🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ, 3/8/2020
Monday of week 18 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 69: 2,6
ദൈവമേ, എന്റെ സഹായത്തിനു വരണമേ;
കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ.
അങ്ങെന്റെ സഹായകനും വിമോചകനുമാണ്;
കര്‍ത്താവേ, വൈകരുതേ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയും
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെമേല്‍
അങ്ങയുടെ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,
സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയും
പുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 28:1-17
ഹനനിയാ, ശ്രദ്ധിക്കുക, കര്‍ത്താവ് നിന്നെ അയച്ചതല്ല. വ്യര്‍ഥമായ പ്രത്യാശ നീ ജനത്തിനു നല്‍കി.
യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാംവര്‍ഷം അഞ്ചാംമാസം ആസൂറിന്റെ പുത്രനും ഗിബയോണിലെ പ്രവാചകനും ആയ ഹനനിയാ ദേവാലയത്തില്‍വച്ച് പുരോഹിതന്മാരുടെയും ജനത്തിന്റെയും സാന്നിധ്യത്തില്‍ എന്നോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ബാബിലോണ്‍ രാജാവിന്റെ നുകം തകര്‍ത്തുകളയും. ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ ദേവാലയത്തില്‍ നിന്നു ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വര്‍ഷത്തിനകം ഞാന്‍ തിരികെ കൊണ്ടുവരും. യൂദാരാജാവായ യഹോയാക്കിമിന്റെ പുത്രന്‍ യക്കോണിയായെയും ബാബിലോണിലേക്കു കൊണ്ടുപോയ യൂദായിലെ എല്ലാ തടവുകാരെയും ഞാന്‍ ഇവിടേക്ക് തിരികെക്കൊണ്ടുവരും. ഞാന്‍ ബാബിലോണ്‍ രാജാവിന്റെ നുകം തകര്‍ക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.
അപ്പോള്‍ ജറെമിയാ പ്രവാചകന്‍ പുരോഹിതന്മാരുടെയും ദേവാലയത്തില്‍ കൂടിയിരുന്ന ജനത്തിന്റെയും മുന്‍പാകെ ഹനനിയാ പ്രവാചകനോടു പറഞ്ഞു: അങ്ങനെ സംഭവിക്കട്ടെ; ദേവാലയത്തിലെ ഉപകരണങ്ങളെയും സകല അടിമകളെയും ബാബിലോണില്‍ നിന്ന് ഇങ്ങോട്ടു കൊണ്ടുവരും എന്നുള്ള നിന്റെ പ്രവചനം കര്‍ത്താവ് നിറവേറ്റട്ടെ. എന്നാല്‍, ഞാന്‍ ഇപ്പോള്‍ നിന്നോടും ജനത്തോടും പറയുന്ന ഈ വചനം ശ്രവിക്കുക. എനിക്കും നിനക്കും മുന്‍പ് പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്മാര്‍ അനേകദേശങ്ങള്‍ക്കും പ്രബലരാഷ്ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്.
അപ്പോള്‍ ഹനനിയാ പ്രവാചകന്‍ ജറെമിയാ പ്രവാചകന്റെ കഴുത്തില്‍ നിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട് ജനത്തോടു പറഞ്ഞു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇങ്ങനെ തന്നെ ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ നുകം എല്ലാ ജനതകളുടെയും കഴുത്തില്‍ നിന്നു രണ്ടുവത്സരത്തിനകം ഞാന്‍ ഒടിച്ചുകളയും. അപ്പോള്‍ ജറെമിയാപ്രവാചകന്‍ അവിടം വിട്ടുപോയി.
