈക്കിൾ ചവിട്ടിയും, സ്വന്തമായി ജീപ്പ് ഓടിച്ചും ഗ്രാമഗ്രാമാന്തരങ്ങളിലെത്തി.
ഒരിക്കൽ ജീപ്പ് അപകടത്തിൽപ്പെട്ടു. പലദിവസങ്ങൾ അബോധാവസ്ഥയിൽ കിടന്നു !
നാട്ടിൻപുറത്തിൻ്റെ നാഡീസ്പന്ദനം ഒപ്പിയെടുത്ത സിസ്റ്റർക്കു മനസ്സിലായി ഒരു നാടു പുരോഗമിക്കണമെങ്കിൽ ആദ്യമായി അക്ഷരജ്ഞാനം ലഭിക്കണം; നല്ല ആരോഗ്യ ശീലങ്ങൾ പഠിക്കണം.
ആ അമ്മയ്ക്ക് വെറുതെയിരിക്കാനായില്ല. തൻ്റെ കയ്യിലേക്ക് പിറന്നുവീഴുന്ന മക്കളെ തുടർന്നു വളർത്തിയെടുക്കുകയെന്നതും കർത്താവേൽപ്പിച്ച ജോലിയാണെന്ന് അവർക്കു തോന്നി.
അങ്ങനെ ആ മക്കൾക്കായി നിരവധി #നഴ്സറികൾ ആ അമ്മ തുറന്നു.
തുടർന്ന് ആരോഗ്യസംരക്ഷണത്തിനായി #ക്ലിനിക്കുകൾ തുടങ്ങി.
പുല്ലുമേഞ്ഞ കുടിലുകളിൽ താമസിച്ചിരുന്നവർക്കായി കൊച്ചു #ഭവനങ്ങൾ_പണിതുനൽകിത്തുടങ്ങി.
അങ്ങനെ ആരംഭിച്ചതാണ് ഉജ്ജയിനിയിലെ പുഷ്പ ഹോസ്പിറ്റൽ. പല ഗൈനക്കോളജിസ്റ്റുകളും 250 ബെഡുകളുമുള്ള, മധ്യപ്രദേശിലെ അറിയപ്പെടുന്ന ആശുപത്രിയായതു മാറിക്കഴിഞ്ഞു.
മരണശേഷവും തനിക്ക് ആ മണ്ണിൽത്തന്നെ അലിഞ്ഞു ചേരണം എന്നുള്ളത് അവരുടെ തന്നെ ആഗ്രഹമായിരുന്നു – ഉള്ളിൽ തിങ്ങി നിൽക്കുന്ന നിസ്വാർത്ഥത വഴിഞ്ഞൊഴുകുന്ന മിഷനറി ചൈതന്യത്തിൻ്റെ പ്രതിഫലനമാണിത്.
സിസ്റ്റർ മരിയറ്റ, നിത്യശാന്തിയിൽ വിശ്രമിച്ചാലും!
– സൈമൺ CMI


Leave a comment