Fr Tomy Thadathil (1965-2004)

Fr Tomy Thadathil (1965-2004)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Tomy Thadathil (1965-2004)
Fr Tomy Thadathil (1965-2004)

സഹനപുത്രനായ ടോമിയച്ചൻ…

“എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌. ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന്‌ എനിക്ക്‌ അറിഞ്ഞുകൂടാ.
ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച്‌ ക്രിസ്‌തുവിനോടുകൂടെ ആയിരിക്കാനാണ്‌. കാരണം, അതാണു കൂടുതല്‍ ശ്രേഷ്‌ഠം”. (ഫിലിപ്പി 1, 21-23)

വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത് പോലെ ജീവിതത്തിലും മരണത്തിലും ക്രിസ്തുവിനോടു കൂടെ ആയിരിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വന്ദ്യ വൈദീകൻ, ഫാ. ടോമി തടത്തിൽ… സങ്കടങ്ങളുടെ ഗത്സമനിയിൽ തന്റെ പ്രിയപ്പെട്ടവരെ തനിച്ചാക്കി നിത്യപുരോഹിതന്റെ തിരുവൾത്താരയിലേക്ക് ടോമിയച്ചൻ യാത്രയായത് അദ്ദേഹത്തിന്റെ മുപ്പത്തിയൊൻപതാം വയസ്സിൽ ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമമായ അതിരുങ്കലിൽ 1965 ജൂൺ മാസം 29ന്, വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ, ശ്രീമാൻ ടി.സി. മാത്യുവിന്റേയും ശ്രീമതി ത്രേസ്യാമ്മ മാത്യുവിന്റെയും മകനായിട്ടാണ് ടോമി എന്ന വിളിപ്പേരും ഗീവർഗീസ്‌ എന്ന മാമോദീസാ പേരുമുള്ള ടോമിയച്ചൻ ജനിച്ചത്. ബാലനായിരിക്കുമ്പോൾ തന്നെ ദേവാലയ കാര്യങ്ങളിലും ഇടവകയുടെ ആത്മീയ കാര്യങ്ങളിലും ഏറെ താൽപര്യത്തോടും തീക്ഷ്ണതയോടും ടോമിയച്ചൻ പങ്കെടുത്തിരുന്നു. പഠനത്തിലും മുൻപന്തിയിൽ ആയിരുന്ന അച്ചൻ അതിരുങ്കൽ ലോവർ പ്രൈമറി സ്കൂളിലും സി.എം.എസ്.യു.പി സ്കൂളിലും കൂടൽ ഗവൺമെന്റ് ഹൈസ്‌കൂളിലുമായി തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