ജറെമിയാ പ്രവാചകന്റെ കഴുത്തില്‍ നിന്നു ഹനനിയാ പ്രവാചകന്‍ നുകം ഒടിച്ചുകളഞ്ഞതിനുശേഷം ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: ഹനനിയായോടു ചെന്നു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; പകരം ഞാന്‍ ഇരുമ്പുകൊണ്ടുള്ള നുകം ഉണ്ടാക്കും. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുന്നതിന് അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാന്‍ സകല ജനതകളുടെയും കഴുത്തില്‍ വച്ചിരിക്കുന്നു. അവര്‍ അവനെ സേവിക്കും; വയലിലെ മൃഗങ്ങളെപ്പോലും ഞാന്‍ അവനു കൊടുത്തിരിക്കുന്നു. അനന്തരം ജറെമിയാ പ്രവാചകന്‍ ഹനനിയാ പ്രവാചകനോടു പറഞ്ഞു: ഹനനിയാ, ശ്രദ്ധിക്കുക, കര്‍ത്താവ് നിന്നെ അയച്ചതല്ല. വ്യര്‍ഥമായ പ്രത്യാശ നീ ജന ത്തിനു നല്‍കി. അതുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ ഭൂമുഖത്തു നിന്നു നീക്കിക്കളയും; ഈ വര്‍ഷംതന്നെ നീ മരിക്കും. എന്തെന്നാല്‍, നീ കര്‍ത്താവിനെ ധിക്കരിക്കാന്‍ പ്രേരണ നല്‍കി. ആ വര്‍ഷം ഏഴാം മാസം ഹനനിയാ പ്രവാചകന്‍ മരിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 119:29,43,79,80,95,102
ദൈവമേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
തെറ്റായ മാര്‍ഗങ്ങളെ എന്നില്‍ നിന്ന് അകറ്റണമേ!
കാരുണ്യപൂര്‍വം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കണമേ!
സത്യത്തിന്റെ വചനം എന്റെ അധരങ്ങളില്‍ നിന്നു
നിശ്ശേഷം എടുത്തുകളയരുതേ!
അങ്ങയുടെ കല്‍പനകളിലാണല്ലോ
ഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നത്.
ദൈവമേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
അങ്ങയുടെ ഭക്തര്‍ എന്നിലേക്കു തിരിയട്ടെ!
അങ്ങനെ, അവര്‍ അങ്ങയുടെ കല്‍പനകള്‍ അറിയട്ടെ!
ഞാന്‍ ലജ്ജിതനാകാതിരിക്കേണ്ടതിന്
എന്റെ ഹൃദയം അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറ്റമറ്റതായിരിക്കട്ടെ!
ദൈവമേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
ദുഷ്ടര്‍ എന്നെ നശിപ്പിക്കാന്‍ പതിയിരിക്കുന്നു;
എന്നാല്‍, ഞാന്‍ അങ്ങയുടെ കല്‍പനകളെപ്പറ്റി ചിന്തിക്കുന്നു.
അവിടുന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട്
ഞാന്‍ അങ്ങയുടെ കല്‍പനകളില്‍ നിന്നു വ്യതിചലിച്ചില്ല.
ദൈവമേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 14:22-36
ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക.
ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ യേശു ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. ഇതിനിടെ വഞ്ചി കരയില്‍ നിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ. പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു. എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പ വിശ്വാസീ, നീ സംശയിച്ചതെന്ത്? അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.
അവര്‍ കടല്‍ കടന്ന് ഗനേസറത്തിലെത്തി. അവിടത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ജ്ഞാനം 16: 20
കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്
എല്ലാ സ്വാദും ആസ്വാദ്യതയും നിറഞ്ഞ അപ്പം അങ്ങു ഞങ്ങള്‍ക്കു നല്കി.
Or:
യോഹ 6: 35
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ജീവന്റെ അപ്പം.
എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല,
എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍ അങ്ങു നവീകരിച്ച ഇവരെ
നിരന്തരസഹായത്താല്‍ അനുയാത്രചെയ്യാനും
ഒരിക്കലും നിലയ്ക്കാത്ത സംരക്ഷണത്താല്‍
നിത്യരക്ഷയ്ക്ക് അര്‍ഹരാക്കാനും കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment