പ്രഭാത പ്രാർത്ഥന
“നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശല പൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെ റിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്‌സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. (എഫേസോസ് 4:14-15)”
നല്ല ദൈവമേ, ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നാഥാ, ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. ഇന്നുവരെ അവിടുന്ന് നൽകിയ പരിപാലന തുടർന്നും നൽകി അനുഗ്രഹിക്കണമേ. കോവിഡ് മഹാമാരി മനുഷ്യ കുലത്തിനു മേൽ കരിനിഴൽ വീഴ്ത്തി സംഹാര താണ്ഡവം ആടുമ്പോൾ പിതാവേ, ഞങ്ങളെ കാത്തു കൊള്ളണമേ. രോഗദുരിതങ്ങളിൽ നിന്നും, സാമ്പത്തിക തകർച്ചയിൽ നിന്നും മോചനം പ്രാപിച്ചു കൊണ്ട് സന്തുഷ്ടരായി ജീവിക്കുവാൻ അനുഗ്രഹം നൽകണമേ. ഭയവും ആകുലതയും ഞങ്ങളെ മഥിക്കുവാൻ അവിടുന്ന് അനുവദിക്കരുതേ. ഈ ലോകത്തിൽ ഞങ്ങളെ കുറിച്ച് അവിടുത്തേക്ക് ഒരുപദ്ധതി ഉണ്ട് എന്ന് തിരിച്ചറിഞ്ഞു ആ പദ്ധതിയോട് ചേർന്ന് നിൽക്കുവാൻ കൃപ നൽകണമേ. പ്രകൃതി ക്ഷോഭങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു. ദൈവമേ വിടുതൽ നൽകി അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ വൈരാഗ്യത്തിൽ ആയിരിക്കുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സ്നേഹത്തിന്റെ ആത്മാവിനെ അവരുടെ മേൽ ചൊരിയണമേ. സമാധാനത്തിന്റെ ആത്മാവിനെ അവരുടെ മേൽ ചൊരിയണമേ. വിട്ടുകൊടുക്കലിന്റെ സന്തോഷം അനുഭവിക്കുവാൻ അവരെ പ്രാപ്തരക്കണമേ . നല്ല ദൈവമേ ഇന്നേ ദിനത്തിൽ സന്തോഷവും സമൃദ്ധിയും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയെ പോലെ ദൈവ സ്നേഹത്തിൽ ആയിരിക്കുവാനും, സുവിശേഷത്തിനു വേണ്ടി ജ്വലിക്കുവാനും ഞങ്ങളെ ഒരുക്കണമേ. വചനത്തെ വളച്ചൊടിച്ചു കൊണ്ട് സഭയെ ആക്രമിക്കുന്ന തിന്മയുടെ ശക്തികളെ നേരിടുവാൻ വിശുദ്ധ ഇഗ്നേഷ്യസിനെ പോലെ അനേകം പ്രേഷിതരെ അവിടുന്ന് രൂപപ്പെടുത്തണമേ. സഭയിൽ വലിയ പരിശുദ്ധ ആത്മാവിന്റെ അഭിഷേകം നിറഞ്ഞ സന്യസ്തരും, പുരോഹിതരും, അത്മായരും രൂപപെടുവാൻ ദൈവമേ അങ്ങ് അനുഗ്രഹിക്കണമേ. ആമേൻ
വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Leave a comment