അച്ചന്റെ ജീവിതത്തിലെ സഹനത്തിന്റെ നാളുകൾ ആരംഭിച്ചത് സ്കൂൾ പഠനകാലത്താണ്. പള്ളിയിൽ നിന്നും തിരികെ വരുന്ന വഴിയിൽ അച്ചന് ഉഗ്രവിഷമുള്ള ഒരു പാമ്പിന്റെ ദംശനമേറ്റു. കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെട്ട് ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ നിന്നും അനേകരുടെ പ്രാർത്‌ഥനയാൽ അത്ഭുതകരമായി അച്ചൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അച്ചന്റെ ജീവിതത്തിൽ പിന്നീടുണ്ടായ വേദനകളുടേയും ആരോഗ്യപ്രശ്നങ്ങളുടേയുമെല്ലാം തുടക്കമായിരുന്നു ഈ സംഭവം. “ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?” (റോമാ 8,35). പൗലോസ് അപ്പസ്തോലൻ തന്റെ ജീവിതാനുഭവത്തിൽ നിന്നു കുറിച്ചതു പോലെ സഹനസ്നാനത്തിലൂടെ സ്ഫുടം ചെയ്ത് അനേകരുടെ ജീവിതത്തിന് രക്ഷ പകർന്നു നൽകിയ ഒരു ജീവിത യാത്രയുടെ തുടക്കം…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഏറ്റമധികം വൈദീകരെ സമ്മാനിച്ച പള്ളിയെന്ന ഖ്യാതിയാൽ അനുഗ്രഹീതമായ അതിരുങ്കൽ ഇടവകയിലെ അച്ചൻമാരുടെയും തന്റെ പിതൃസഹോദരനായ ഫാ. ജോസഫ് തടത്തിലിന്റെയും പിതൃസഹോദര പുത്രനായ ഫാ. ചാക്കോ തടത്തിലിന്റെയും പാത പിന്തുടർന്ന് ഒരു വൈദീകനാകണമെന്നായിരുന്നു ബാലനായ ടോമിയുടെയും ആഗ്രഹം. മകന്റെ ആഗ്രഹത്തിനു പിന്നിലെ ദൈവഹിതം തിരിച്ചറിഞ്ഞ് സമ്മതം മൂളിയ മാതാപിതാക്കന്മാരുടേയും ഇടവക വികാരി ബഹുമാനപ്പെട്ട ജോസഫ് വടക്കേക്കൂറ്റ് അച്ചന്റെയും അനുഗ്രഹത്തോടും ആശീർവാദത്തോടും അദ്ദേഹം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തിരുവനന്തപുരത്തും ആലുവയിലുമായി വൈദീകപരിശീലനം പൂർത്തിയാക്കി. അധ്യാപകർക്ക് മികച്ച വിദ്യാർത്ഥിയും സഹപാഠികൾക്ക് നല്ല സുഹൃത്തുമായായിരുന്ന ആ ശെമ്മാശ്ശൻ 1990 ഡിസംബർ 26ന് മാതൃഇടവകയായ അതിരുങ്കൽ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ, ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിൽ നിന്നും വൈദീക പട്ടം സ്വീകരിച്ച് ഡിസംബർ 27ന് പ്രഥമ ദിവ്യബലി അർപ്പിച്ചു.

പിരപ്പൻകോട് സെന്റ് ജോൺസ് കുഷ്ഠരോഗാശുപത്രിയുടെ Acting Director ആയും പിരപ്പൻകോട്, മലമുകൾ പള്ളികളുടെ സഹ വികാരിയായും ആദ്യനിയമനം ലഭിച്ചു. പിന്നീട് ചെറിയാൻ മായിക്കൽ അച്ചനോടൊപ്പം
പെരുനാട്, മണിയാർ, ചിറ്റാർ, പാമ്പിനി, കൊച്ചുകുളം, ളാഹ, തോണിക്കടവ് ഇടവകകളുടെ സഹവികാരി ശുശ്രൂഷ. തുടർന്ന്
കാർമല, അതുമ്പുംകുളം, എലിമുള്ളുംപ്ളാക്കൽ, അരുവിക്കുഴി, അരുവാട്ടുകോണം, മഞ്ചവിളാകം, ചാനായിക്കോണം, മഞ്ചംകോട്, കണ്ടള, പുനലാൽ, തൊഴുക്കൽക്കോണം, തൂങ്ങാംപാറ, പേരൂർക്കട, കുറവൻകോണം, കരമന, മുട്ടതറ എന്നിങ്ങനെ അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. തിരുസഭയോട് ചേർന്നു നിന്ന് ഏറെ തീക്ഷ്ണതയോടും മികവോടും പ്രവർത്തിച്ചിരുന്നപ്പോൾ തന്നെ പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ അലട്ടിയിരുന്നു. പാമ്പുകടിയേറ്റതും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നൽകിയ വിവിധ മരുന്നുകളുമൊക്കെ അച്ചന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളും ശസ്ത്രക്രിയകളുമെല്ലാം സഹനപ്പൂക്കളായി അച്ചനെ സന്ദർശിക്കാറുണ്ടായിരുന്നെന്ന് പ്രിയപ്പെട്ടവർ ഓർമ്മിക്കുന്നു. എങ്കിലും തികഞ്ഞ ശാന്തതയും പുഞ്ചിരിയും എപ്പോഴും അച്ചന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു.
എല്ലാവരോടും ഒരുപോലെ ഇടപെടുന്ന മനുഷ്യരോട് വലിയ കരുതലുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അച്ചനെന്ന്, സ്തീർത്‌ഥ്യനായ സെബാസ്റ്റ്യൻ ആമ്പശ്ശേരിൽ അച്ചൻ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ കാലത്തും മികച്ച വിദ്യാർത്ഥിയും ഗവേഷകനുമായിരുന്ന ടോമിയച്ചൻ പിന്നീട് ദൈവശാസ്ത്രത്തിൽ ഉപരിപഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയി. അവിടെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വാലിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി തുടർന്ന് സ്പിരിച്ച്വൽ തിയോളജിയിൽ Ph.D ക്ക് രജിസ്റ്റർ ചെയ്തു. ‘രക്ഷ എന്ന രഹസ്യവും അമർത്യതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്തർദാഹവും’ (The mystery of salvation and man’s quest for immortality) എന്ന വിഷയം ആസ്പദമാക്കി ടോമിയച്ചൻ തയ്യാറാക്കിയ ഗവേഷണ പ്രബന്ധം അച്ചന്റെ നിര്യാണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പൂർത്തീകരിച്ചത്. പഠനത്തോടും ഗവേഷണത്തോടുമൊപ്പം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി വൈസ്റെക്ടർ, മലങ്കര മേജർ സെമിനാരിയിലെ അധ്യാപകൻ, വൈദീകവിദ്യാർത്ഥികളുടെ ആത്മീയ പിതാവ് എന്നീ നിലകളിലെല്ലാം അച്ചൻ സ്തുത്യർഹമായി ശുശ്രൂഷ ചെയ്തു.

തിരുവനന്തപുരം സെന്റ് അലോഷ്യസ് സെമിനാരിയുടെ പരിശീലനത്തിലേക്ക് 1999 ലാണ് അച്ചൻ കടന്നുവരുന്നത്. പട്ടത്തുള്ള മൈനർ സെമിനാരി കെട്ടിടത്തിന് സ്ഥല പരിമിതികളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതയാൽ നവീകരണ പ്രവർത്തനങ്ങൾ ഈ കാലത്ത് ആരംഭിച്ചതിനാൽ ടോമി അച്ചന്റെ ചുമതലയിൽ 1999ൽ ചേർന്ന 33 ബ്രദേഴ്സിന് കുറവൻകോണത്തുള്ള വിശ്വാസ പരിശീലന കാര്യാലയത്തിന്റെ കെട്ടിടത്തിൽ താമസിച്ച് മൈനർ സെമിനാരി പരിശീലനം ആരംഭിച്ചു. സെമിനാരിയെന്നാൽ സമയക്രമമനുസരിച്ചുള്ള ജീവിതരീതി എന്നതിൽ നിന്ന് വിഭിന്നമായി ഓരോ കാര്യങ്ങളും അർപ്പണത്തോടെ, ബോധ്യത്തോടെ ചെയ്യാനുള്ള പരിപ്രേഷ്യമാണ് ഉണ്ടാകേണ്ടത് എന്ന ബോധ്യത്തോടെയാണ് അച്ചൻ ബ്രദേഴ്സിന് പരിശീലനം നൽകിയത്. അതിനാൽതന്നെ സെമിനാരിയിൽ സമയമറിയിക്കാൻ മണിയടിക്കുന്ന രീതിയുണ്ടായിരുന്നില്ല. ക്ളാസ്സിൽ ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ സ്വയം കണ്ടെത്തുവാനും അതിലൂടെ സെമിനാരിക്കാരുടെ ബൗദ്ധീകവും ആദ്ധ്യാത്മികവുമായ വളർച്ചയിലേക്ക് അവരെ പ്രാപ്തരാക്കാനും അച്ചനായി.
അന്നത്തെ സെമിനാരി റെക്ടറായിരുന്ന അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവ് (ഫാ.ജോൺ കൊച്ചുതുണ്ടിൽ) അച്ചനിൽ ദർശിച്ച
3 ഗുണങ്ങൾ:-
1. വചനത്തോടുള്ള തീക്ഷ്ണമായ ആഭിമുഖ്യം – ശാരീരികമായി നിരവധി ക്ളേശങ്ങളുണ്ടെങ്കിലും സുവിശേഷ പ്രസംഗത്തിനായി ആര് വിളിച്ചാലും അച്ചൻ സംലഭ്യനായിരുന്നു.
2. ജീവിതനിഷ്ഠ – ജീവിതത്തിനൊരു കൃത്യമായ നിഷ്ഠയും നിയതമായ ശൈലിയും പൗരോഹിത്യ സമർപ്പണവുമുണ്ടായിരുന്നു.
3. സന്തോഷം – സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനും ഒരു ചെറുപുഞ്ചിരിയോടെ എല്ലാവരോടും ഇടപെടുവാനും സാധിച്ചിരുന്നു. മരണക്കിടക്കയിൽ ആയിരുന്നപ്പോഴും തികഞ്ഞ സന്തോഷവാനായിരുന്നു.

ഭാഗ്യസ്മരണാർഹനായ സിറിൾ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദീർഘദർശനത്താൽ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് മിസ്സിയോളജിക്കൽ ആൻഡ് തിയോളജിക്കൽ സെന്റർ (MTC) എന്ന പഠനകേന്ദ്രം. സന്യാസിനികളുടെയും അത്മായരുടെയും ദൈവശാസ്ത്രപഠനവും മിഷൻ ദർശനങ്ങളിലുള്ള ആഴപ്പെടലുമാണ് ഈ കേന്ദ്രം ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ആദ്യ ഡയറക്ടറായി അച്ചനെ നിയമിച്ചതും പിതാവ് തന്നെയാണ്. 1998 മുതൽ 2003 വരെ അച്ചൻ ഡയറക്ടറായി സേവനം ചെയ്തു. അച്ചനോടൊപ്പം ഈ സെന്ററിന്റെ ആദ്യകാലം മുതലുണ്ടായിരുന്ന ഡോ.സി. നമിത അച്ചനെ അനുസ്മരിക്കുന്നു, ” ആധ്യാത്മിക കാര്യങ്ങളിൽ ഒരിക്കലും മടുപ്പില്ലാത്ത സ്വജീവിതത്തിൽ വളരെയധികം എളിമയുള്ള വ്യക്തിത്വത്തിനുടമയായ അച്ചൻ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആളുകളുടെ മനസ്സിനെ കീഴടക്കാൻ മാത്രം ദൈവകൃപ നിറഞ്ഞ വ്യക്തിയായിരുന്നു”. മരണശേഷം അച്ചന്റെ മധ്യസ്ഥതയിലൂടെ അനേകരുടെ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി അനുഗ്രഹങ്ങൾ സ്വർഗ്ഗം നൽകിയിട്ടുണ്ടെന്നും സിസ്റ്റർ നമിത സാക്ഷ്യപ്പെടുത്തുന്നു.

അധികാരികളോടും സഹവൈദീകരോടും സന്യസ്തരോടും വൈദീകവിദ്യാർത്ഥികളോടും ഇടവകജനങ്ങളോടും എല്ലാം ഊഷ്മളമായ ഒരു ബന്ധം സൂക്ഷിക്കാൻ അച്ചന് കഴിഞ്ഞിരുന്നു. അധികാരികളോട് പൂർണ്ണമായ വിധേയത്വം അച്ചനുണ്ടായിരുന്നു. ഉന്നതമായ ചിന്തകളും പുത്തൻ ആശയങ്ങളും പഠനവും ധ്യാനവുമെല്ലാം ഒത്തുചേർന്ന ഒരു ജീവിതമായിരുന്നു ടോമിയച്ചന്റേത്. കർമവീഥിയിൽ തന്റെ നാഥന്റെ വയലേലകളിൽ അക്ഷീണം ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുമ്പോൾ പൗരോഹിത്യത്തിന്റെ പതിനാലാം വർഷം ദൈവം സ്വർഗീയ ജറുസലേമിൽ ശുശ്രൂഷയ്ക്കായി ഈ വൈദീകനെ തിരികെ വിളിച്ചു. ഡോക്ടറൽ തീസിസ് സമർപ്പിക്കാൻ ബാംഗ്ലൂരിൽ പോയപ്പോൾ ബാധിച്ച പനി തിരികെ നാട്ടിലെത്തിയിട്ടും വിട്ടുമാറിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനകളിൽ രക്തത്തിൽ വളരെ ഉയർന്ന അളവിൽ ബിലിറൂബിൻ കണ്ടെത്തി. പനിയും അനുബന്ധ അസ്വസ്ഥതകളുമായി തുടങ്ങിയ രോഗം അച്ചന്റെ ആരോഗ്യത്തെ അതിവേഗം കവർന്നെടുത്തു. ഹെപ്പാറ്റിക് ആൻഡ് ഡയബറ്റിക് കോമാ (Hepatic and diabetic coma) എന്ന സ്ഥിതിയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കും പ്രിയ മാതാപിതാക്കൾക്കും സഹോദരൻ ജോസ് മാത്യുവിനും സഹോദരിമാരായ മീനു സുബിനും ടിജി അലക്സിനും തീരാനഷ്ടമായി, തീവ്രമായ പ്രാർത്ഥനകൾക്കും കണ്ണീരിനും നടുവിൽ 2004 ഒക്ടോബർ 26ന് ടോമിയച്ചൻ തന്നെ പേരു ചൊല്ലി വിളിച്ചവന്റെ സന്നിധിയിലേക്ക് യാത്രയായി. ക്രിസ്തുവിനെ കണ്ടെത്തേണ്ടതും ക്രിസ്തുവായി മാറേണ്ടതും സന്തോഷങ്ങളുടെ ഇടങ്ങളിൽ മാത്രമല്ല, സഹനങ്ങളുടെ മഴപ്പെയ്ത്തിലുമാണ് എന്ന ഓർമപ്പെടുത്തലുമായി അച്ചൻ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

അഭിവന്ദ്യ സിറിൽ മാർ ബസേലിയോസ് പിതാവിന്റെയും മറ്റ് അഭിവന്ദ്യ പിതാക്കന്മാരുടേയും നേതൃത്വത്തിൽ അനേകം വൈദീകരുടേയും സന്ന്യസ്തരുടേയും വൻ ജനാവലിയുടേയും സാന്നിധ്യത്തിലും പ്രാർത്ഥനയിലും ഏറെ വേദനയോടും കണ്ണീരോടും ടോമിയച്ചന്റെ മൃതസംസ്കാര ചടങ്ങുകൾ അതിരുങ്കലിൽ നടത്തപ്പെട്ടപ്പോൾ കണ്ടത് അച്ചൻ നൽകിയിരുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നേർസാക്ഷ്യമായിരുന്നു. നാല് പതിറ്റാണ്ടോളം ഈ മണ്ണിൽ ജീവിച്ച ടോമിയച്ചന്റെ ആകസ്മിക വിയോഗത്തിൽ സഭയ്ക്ക് നഷ്ടമായത് ദൈവശാസ്ത്രത്തിലുള്ള അറിവും ആത്മീയ മൂല്യങ്ങളും മാനുഷിക പുണ്യങ്ങളും വൈദീക സന്യാസാർത്ഥികൾക്കും സമൂഹത്തിനും അക്ഷീണം നൽകിക്കൊണ്ടിരുന്ന ഒരു വന്ദ്യനായ ആചാര്യനെയാണ്. പത്തനംതിട്ട ദദ്രാസനത്തിനു വേണ്ടി 2020ൽ വൈദീകനായ ഫാ. ജിതിൻ തടത്തിൽ ടോമിയച്ചന്റെ പിതൃസഹോദര പൗത്രനാണ്.

വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ദൈവപരിപാലനയുടെ ആത്മീയ രഹസ്യങ്ങളെ ദർശിച്ച് സഭയും പ്രിയപ്പെട്ടവരും ടോമിയച്ചന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കണ്ണീരാഴങ്ങളിൽ ഇന്നും പ്രാർത്ഥിക്കുന്നു…

കടപ്പാട്: ടിജി അലക്സ് (സഹോദരി)
ജോസ് മാത്യു (സഹോദരൻ)
ഫാ.ഷിബു പാലമൂട്ടിൽതെക്കേതിൽ
ബൈജു N T
സുമ ചേടിയത്ത്

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment